ഓണ്‍ലൈന്‍ ചൂതാട്ടമെന്ന സാമൂഹിക തിന്മയുടെ സുപ്രധാന കേന്ദ്രമാണ് ഇന്ത്യ. ഇക്കാര്യം രാജ്യത്തെ ഏറ്റവും വലിയ സാമ്പത്തിക കുറ്റാന്വേഷണ ഏജൻസി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) തന്നെ ഇതിനകം സമ്മതിച്ചിട്ടുണ്ട്. ഓൺലൈൻ ചൂതാട്ടം – വാതുവെയ്പ്. ഇതിലൂടെ രാജ്യത്തെ ജനങ്ങളുടെ കോടികൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. കള്ളപണം വെളുപ്പിക്കൽ നിരോധിത നിയമത്തിൻ്റെ പിൻബലത്തില്‍ ഇഡിയും അന്വേഷണം മുറുക്കുന്നുണ്ട്.
ഈ ദിശയിൽ ഇഡി ചൈനീസ് ആപ്ലിക്കേഷൻ സ്ഥാപനങ്ങളുടെ 46.96 കോടി രൂപയുള്ള നാല് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. ഇന്ത്യയിൽ ഓൺലൈൻ വാതുവെയ്പ് പ്രവർത്തനങ്ങൾ നടത്തിയെന്നാരോപിച്ചാണിത്. അല്ലെങ്കിൽ തന്നെ ലഡാക്ക് പ്രതിസന്ധി ഇന്ത്യയിലെ ചൈനീസ് മൊബൈൽ ആപ്ലിക്കേഷൻ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇതോടൊപ്പമാണ് കള്ളപണം വെളുപ്പിക്കലെന്ന ഗുരുതര സാമ്പത്തിക കുറ്റത്തിൽ ചൈനീസ് ഓൺലൈൺ ചൂതാട്ട സ്ഥാപനങ്ങൾ കുടുങ്ങിയിരിക്കുന്നുവെന്നത് ശ്രദ്ധേയം!
ചൂതാട്ട /വാതുവെയ്പിൽ 1000 കോടി രൂപയിലധികം കള്ളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഈ കേസുമായി ബന്ധപ്പെട്ട് ആഗസ്ത് 28 ന് ചൈനീസ് ചൂതാട്ട സ്ഥാപനങ്ങളിൽ ഇഡി റെയ്ഡുകൾ നടത്തി. ഡല്‍ഹി, ഗുരുഗ്രാം, മുംബൈ, പൂനെ തുടങ്ങിയ 15 ഇടങ്ങളിലായിരുന്നു റെയ്ഡെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് (2020 ആഗസ്ത് 30).
ഡോക്കിപേ ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ്, ലിങ്ക്യുൻ ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ് എന്നീ രണ്ട് കമ്പനികൾക്കെതിരെ ഹൈദരാബാദ് പൊലീസ് എഫ്‌ഐആർ രജിസ്ട്രർ ചെയ്തിരുന്നു. ചൈനീസ് പൗരനായ യാൻ ഹാവോയെ ഹൈദരാബാദ് പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. കള്ളപ്പണ നിരോധിത നിയമപ്രകാരം ഈ മാസം ആദ്യം ഇന്ത്യക്കാരായ ധീരജ് സർക്കാർ, അങ്കിത് കപൂർ എന്നിവരും അറസ്റ്റിലായിട്ടുണ്ട്.
ബീജിംഗ് ടുമാറോ പവർ കമ്പനി എന്ന കമ്പനിയുടെ മാനേജർ യാൻ ഹാവോയാണ് ഓൺലൈൻ ചൂതാട്ട /വാതുവെപ്പ് കുംഭകോണത്തിൻ്റെ മുഖ്യകണ്ണിയെന്നാണ് ഇഡിയുടെ നിഗമനം. ചില ഇന്ത്യൻ ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ സഹായത്തോടെ ചൈനീസ് പൗരന്മാർ ഒന്നിലധികം ഇന്ത്യൻ കമ്പനികൾ രൂപീകരിച്ചു. ഇതിനായി തുടക്കത്തിൽ ഡമ്മി ഇന്ത്യൻ ഡയറക്ടർമാരെ ഉപയോഗിച്ചായിരുന്നു കമ്പനികളുടെ രൂപീകരണം. പിന്നീട് ചൈനീസ് പൗരന്മാർ ഇന്ത്യയിലെത്തി ഈ കമ്പനികളിൽ ഡമ്മി ഡയറക്ടർമാരെ ഒഴിവാക്കി നേരിട്ട് ഡയറക്ടർ സ്ഥാനം ഏറ്റെടുക്കുകയായിരുന്നു.
ചൈനീസ് ഡയറക്ടർമാർ തങ്ങളുടേതായി മാറ്റിയെടുത്ത സ്ഥാപനങ്ങളിൽ ഇന്ത്യക്കാരെ നിയമിച്ചു. അവർ മുഖേന എച്ച്എസ്ബിസി ബാങ്കിലും പേടിഎം, ക്യാഷ്ഫ്രീ, റേസർപേ തുടങ്ങിയ ഓൺലൈൻ വാലറ്റുകളിലും വ്യാപാര അക്കൗണ്ടുകളും തുറന്നു. ഈ ചൈനീസ് കമ്പനി ഡയറക്ടർമാർ തീർത്തും ആസൂത്രിതമായാണ് ഇതെല്ലാം ചെയ്തത്.
ബാങ്ക് അക്കൗണ്ടുകൾ തുറന്നുകഴിഞ്ഞാൽ ഇന്ത്യൻ ജീവനക്കാരുടെ ഇൻറർനെറ്റ് ആക്സസ് ക്രെഡൻഷ്യലുകൾ ( ഇ-മെയിൽ യൂസർ ഐഡി /പാസ് വേർഡ്) ഉപയോഗിച്ച് പണം ചൈനയിലേക്ക് അയ്ക്കുന്നു.
ചൈനീസ് ഉടമകളിൽ നിന്നുള്ള പേയ്‌മെന്റ് നിർദ്ദേശങ്ങൾക്ക് വിധേയമായിട്ടാണ് പണമയ്ക്കുന്നത്. ഇതാണ് ചൈനീസ് പൗരന്മാരുൾപ്പെട്ട കള്ളപണ കൈമാറ്റ രീതിയെന്ന് ഇഡി വിശദീകരിക്കുന്നു. കുറ്റാരോപിതരായ ചൈനീസ് കമ്പനികൾ യുഎസിലെ ക്ലൗഡ്‌ഫെയർ സെർവറിലാണ് അവരുടെ ഓൺലൈൻ ചൂതാട്ട വെബ്സൈറ്റുകൾ ഹോസ്റ്റ് ചെയ്‌തിട്ടുള്ളത്. ഇത്തരത്തിൽ വിദേശ സെർവ്വറുകളിൽ ഹോസ്റ്റ് ചെയ്തിട്ടുള്ള നിരവധി വെബ്‌സൈറ്റുകൾ കണ്ടെത്തിയിട്ടുണ്ട്.
എളുപ്പത്തിൽ പറ്റിക്കാൻ കഴിയുന്നവരെയാണ് ഈ സൈറ്റുകൾ ആദ്യം ചൂതാട്ടത്തിലേക്ക് ആകർഷിക്കുന്നത്. കൂടാതെ പുതിയ ഉപഭോക്താക്കളെയും അംഗങ്ങളെയും ആകർഷിക്കുന്നതിനായി ഏജന്റുമാരുടെ ശൃംഖലക്കും രൂപം നൽകിയിട്ടുണ്ട്. ഈ ഏജന്റുമാർ ടെലിഗ്രാം, വാട്ട്‌സ്പ്പ് അധിഷ്ഠിത സ്വകാര്യ ഗ്രൂപ്പുകൾ സൃഷ്ടിച്ച് ലക്ഷങ്ങളെ സൈറ്റുകളിലേക്ക് ആകർഷിക്കുന്നു. റഫറൽ കോഡുകൾ ഉപയോഗിച്ചാണ് പുതിയ അംഗങ്ങളെ സ്വകാര്യമായി ക്ഷണിക്കുന്നത്. ഇതുപ്രകാരം കമ്മീഷൻ നേടാൻ സ്പോൺസർ അംഗങ്ങളെ സഹായിക്കുന്നുവെന്ന് ഇഡി വിവരിക്കുന്നു.
ഏജൻ്റുമാർ പണം ശേഖരിക്കുന്നതിനും കമ്മീഷൻ നൽകുന്നതിനും പേടിഎമ്മും ക്യാഷ്ഫ്രിയും ഉപയോഗിക്കുന്നു. ഇ-കൊമേഴ്‌സിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ ചൂതാട്ടം പ്രോത്സാഹിപ്പിക്കുന്നതിനായി നൂറുകണക്കിന് വെബ്ബ്സൈറ്റുകൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന് ഇഡി കണ്ടെത്തിയിട്ടുണ്ട്.
വാതുവെയ്പിലൂടെ ഡോക്കിപേയുടെ രണ്ട് ബാങ്ക് അക്കൗണ്ടുകളിൽ 1268 കോടി രൂപയെത്തി. അതിൽ 300 കോടി രൂപ പേടിഎമ്മിലൂടെയും 600 കോടി രൂപ പേടിഎം ഗേറ്റ്‌വേയിലൂടെയുമാണ് ഇടപാടുകൾ നടന്നിട്ടുള്ളത്. ലിങ്ക്യുൻ ടെക്നോളജിയുടെ അക്കൗണ്ട് പരിശോധനയിലും സമാനമായ സാമ്പത്തിക ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ഇന്ത്യക്കാർക്കായുള്ള ചൈനീസ് ഡേറ്റിംഗ് ആപ്ലിക്കേഷൻ സ്ഥാപനങ്ങളുടെ അക്കൗണ്ടുകളിലും വിശദീകരിക്കപ്പെടാതെ പോയിട്ടുള്ള സാമ്പത്തിക ഇടപാടുകൾ കണ്ടെത്തിയതായും ഇഡി പറയുന്നു. ഓൺലൈൻ ചൂതാട്ട സ്ഥാപനങ്ങളുൾപ്പെടെ ഓൺലൈൻ വാലറ്റുകളെ ഹവാല ഇടപാടുകൾക്കായ് ഉപയോഗിക്കുന്നുവെന്ന സംശയമുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ ഓൺലൈൻ വാലറ്റ് കമ്പനികൾ, എച്ച്എസ്ബിസി ബാങ്ക്, കമ്പനി രജിസ്ട്രാർ ഓഫീസ് മുതലായവയിൽ നിന്ന് വിവരങ്ങൾ തേടാനുള്ളശ്രമത്തിലാണ് ഇഡി.
തങ്ങളുടെ അന്വേഷണ വലയത്തിലകപ്പെട്ട ചൈനീസ്ഓൺലൈൻ ചൂതാട്ട സ്ഥാപനങ്ങൾ ഇന്ത്യ മുഴുവൻ അവരുടെ ഈ ബിസിനസ് വ്യാപിപ്പിച്ചിരിക്കുന്നുവെന്നാണ് രാജ്യത്തെ സാമ്പത്തിക കുറ്റാന്വേഷണ ഏജൻസി ഇഡി സങ്കോചമേതുമില്ലാതെ പറയുന്നത്. രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥയെ തുരങ്കംവയ്ക്കുന്ന കള്ളപ്പണം വെളുപ്പിക്കുന്ന ഗുരുതരമായ കുറ്റകൃത്യമാണ് ചൈനീസ്ഓൺലൈൻ ചൂതാട്ട സ്ഥാപനങ്ങൾക്കെതിരെ ഇഡി ചാർത്തിയിട്ടുള്ളത്. ഇന്ത്യക്കാരെ ലക്ഷ്യംവച്ചുള്ള ചൈനീസ് ഡേറ്റിംഗ് ആപ്ലിക്കേഷൻ സ്ഥാപനങ്ങളടക്കം കള്ളപ്പണം വെളുപ്പിക്കൽ നിരോധിത നിയമത്തിൻ്റെ സ്കാനറിലാണെന്നതും ഇവിടെ ചേർത്തുവായിക്കണം.
ഇവിടെ ഒരു കാര്യം വ്യക്തം. ലഡാക്ക് പ്രതിസന്ധി ഉടലെടുത്തിൻ്റെ പശ്ചാത്തലത്തിൽ ചെറുതും വലുതുമായ 50 ഓളം ചൈനീസ് ആപ്ലിക്കേഷനുകൾ നിരോധിക്കപ്പെട്ടു. ഇല്ലായിരുന്നുവെങ്കില്‍ നിരോധിക്കപ്പെട്ട ഈ ആപ്ലിക്കേഷൻ സ്ഥാപനങ്ങളും കള്ളപ്പണം വെളുപ്പിക്കൽ/ഹവാല കണ്ണികളായി ഇന്ത്യയിൽ തുടർന്നും വിലസിയേനെയെന്ന് വ്യക്തം.