വെളുത്ത കാറുകൾക്ക് കറുത്ത ടയറുകൾ ഉപയോഗിക്കുന്നിടത്തോളം കാലം I വംശീയത അവസാനിക്കില്ല.
വിവാഹങ്ങൾക്ക് വെളുത്ത വസ്ത്രവും ശവസംസ്കാര ചടങ്ങുകൾക്ക് കറുത്ത വസ്ത്രവും ധരിച്ചാൽ വംശീയത ഒരിക്കലും അവസാനിക്കില്ല.
ബില്ലുകൾ അടയ്ക്കാത്തവരെ വൈറ്റ് ലിസ്റ്റിലുൾപ്പെടുത്താതെ ബ്ലാക്ക് ലിസ്റ്റുൾപ്പെടുത്തുന്നിടത്തോളം കാലം വംശീയത അവസാനിക്കില്ല.
എന്റെ ടോയ്‌ലറ്റ് സീറ്റ് വെളുത്തതാണ്. അതത്ര കാര്യമാക്കുന്നില്ല. ഞാൻ വെളുത്ത ടോയ്‌ലറ്റ് പേപ്പർ ഉപയോഗിക്കുന്നിടത്തോളം എനിക്ക് സുഖമാണ് – ഇതെല്ലാം മുൻ സിംബാബ്‌വെ പ്രസിഡൻ്റ് റോബർട്ട് മുഗാബെയുടെ ഉദ്ധരണികൾ.
വംശീയതക്കെതിരെ മുഗാബെയുടേത് വാക് യുദ്ധം മാത്രമായിരുന്നില്ല. വെള്ളക്കാരനെതിരെയുള്ള പോരാട്ടം പ്രവർത്തിയിലും കൃത്യമായി പ്രതിഫലിപ്പിച്ച രാജ്യാന്തര രാഷ്ട്രീയ താരമായിരുന്നു റോബർട്ട് മുഗാബെ.
ലോകം ഇത:പര്യന്തം കണ്ടിട്ടുള്ളതിൽ വച്ചേറ്റവും പുരോഗമനപരമായ ഭൂപരിഷ്കരണ നിയമത്തിൻ്റെ ഉപജ്ഞാതാവ് ആരെന്നുള്ള ഉത്തരം – മുൻ സിംബാബ്‌വെ പ്രസിഡൻ്റ് റോബർട്ട് മുഗാബെ. ബ്രിട്ടിഷ് കൊളോണിയൽ ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം ലഭിച്ച 1980 മുതൽ 2017 വരെ – 37 വർഷം -സിംബാബ്‌വെയുടെ ഭരണാധികാരിയായിരുന്നു മുഗാബെ.
രണ്ടു പതിറ്റാണ്ട് മുമ്പാണ് സിംബാബ്‌വെയുടെ മണ്ണിൻ്റെ അവകാശികൾ ആരായിരിക്കണമെന്ന് മുഗാബെ തീരുമാനിക്കുന്നത്. എന്നാൽ 37 വർഷഭരണത്തിൽ നിന്ന് മുഗാബെക്ക് അധികാരം വിട്ടൊഴിയേണ്ടിവന്നു. തുടർന്ന് അധികാരത്തിലേറിയ സിംബാബ്‌വെ സർക്കാർ മുഗാബെയുടെ ഭൂപരിഷ്ക്കരണത്തെ ഇല്ലാഴ്മ ചെയ്യുവാനുള്ള നീക്കത്തിന് വഴി തുറന്നുകഴിഞ്ഞു.
കൊളോണിയൽ ഭരണം വിട്ടൊഴിഞ്ഞിട്ടും ‘വെള്ളക്കാരൻ്റെ ഭാരം’ ചുമക്കാൻ വിധിക്കപ്പെട്ടവരായിരുന്നു സിംബാബ്‌വെയുടെ തനത് കറുത്ത ജനത. സിംബാബ്‌വെയുടെ ഭൂമി സിംബാബ്‌വെയുടെ സ്വന്തം കറുത്ത ജനതക്ക് അവകാശപ്പെട്ടതാണൈന്ന പ്രഖ്യാപനമാണ് മുഗാബെ നടത്തിയത്. ‘വെള്ളക്കാരൻ്റെ ഭാരം’ ഇനി ചുമക്കേണ്ടതില്ലെന്ന ഐതിഹാസിക തീരുമാനം.
സിംബാബ് വെയുടെ ഭൂമിയുടെ ഉടമസ്ഥാവകാശം വെള്ളക്കാരിൽ നിഷ്പിതമായിരുന്നു. ബ്രിട്ടിഷ് കൊളോണിയൽ ഭരണമാണ് സിംബാബ്‌വെയുടെ ഭൂമി പാടെ അപഹരിച്ചത്. സിംബാബ്‌വെൻ ജനതയുടെ ഭൂസ്വത്ത് കവർന്നെടുക്കുന്നതിലായിരുന്നു കോളനി ഭരണത്തിൻ്റെ മുഖ്യ ഊന്നൽ. സ്വന്തം കൃഷിയിടങ്ങളിൽ നിന്ന് ബലപ്രയോഗത്തിലൂടെ ആട്ടിയിറക്കപ്പെട്ടവരാണ് സിംബാബ്‌വെൻ ജനത. വെള്ളക്കാരായ ഭൂജന്മിമാരുടെ കൃഷിഭൂമിയിലെ അടിമകൾക്ക് സമാനാമായ കൂലിക്കാരായി സ്വന്തം മണ്ണിൽ നിന്ന് ആട്ടിയിറക്കപ്പെട്ട സിംബാബ്‌വെൻ ജനത.
രണ്ടു പതിറ്റാണ്ടുകൾക്ക് മുമ്പാണ് അന്നത്തെ സിംബാബ്‌വെ പ്രസിഡന്റ് റോബർട്ട് മുഗാബെ 4000ത്തിലധികം വെള്ളക്കാരായ കർഷകരിൽ നിന്ന് തൻ്റെ ജനതയുടെ ജന്മാവകാശമായ ഭൂമി പിടിച്ചെടുത്തത്. ശേഷമത് സിംബാബ്‌വെൻ ജനതയ്ക്ക് പുനർ വിതരണം ചെയ്തു. വെള്ളക്കാരൻ അപഹരിച്ച ഭൂമി കറുത്തവരുടെ കയ്യിലെത്തിച്ചേർന്നത് ഭൂസ്വത്തിന്മേലുള്ള സിംബാബ്‌വെൻ ജനതയുടെ സ്വാതന്ത്ര്യ പ്രഖ്യാപനമായിരുന്നു. വംശീയതക്കെതിരെ നിശ്ചയദാർഢ്യത്തിൻ്റെ പ്രതീകമായിരുന്ന മുഗാബെെയുടെ കടന്നാക്രമണവും.
കൊളോണിയൽ ഭരണക്കാരും അതിൻ്റെ ഗുണഭോക്താക്കളും തദ്ദേശീയരും തമ്മിൽ ഭൂഉടമസ്ഥാവകാശ അസന്തുലിതാവസ്ഥക്ക് അതിരുകളില്ലായിരുന്നു. ഈയൊരവസ്ഥക്ക് പരിഹാരമായാണ് വെള്ളക്കാരിൽ നിന്ന് തങ്ങളുടെ മണ്ണ് തിരിച്ചുപിടിക്കുകയെന്ന ഐതിഹാസിക തീരുമാനം പ്രസിഡൻ്റ് മുഗാബെ കൈകൊള്ളു ന്നത്.
മുഗാബെയുടെ ഈ തീരുമാനം പക്ഷേ കൊളോണിയൽ വെള്ളക്കാരുടെ ഉറക്കംകെടുത്തി. മുഗാബയെ ഏകാധിപതിയെന്ന മുദ്രകുത്തി. തങ്ങൾക്ക് അനഭിമതരായ ദേശ രാഷട്ര ഭരണാധികാരികളെ ജനാധിപത്യത്തിൻ്റെ പേര് പറഞ്ഞ് ഏകാധിപതിയെന്ന മുദ്രയടിക്കുന്ന വെള്ളക്കാരൻ്റെ സ്ഥിരം ഭരണക്കൂട തന്ത്രം മുഗാബെക്കെതിരെയും കൃത്യമായി പ്രയോഗിക്കപ്പെട്ടു. മുഗാബെ പക്ഷേ വെള്ളക്കാരൻ്റെ തന്ത്രങ്ങൾക്കെതിരെ ശക്തി സംഭരിയ്ക്കാൻ ശേഷിയുള്ള ഭരണാധികാരിയെന്നത് തെളിയിച്ചു കൊണ്ടേയിരുന്നു.
ജനതക്കവകാശപ്പെട്ട ഭൂമി വെള്ളക്കാരൻ്റെ കയ്യിൽ നിന്ന് തിരിച്ചുപിടിച്ചത് രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥ തകരുന്നതിന് കാരണമായെന്ന പ്രചരണങ്ങൾ പെരുപ്പിക്കപ്പെട്ടു. ഈ പ്രചരണങ്ങൾ മുഗാബെ ഭരണത്തിന് തലവേദന സൃഷ്ടിക്കാൻ പോന്നവയായി. സ്വന്തം ജനതയെ മുഗാബെക്കെതിരെ തിരിച്ചുവിടുവാനുള്ള തന്ത്രമായിട്ടാണ് ഭൂപരിഷ്ക്കരണ ത്തെ സമ്പദ് വ്യവസ്ഥയുടെ തകർച്ചയെന്ന പേരിൽ പെരുപ്പിക്കപ്പെട്ടത്.
2017ൽ അധികാരം പിടിച്ചെടുത്ത എമ്മേഴ്സൺ മംഗംഗഗ്വയാണ് മുഗാബെയുടെ ഭൂപരിഷ്കരണത്തിന് ശേഷക്രിയക്ക് തുടക്കമിട്ടിരിക്കുന്നത്. രണ്ട് പതിറ്റാണ്ട് മുമ്പ് വെള്ളക്കാരിൽ നിന്ന് മുഗാബെ സർക്കാർ പിടിച്ചെടുത്ത ഭൂമി വെള്ളകാർക്ക് തന്നെ തിരിച്ചു കൊടുക്കുവാനും നഷ്ടപരിഹാരം നൽകുവാനുമുള്ള തീരുമാനത്തിലാണ് എമ്മേഴ്സൺ മംഗംഗഗ്വ സർക്കാർ. അന്താരാഷ്ട്ര നിക്ഷേപ ഉടമ്പടിയുടെ ആനുകൂല്യങ്ങളുടെ പിൻബലത്തിലാണ് തീരുമാനം.
കുടിയൊഴിപ്പിക്കപ്പെട്ട എല്ലാ വെള്ളക്കാരായ കർഷകർക്കും തീരുമാനം ബാധകമല്ല. പ്രത്യേക സംരക്ഷണം ലഭിക്കുന്ന 37 ഓളം വിദേശ കർഷകർക്ക് മാത്രമാണ് ബാധകം. വിവര മന്ത്രാലയ സെക്രട്ടറിയും സർക്കാർ വക്താവുമായ നിക്ക് മങ്‌വാനയുടെ വിശദീകരണമാണിത്.
വിദേശ വെള്ളക്കാരായ കർഷകർക്ക് ഭൂമി തിരികെ ലഭിക്കാൻ അപേക്ഷിക്കാം. അല്ലെങ്കിൽ മറ്റൊരു ഭൂമി നൽകാം. നഷ്ടപരിഹാരമായി 3.5 ബില്യൺ ഡോളർ. ഇത്തരം വ്യവസ്ഥകളോടെ ജൂലായിൽ രൂപംകൊണ്ട കരാറാണ് മുഗാബെയുടെ ഭൂപരിഷ്കരണത്തെ കൊലക്ക് കൊടുക്കുന്നത്.
ഭൂപരിഷ്കരണം കാര്യമായ തിരുത്തലുകളുണ്ടാകില്ല. നഷ്ടപരിഹാരം നൽകുന്നത് പാശ്ചാത്യ രാജ്യങ്ങളുമായുള്ള ബന്ധം പ്രധാനമായതിനാലാണ് – ഇത് പ്രസിഡന്റ് എമ്മേഴ്സൺ മംഗംഗഗ്വ തൻ്റെ പുതിയ നീക്കത്തിന് നൽകുന്ന ന്യായികരണം. ഈ ന്യായീകരണം പക്ഷേ മുഗാബെയുടെ ഭൂപരിഷ്കരണത്തെ പരിക്കുകളേതുമില്ലാതെ പരിരക്ഷിച്ചു നിലനിറുത്താൻ പോന്നവയല്ലെന്ന് വ്യക്തം.
മുഗാബെയുടെ ഭൂപരിഷ്കരണം പക്ഷപാതപരമായ പ്രക്രിയയാണെന്ന വിമർശനമുയർത്തുന്നവരുണ്ട്. പക്ഷേ ഭൂരഹിതരായ കറുത്ത ജനതയെ ശാക്തീകരിച്ചുവെന്നതിന് മുന്നിൽ വിമർശനങ്ങൾ ഇത്രയും കാലം വേണ്ടത്ര ഏശാതെ പോയിയെന്നത് ശ്രദ്ധേയമായി. പടിഞ്ഞാറൻ ശക്തികൾ മുഗാബെക്കെതിരെ അടവുകളെല്ലാം പയറ്റി. പക്ഷേ മുഗാബെ വഴങ്ങിയില്ല. ഭൂപരിഷ്കരണം പിൻവലിക്കുകയോ അതിൽ വെള്ളം ചേർക്കുകകയോ ചെയ്യില്ലെന്നു കട്ടായം പറഞ്ഞിരുന്നു മുഗാബെ.
കാലം പക്ഷേ മാറി. വംശീയതക്കെതിരെ അടയാളം തീർത്ത മുഗാബെയുടെ ഭൂപരിഷ്കരണത്തിന് ചരമഗീതം രചിക്കുകയാണ് സമകാലിക സിംബാബ്‌വെ. ഇത് പക്ഷേ സിംബാബ്‌വെയുടെ ചരിത്രത്തിലേക്കുള്ള പിന്മടക്കമല്ലാതെ മറ്റൊന്നുമല്ല.
അവലംബം: അൽ – ജസീറ