തെലുങ്ക് താരം രാം ചരണ്‍ തേജയ്ക്ക് കോയമ്പത്തൂരിലെ ഗംഗ ആശുപത്രിയില്‍ വിജയകരമായി ശസ്ത്രക്രിയ നടത്തി. വലത് കൈക്കുഴയിലായിരുന്നു സര്‍ജറി. പെദ്ദി എന്ന സിനിമയിലെ ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടയില്‍ സംഭവിച്ച പരിക്കാണ് പിന്നീട് ഗുരുതരമായത്. ചികിത്സയ്ക്കുശേഷവും ഷൂട്ടിംഗ് തുടര്‍ന്നതോടെ ചെറുവിരലിനും തരുണാസ്ഥിക്കും ലിഗ്മെന്റുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.. ഇതോടെയാണ് ശസ്ത്രക്രിയ അനിവാര്യമായത്. പ്രശസ്ത ഓര്‍ത്തോപീഡിക് സര്‍ജന്‍ ഡോ. എസ്. രാജശേഖരന്‍, അന്താരാഷ്ട്ര ഹാന്‍ഡ് & റിസ്റ്റ് വിദഗ്ധന്‍ ഡോ. അലെഹാന്‍ഡ്രോ ബാഡിയ, ഡോ. പ്രവീണ്‍ ഭരദ്വാജ് എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് ശസ്ത്രക്രിയ നിര്‍വഹിച്ചത്.
നിലവില്‍ രാം ചരണിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും, ഏതാനും ആഴ്ചകളുടെ വിശ്രമത്തിനും ചികിത്സയ്ക്കും ശേഷം അദ്ദേഹം വീണ്ടും സിനിമാ ചിത്രീകരണത്തിലേക്ക് മടങ്ങുമെന്നുമാണ് വിവരം.
















