സ്ത്രീകളെക്കുറിച്ച് അശ്ളീല പരാമര്‍ശം നടത്തി വീഡിയോകള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യൂട്യൂബേഴ്‌സിനെതിരെ ഭാഗ്യലക്ഷ്മി. നല്ല തന്തയ്ക്കും നല്ല തള്ളയ്ക്കും നല്ല കുടുംബത്തില്‍ പിറന്ന് അധ്വാനിച്ച് ജീവിക്കുന്ന സ്ത്രീകള്‍ ഇനിയും പ്രതികരിച്ചു കൊണ്ടേയിരിക്കുമെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.
അപകീര്‍ത്തിപരമായ പരാമര്‍ശം പ്രചരിപ്പിച്ചയാളെ കെയ്യേറ്റം ചെയ്ത സംഭവത്തില്‍ എന്ത് ഭവിഷ്യത്തും നേരിടാന്‍ തയാറെന്നും അവര്‍ വ്യക്തമാക്കി. ശക്തമായ പിന്‍തുണയുമായി കുടുംബം കൂടെയുണ്ട് തനിക്ക് അത് മതി. സ്ത്രീകളെ പുലഭ്യം പറയുന്നത് ഷെയര്‍ ചെയ്യുകയും അതിന്റെ അടിയില്‍ കമന്റിടുകയും ചെയ്യുന്നവരെപോലുള്ളവരാണ് ഇത്രയധികം ബലാത്സംഘങ്ങളുണ്ടാക്കികൊണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ള സോഷ്യല്‍ മീഡിയ ആക്രമങ്ങള്‍ നിര്‍ത്താതിരിക്കുന്നിടത്തോളം പലരും നിയമം കൈയ്യിലെടുക്കേണ്ടിവരുമെന്ന് ഭാഗ്യലക്ഷ്മി പ്രതികരിച്ചു.
എന്നാല്‍, അടിച്ചത് ന്യായീകരണമാണെന്ന് ഞാന്‍ പറയുന്നില്ല. തീര്‍ച്ചയായും നിയമം ആരും കൈയ്യില്‍ എടുക്കരുത്. പക്ഷേ ഇവിടെ നിയമം ഉണ്ടായിട്ടും അതിലേക്ക് ആഴ്ന്ന് ഇറങ്ങി പോകാന്‍ ആരും മെനക്കെടുന്നില്ല. ഒരു നിയമമവും ഇവിടെ പൂര്‍ണ തോതില്‍ എടുത്ത് മാറ്റുകയില്ല. എന്നാല്‍, നിയമത്തിന്റെ ആ സാധ്യത എവിടെയാണ് ഇരിക്കുന്നതെന്ന് സാധാരണക്കാരനായ പരാതിക്കാരന് അറിയില്ല. ഇതാണ് നിങ്ങള്‍ ചെയ്യേണ്ടത് എന്ന് പറയാന്‍ ഇവിടെ നിയമമില്ല. വര്‍ഷങ്ങളോളം കേസ് നീണ്ടു പോകും. ഇതിനിടയ്ക്ക് കേസ് കൊടുത്തയാള്‍ മരണപ്പെട്ടേക്കാം അപ്പോള്‍ കേസ് നിലനില്‍ക്കില്ല. കുറ്റക്കാര്‍ രക്ഷപെടും. ചില ഭാഗത്ത് ആല്‍ കിളിച്ചാല്‍ നല്ലതെന്ന് കരുതുന്ന വാര്‍ഗമാണ് ഇത്തരക്കാരെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.