മുൻ സോവിയറ്റ് റിപ്പിബ്ലിക്ക് ബലാറസ് സർക്കാർ വിരുദ്ധ പോരാട്ടത്തിൻ്റെ ഭൂമിക. കഴിഞ്ഞ ഒരാഴ്ചയായി ബലാറസ് തെരുവിഥികളിൽ പോരാളികളുടെ മുറവിളികളാണ് ഉയരുന്നത്. കഴിഞ്ഞ കാൽനൂറ്റാണ്ടിലധികമായി ബലാറസ് അധിപതി പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോയെക്കെതിരെയാണ് ജനങ്ങൾ തെരുവിലിറങ്ങിയിരിക്കുന്നത്. ലുകാഷെങ്കോ പ്രസിഡൻ്റു പദവിയൊഴിയുകയെന്നതാണ് തെരുവിലിറങ്ങിയ ജനങ്ങളുടെ ആത്യന്തികമായ ആവശ്യം. ബലാറസ് തലസ്ഥാനം മിൻസ്ക്ക് ‘സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പദയാത്ര’ ക്ക് സാക്ഷിയാണ്.
പതിനായിരക്കണക്കിന് സർക്കാർ വിരുദ്ധ പ്രക്ഷോഭകരാണ് ആഗസ്ത് എട്ടിന് ബലാറസ് തലസ്ഥാന തെരുവിലിറങ്ങിയത്. പ്രതിഷേധക്കാരിലൊരാൾ കൊല്ലപ്പെട്ട സ്ഥലത്ത് പുഷ്പങ്ങളർപ്പിച്ചു. “പതാകകൾ അഴിച്ച് പോകൂ, ലുകാഷെങ്കോ ഒരു കൊലപാതകി” – ഇതാണ് ബലാറസ് തെരുവുകളിൽ പ്രതിദ്ധ്വനിക്കുന്നത്.
പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ 80 ശതമാനം വോട്ട് നേടി ലുകാഷെങ്കോക്ക് അധികാരതുടർച്ച. എന്നാൽ ആഗസ്ത് ഒമ്പതിലെ തിരഞ്ഞെടുപ്പിൽ ലുകാഷെങ്കോ വ്യാപക ക്രമക്കേട് നടത്തിയെന്ന് ആരോപണം. ഇതാണ് ബലാറസിൻ്റെ തെരുവുകളിൽ പ്രതിഷേധത്തിൻ്റെ ഇടിമുഴക്കങ്ങൾക്ക് പെട്ടെന്നുള്ള കാരണമായിതീർന്നത്. സ്വതന്ത്രവും നീതിയുക്തവുമായി തെരഞ്ഞെടുപ്പ് വീണ്ടും നടത്തുക. ബാഹ്യ ഏജൻസി മേൽനോട്ടത്തിലായിരിക്കണം വീണ്ടുമുള്ള തെരഞ്ഞെടുപ്പ്. പ്രതിഷേധക്കാരുടെ ആവശ്യങ്ങളിൽ പ്രസിഡൻ്റ് ലുകാഷെങ്കോയെ ഇനിയും തങ്ങൾക്ക് വേണ്ടെന്ന കാർക്കശ്യമാണ് ഉയരുന്നത്.
ആഗസ്ത് 11 ന് അയൽരാജ്യമായ ലിത്വാനിയയിലേക്ക് പലായനം ചെയ്ത പ്രതിപക്ഷ പ്രസിഡന്റ് സ്ഥാനാർത്ഥി സ്വിയറ്റ്‌ലാന സിഖാന സ്ഖ്യോ പ്രതിഷേധങ്ങൾ ശക്തിപ്പെടുത്തുവാനും തെരഞ്ഞെടുപ്പ് പുനരവലോകനത്തിനും ആഹ്വാനം ചെയ്തു. അധികാരം പ്രസിഡൻ്റ് ലുകാഷെങ്കോയിൽ നിന്ന് അധികാരമേറ്റെടുക്കുന്നതിനായി ഒരു ദേശീയ കൗൺസിൽ രൂപീകരിക്കുകയാണെന്നും പ്രതിപക്ഷ പ്രസിഡന്റ് സ്ഥാനാർത്ഥി അറിയിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
തന്നെ അധികാര ഭൃഷ്ടനാക്കാനുള്ള ശ്രമങ്ങൾക്ക് പിന്നിൽ നാറ്റോയാണ്. യുറോപ്യൻ യൂണിയനാണ്. വീണ്ടും തെരഞ്ഞെടുപ്പെന്നത് ബലാറസ് ‘കൊല്ല’പ്പെടുന്നതിന് തുല്യമാകും- അനുയായികളെ അഭിസംബോധന ചെയ്ത് ലുകാഷെങ്കോ പറഞ്ഞു.തനിക്കെതിരെയുള്ള യുറോപ്യൻ യൂണിയൻ / നാറ്റോ ഗൂഢാലോചനയെന്ന തുറുപ്പുചീട്ടിൻ്റെ പിൻബലത്തിൽ റഷ്യൻ പ്രസിഡൻ്റ് പുടിൻ്റെ പിന്തുണയാർജ്ജിക്കുന്നതിനുള്ള കരുക്കൾ നീക്കികഴിഞ്ഞു 65ക്കാരനായ പ്രസിഡൻ്റ് ലുകാഷെങ്കോ. തെരഞ്ഞെടുപ്പിന് മുമ്പ് റഷ്യയുമായി സ്വരചേർച്ചയിലായിരുന്നില്ല ലുകാഷെങ്കോ. ഇപ്പോൾ പക്ഷേ പുടിൻ്റെ സഹായം കൂടിയേ തീരൂവെന്ന ഗുരുതരമായ അവസ്ഥയിലാണ്. പുടിനാകട്ടെ എന്തായാലും ലുകാഷെങ്കോയെ കയ്യൊഴിയേണ്ടതില്ലെന്ന തീരുമാനത്തിലുമാണ്. പുടിൻ്റെ പിന്തുണ തരപ്പെടുത്തിയതിലൂടെ വിമത ശബ്ദങ്ങളെ നിശ്ശബ്ദമാക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ലുകാഷെങ്കോ.
നാറ്റോയ്ക്കും യൂറോപ്യൻ യൂണിയനുമെതിരായ തന്ത്രപരമായ മേഖലയായിട്ടാണ് റഷ്യ ബലാറസിനെ കാണുന്നത്. ഇത് നിലനിറുത്തേണ്ടത് റഷ്യക്ക് പരമപ്രധാനം. ഇതിന് ലുകാഷെങ്കോയുടെ തുടർ വാഴ്ച്ച റഷ്യക്ക് ആവശ്യം. ഇതുകൊണ്ടാണ് ലുകാഷെങ്കോയുടെ സഹായ അഭ്യർത്ഥനയെ രണ്ടാമതൊരു ആലോചനയില്ലാതെ തന്നെ പുടിൻ മാനിയ്ക്കാൻ തയ്യാറായത്.
2003 ൽ ജോർജിയയുടെ റോസ് വിപ്ലവം. ഉക്രെയ്നിൽ 2003-04 ൽ ഓറഞ്ച് വിപ്ലവം. 2014ൽ മൈതാൻ പ്രതിഷേധം. ഈ മുൻ സോവിയറ്റ് റിപ്പബ്ലിക്കുകൾ റഷ്യൻ ബാന്ധവത്തിനെതിരെ കലാപ കൊടിയുത്തിയതിൻ്റെ ക്ഷീണം പുടിന് ഇനിയും മാറിയിട്ടില്ല. തങ്ങൾക്കെതിരെ തിരിഞ്ഞ ഈ മുൻ സോവിയറ്റ് റിപ്പബ്ലിക്കുകൾക്ക് കൂട്ടാളിയായി യുറോപ്യൻ യൂണിയൻ മാറിയെന്നത് റഷ്യൻ ഭരണ കുടത്തിന് വൻ തലവേദനയാണ്. അതിനാൽ വിമതരെ പിന്തുണച്ച് ബലാറസിനെ വരുതിയിലാക്കുവാനുള്ള യുറോപ്യൻ യൂണിയൻ്റെ നീക്കത്തിന് തടയിടേണ്ടത് റഷ്യൻ ഭരണകൂടത്തിന് ആവശ്യമാണ്. ഇതാണ് ജനകീയ എതിർപ്പ് നേരിടുന്ന ലുകാഷെങ്കോയുടെ രക്ഷക്കെത്താൻ റഷ്യൻ ഭരണകൂടത്തെ മുഖ്യമായും പ്രേരിപ്പിക്കുന്നത്. മുൻ സോവിയറ്റ് റിപ്പബ്ലിക്കുകളിൽ യുറോപ്യൻ യൂണിയൻ കടന്നുകയറ്റം തടയിടേണ്ടത് റഷ്യൻ ഭരണകൂടത്തിന് അനിവാര്യമെന്ന് ചുരുക്കം.
ബലാറസിനെ ബാഹ്യ സൈനിക ഇടപ്പെടലുകളിൽ നിന്ന് രക്ഷിക്കുമെന്ന ഉറപ്പ് റഷ്യ നൽകിയിട്ടുണ്ടെന്ന് പ്രസിഡൻ്റ് ലുകാഷെങ്കോയുടെ പ്രസ്താവനയെ ഉദ്ധരിച്ച് ബലാറസ് ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇത്തരമൊരു ഉറപ്പിനെക്കുറിച്ച് റഷ്യൻ പ്രതികരണമില്ലെങ്കിലും രാജ്യത്തെ പ്രതിസന്ധിക്ക് ഉടൻ അറുതിയുണ്ടാകുമെന്ന് പുടിൻ ഭരണകൂടം ആത്മവിശ്വാസം പ്രകടിപ്പിച്ചുവെന്നത് ശ്രദ്ധേയമായി. ഈയവസരത്തിൽ ബലാറസ് റഷ്യയുടെ യൂണിയൻ സ്റ്റോറ്റാണെന്ന് ലുകാഷെങ്കോയ യെ വീണ്ടും ഓർമ്മപ്പെടുത്തുന്നതിൽ പുടിൻ ഭരണകൂടം പ്രത്യേക ഊന്നൽ നൽകുന്നുണ്ടുതാനും.
1999ൽ റഷ്യയും ബലാറസും തമ്മിലുള്ള ഉടമ്പടിയാണ് ബലാറസിനെ റഷ്യയുടെ യൂണിയൻ സ്റ്റേറ്റാക്കിയത്. എന്നാൽ പ്രയോഗപഥത്തിൽ ഉടമ്പടിയെ അതേപ്പടി അംഗീകരിക്കുന്നതിൽ വിസമ്മതനാണ് ലുകാഷെങ്കോ. ബലാറസിൻ്റ പരമാധികാരത്തിൽ ഇടപ്പെടാൻ റഷ്യയെ ഈ ഉടമ്പടി പ്രാപ്തമാക്കുന്നുവെന്നതാണ്
ലുകാഷെങ്കോയുടെ വിസമ്മതത്തിന് നിദാനം. ഇതു സംബന്ധിച്ച നീരസങ്ങൾ പുകയുന്നതിനിടെയാണ് ഇടിതീയായി ലുകാഷെങ്കോ ക്കെതിരെ യുറോപ്യൻ യൂണിയർ പിന്തുണയോടെയുള്ള ജനമുന്നേറ്റം. ഈ സാഹചര്യത്തിലാണ് പരമ്പരാഗത ബാന്ധവത്തിലുള്ള റഷ്യയുമായുള്ള നീരസങ്ങൾ മാറ്റിവച്ച് തൻ്റെ അധികാര കസേര തുടർന്നും ഉറപ്പിക്കുന്നതിനായി പുടിനുമായി സന്ധിയിലെത്തുകയെന്ന തന്ത്രം ലുകാഷെങ്കോ ആവിഷ്ക്കരിച്ചത്.
പ്രസിഡൻ്റ് ലുകാഷെങ്കോ പ്രക്ഷോഭകരെ അടിച്ചമർത്തുന്നുവെന്നതിൻ്റെ പേരിൽ യൂറോപ്യൻ യൂണിയൻ ബലാറസിനെതിരെ പുതിയ ഉപരോധം ഏർപ്പെടുത്താൻ ഒരുങ്ങുകയാണ്. വേണ്ടിവന്നാൽ സൈനീക ഇടപ്പെടലിനുള്ള തയ്യാറെടുപ്പിലുമാണ് യുറോപ്യൻ യൂണിയൻ്റെ നാറ്റോ സഖ്യസേന.
വാഷിംഗ്ടൺ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് – യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു. മുൻ സോവിയറ്റ് റിപ്പബ്ലിക്കുകൾ എസ്റ്റോണിയ, ലാറ്റ്വിയ, ലിത്വാനിയ എന്നീ രാഷ്ട്രങ്ങൾ സ്വതന്ത്രവും നീതിയുക്തവുമായി വീണ്ടും തെ ഞ്ഞെടുപ്പ് നടത്താൻ ബലാറസിനോട് ആവശ്യപ്പെട്ടു.
ബലാറസിലെ സ്ഥിതി പരിഹരിക്കാൻ വിദേശ സർക്കാരുകളോ മധ്യസ്ഥരോ ആവശ്യമില്ലെന്നാണ് ലുകാഷെങ്കോയുടെ നിലപാട്. “ഞങ്ങൾ രാജ്യം ആർക്കും വിട്ടുകൊടുക്കില്ല,” അദ്ദേഹം പറഞ്ഞു. അതെ ബലാറസ് തെരുവുകൾ ശാന്തമാകുന്നില്ല. അശാന്തി തുടരുകയാണ്.