കഴിഞ്ഞ വർഷം മേപ്പാടി പുത്തുമല. ഇപ്പോൾ മുന്നാർ രാജമല. കേരളത്തിലെ തോട്ടം തൊഴിലാളികൾ ദുർബ്ബലരിൽ ദുർബ്ബലർ. തോട്ടം മുതലാളിമാർക്ക് വേണ്ടി പണിയെടുക്കുന്ന ‘യന്ത്ര’ങ്ങൾ. പാടികളിൽ / ലയങ്ങളിൽ ജീവിതം ഹോമിക്കപ്പെട്ടവർ.
പച്ചപ്പിൻ്റെ മേൽപരപ്പിലാണ് തോട്ടം തൊഴിലാളികളുടെ പാർപ്പിട സങ്കേതങ്ങൾ. ഇവരുടെ ജീവിതത്തിന് പക്ഷേ പച്ചപ്പില്ല. ഇവർ അതിദുർബ്ബലർ. ഇവരുടെ ആവാസവ്യവസ്ഥയും ദുർബ്ബലം. ലോലം. കാലവർഷം ഇവരുടെ ഉറ്റവരും ഉടയയവരുടെ ജീവനുകൾ കവർന്നെടുക്കുന്നത് തുടരുകയാണ്. മേപ്പാടി മലയാളം പുത്തുമല. മൂന്നാർ കണ്ണൻ ദേവൻ രാജമല. ബാക്കി നെല്ലിയാമ്പതിയുണ്ട് – കാണാതെപോകരുത്.
നകര തുല്യമായ ലയങ്ങളിൽ ജീവിതം കഴിച്ചുകൂടുന്ന തോട്ടം തൊഴിലാളികളുടെ ദുർബ്ബലാവസ്ഥയെക്കുറിച്ച് പറയാൻ തുടങ്ങിയിട്ട് കാലമേറെയായി. തോട്ടം മുതലാളിമാർ കേൾക്കുന്നില്ല. കേൾക്കേണ്ടവരാകട്ടെ ഒട്ടുമേ കേൾക്കുന്നില്ല. പുത്തുമലയും രാജമലയും തുടരുന്നിടത്ത് ഭൂപരിഷ്ക്കരണത്തിൻ്റെ പോരായ്മകൾ കുടുതൽ വെളിവാക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു.
കേരളത്തില ഭൂബന്ധങ്ങള്‍ പൊളിച്ചെഴുത്തിന് വിധേയമാക്കിയ നിയമമാണ് കേരള ഭൂപരിഷ്ക്കരണ നിയമം. കൃഷിഭൂമി കര്‍ഷകന് എന്നുള്ള മുദ്രവാക്യമുയര്‍ത്തിയാണ് 1957-ല്‍ ഭൂപരിഷ്ക്കരണ നിയമത്തിന് രൂപരേഖയുണ്ടാകുന്നത്.
നിയമങ്ങളില്‍ അന്തര്‍ലീനമായിരിക്കുന്ന നീതിനിഷേധത്തിന്റെ പഴുതുകള്‍ തുറക്കപ്പെടുന്നത് അവ വ്യാഖ്യാനിക്കപ്പെടുമ്പോള്‍ മാത്രം. ഏറെ വിപ്‌ളവാത്മകമെന്ന് വിശേഷപ്പിക്കപ്പെട്ട കേരള ഭൂപരിഷ്ക്കരണ നിയമം നീതിനിഷേധത്തിന്റെ പഴുതുകളില്‍ നിന്ന് വിമുക്തമല്ല. നിയമത്തിനുള്ളില്‍ പതിയിരിക്കുന്ന നീതിനിഷേധത്തിന്റെ ഇരകളുടെ പട്ടിക ഒട്ടുമേചെറുതല്ല. വർഷാവഷം കാലവർഷം കവർന്നെടുക്കാൻ വിധിക്കപ്പെട്ട തോട്ടം തൊഴിലാളികൾ ഈ പട്ടികയുടെ ആദ്യ സ്ഥാനങ്ങളിൽ തന്നെയുണ്ട്.
ലയങ്ങൾ നരക തുല്യം
ഭൂപരിഷ്ക്കരണത്തില്‍ നിന്നും തേയില, കാപ്പി, ഏലം, റബ്ബര്‍ തോട്ടങ്ങള്‍ ഒഴിവാക്കപ്പെട്ടു. പതിനായിരകണക്കിന് തോട്ടം തൊഴിലാളികളുടെ തൊഴില്‍ സുരക്ഷയെ മുന്‍നിറുത്തി തോട്ടം മേഖലയെ ഭൂപരിഷ്ക്കരണത്തില്‍ നിന്ന് ഒഴിവാക്കിയതെന്നുള്ളതാണ് ഇതിലെ വാദം. അതേസമയം ടാറ്റാ, ഹാരിസണ്‍ മലയാളം, പോബ്സൻ, എവിടി തുടങ്ങിയ വന്‍കിടക്കാരെ പിണക്കേണ്ടതില്ലെന്ന രാഷ്ട്രീയ കൗശലവും തോട്ടം മേഖല ഒഴിവാക്കപ്പെട്ടതില്‍ നിന്നും വായിച്ചെടുക്കാം.
തോട്ടം തൊഴിലാളികളുടെ സംരക്ഷകരായെത്തിയ ട്രെഡ് യൂണിയൻ പ്രസ്ഥാനങ്ങൾ സ്ഥാപനവൽക്കരിക്കപ്പെട്ടു. യൂണിയൻ നേതൃത്വങ്ങൾ തോട്ടം മുതലാളിമാരുടെ ഇഷ്ടക്കാരായി. വിനോദ സഞ്ചാര വികസനത്തിൻ്റെ പേരിലടക്കം തോട്ടം ഭൂമി തരംമാറ്റുന്നതിനായി തൊഴിലാളിയൂണിയൻ പ്രസ്ഥാനങ്ങൾ ഇടനിലക്കാരായി. ഭരിക്കുന്നവരുടെ പോഷക സംഘടനകളെന്ന നിലയിൽ തോട്ടം മുതലാളിമാരെ സർക്കാരുമായി കൂട്ടിമുട്ടിച്ചുകൊടുക്കുന്ന ദല്ലാൾ ദൗത്യമേറ്റെടുക്കുന്നത് തോട്ടം തൊഴിലാളി അവകാശപോരാട്ടത്തിൻ്റെ മൊത്തക്കച്ചവടം ഏറ്റെടുത്തവരെന്ന് അവകാശപ്പെടുന്ന തൊഴിലാളി സംഘടനകൾ. സർക്കാരും തോട്ടം മുതലാളിമാരും തമ്മിലുള്ള കൊടുക്കൽ വാങ്ങലുകളുടെ മുഖ്യ ഇടനിലക്കാരാണ് ഈ തൊഴിലാളി സംഘടനകൾ. മൂന്നാറിലേതടക്കമുള്ള യൂണിയൻ നേതൃത്വങ്ങൾക്ക് തോട്ടം തൊഴിലാളികളുടെ ന്യായമായ അവകാശങ്ങൾ നേടിയെടുക്കുന്നതിലല്ല ശ്രദ്ധ. ഹൈറേഞ്ച് വിനോദ സഞ്ചാരത്തെ മുൻനിറുത്തി സർക്കാർ ഭൂമി കയ്യേറ്റങ്ങൾ നടത്തുക. റിസോർട്ടു മുതലാളിമാരുടെ ഭൂ കയ്യേറ്റങ്ങളെ പിന്തുണക്കുക. തോട്ടം മുതലാളിമാർ വച്ചുനീട്ടുന്ന സൗകര്യങ്ങൾ ആവോളം കൈപ്പറ്റുക. തങ്ങളുടെ ഇംഗീതങ്ങൾക്ക് വിരുദ്ധമായി നിൽക്കുന്ന ഉദ്യോഗസ്ഥരെ കെട്ടുകെട്ടിക്കുക. ഇത്തരത്തിൽ തങ്ങൾക്ക് ജീവിക്കാനുള്ള ആവാസ വ്യവസ്ഥ സൃഷ്ടിച്ചെടുക്കുന്നതിലാണ് തോട്ടം തൊഴിലാളി യൂണിയൻ – രാഷ്ടീയ – ജപ്രതിനിധി നേതൃത്വങ്ങളുടെ പ്രധാന ശ്രദ്ധ.
തോട്ടം മുതലാളിമാർ നേരിടുന്ന പ്രതിസന്ധികൾ എന്തെന്ന് ഈ തൊഴിലാളി യൂണിയൻ നേതാക്കൾക്ക് കിറുകൃത്യമായി അറിയാം. നേതാക്കളെ സംരക്ഷകരായി കരുതുന്ന അടിമതൊഴിലാളികൾക്ക് സമാനമായ തോട്ടം തൊഴിലാളികളുടെ നീറുന്ന ജീവിൽപ്രശ്നങ്ങളെക്കുറിച്ചറിയില്ല. അതല്ലെങ്കിൽ അതറിയാൻ യൂണിയൻ നേതൃത്വങ്ങൾ ശ്രമിക്കുന്നില്ല.
ആഗോളവൽക്കരണം തോട്ടം മേഖലയെ തളർത്തി. തോട്ടം മുതലാളിമാർ സാമ്പത്തിക പ്രതിസന്ധിയലായി. അത് തൊഴിലാളികൾക്കുള്ള ക്ഷേമ പ്രവർത്തനങ്ങൾക്ക് തടസ്സമായി. എല്ലാം മുതലാളിമാർ ആഗോളവൽക്കരണത്തിൻ്റെ തലയിൽ കൗശലപൂർവ്വം കെട്ടിവച്ചു. ഇത് മുതലാളിമാർ തൊഴിലാളികളെ കയ്യൊഴിയാൻ പ്രയോഗിച്ച തന്ത്രം. ഈ തന്ത്രം വളിപ്പുള്ളി തെറ്റാതെ പ്രചരിപ്പിക്കുന്നതിനായി തോട്ടം തൊഴിലാളി യൂണിയൻ നേതൃത്വങ്ങളെ ഇണക്കിയെടുക്കുന്നതിൽ തോട്ടം മുതലാളിമാർ വിജയം കണ്ടു.
തോട്ടം മുതലാളിമാരുടെ പ്രശ്നങ്ങൾ പ്രചരിപ്പിക്കുന്ന പബ്ലിക്ക് റിലേഷൻസ് ഓഫീസർമാരായി യൂണിയൻ നേതൃത്വങ്ങൾ. ആഗോളവൽക്കരണഘട്ടത്തിനു മുമ്പ് തോട്ടം തൊഴിലാളികൾക്കിടയിൽ തേനും പാലുമൊഴുക്കിയവരാണ് ഈ തോട്ടം മുതലാളിമാരെന്ന് പ്രതീതി സൃഷ്ടിച്ചെടുക്കുന്നതിൽ യൂണിയൻ നേതൃത്വങ്ങൾ വഹിക്കുന്ന പങ്ക് ലജ്ജാവഹമാണ്.
ഭൂപരിഷ്ക്കരണ നിയമത്തിന്റെ ആനുകൂല്യം തൊഴിലാളികൾക്ക് തരപ്പെടുത്തികൊടുക്കുന്നതില്‍ യൂണിയൻ നേതൃത്വങ്ങൾ കാര്യമായ ശ്രദ്ധ ചെലുത്തിയോ? ഈ ദിശയിൽ ആത്മപരിശോധന നടത്താൻ തോട്ടം തൊഴിലാളി യൂണിയൻ നേതൃത്വങ്ങൾ തയ്യാറാകുമെന്ന് ഒറ്റയടിക്ക് കരുതുവയ്യ.
തോട്ടം തൊഴിലാളികള്‍ക്ക് സ്വന്തമായി ഒരുപിടി മണ്ണ് എന്നത് മരീചികയായി. തോട്ടം മുതലാളിമാര്‍ തട്ടിക്കൂട്ടിയ പാടികള്‍ മാത്രമായി തൊഴിലാളികൾക്ക് അന്തിയുറങ്ങുവാനുള്ള താവളം. വെള്ളം, വെളിച്ചം, റോഡ്, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളെല്ലാം അല്പം. ഈ അല്പ സൗകര്യങ്ങൾ തന്നെ തോട്ടം മുതലാളിമാരുടെ ഔദാര്യത്തിനു വിധേയം.
തോട്ടം തൊഴിലാളികൾക്ക് ശുദ്ധമായ കുടിവെള്ളമില്ല. തോട്ടങ്ങളിൽ തളിക്കുന്ന കീടനാശിനികളുടെ അംശങ്ങൾ കലർന്ന കുടിവെള്ളം. വന്യ ജീവികളുടെ ആക്രമണം. ലയങ്ങളിലെ ഡിസ്പെൻസിറിയലെ പരിമിതമായ ആരോഗ്യപരിചരണം. പണിയെടുക്കുന്നതിന് കൂലിയില്ല. കൂപ്പണുകൾ. മുതലാളിമാർ ഏല്പിച്ചിട്ടുള്ള കടകളിൽ നിന്ന് കൂപ്പണുകളുപയോഗിച്ച് തൊഴിലാളികൾക്ക് നിത്യോപയോഗ സാധനങ്ങൾ വാങ്ങാമെന്ന ഒരവസ്ഥ! എല്ലാം തട്ടിക്കിഴിച്ചു കഴിയുമ്പോൾ ശൂന്യം!
തോട്ടം തൊഴിലാളികൾക്ക് പുറംലോകത്തെത്താൻ പൊട്ടിപൊളിഞ്ഞ് കുണ്ടും കുഴികളും നിറഞ്ഞ റോഡുകൾ. സ്വകാര്യ ജീപ്പുകളാണ് ഇവരുടെ യാത്രാ വണ്ടി. തോട്ടത്തിനുള്ളിലെ റോഡുകളിൽ ജീപ്പുകൾ ഓടുകയല്ല. ഒരു കുഴിയിൽ നിന്ന് മറ്റൊരു കുഴിയിലേക്ക് ഉയരത്തിൽ ചാടുകയാണ്. ലയങ്ങളിൽ പാർക്കുന്ന തോട്ടം തൊഴിലാളികളെ പുറം ലോകത്തെത്തിക്കുന്നത് ഉയരത്തിൽ ‘ചാടുന്ന’ ഈ ജീപ്പു സർവ്വീസുകൾ. ഇങ്ങനെയുള്ള ജീപ്പിൽ യാത്ര ചെയ്യുന്ന ഗർഭണികളുടെ അവസ്ഥ കഷ്ടം. ഗർഭധാരത്തിൻ്റെ ആദ്യനാളുകളിൽ ഡോക്ടറെ കണ്ട് തിരിച്ചു ലയങ്ങളിലെത്തുന്നതോടെ ഗർഭമലസിപോകുന്നവസ്ഥ! ഒന്നല്ല പല തവണ.
പാടികളിലെ കുടുംബങ്ങളിൽ വിവാഹം. ജനനം കുടുംബ ഘടനയില്‍ വിഘടനങ്ങള്‍. എല്ലാം ഒരേ ലയത്തിൽ! കുടുംബ ഘടനയിലെ പെരുക്കം പക്ഷേ പാടികളിലെ അല്പ സൗകര്യങ്ങളെ വിർപ്പുമുട്ടിക്കുന്നു. മരിച്ചാൽ ആറടി മണ്ണുപോലുമില്ല!
ആയിരക്കണക്കിന് ഏക്കര്‍ ഭൂമി ഭൂപരിഷ്ക്കരണത്തിലൂടെ തോട്ടമുടമകളില്‍ നിഷിപ്തമായി. അതേസമയം ഭൂമി നിഷേധിക്കപ്പെട്ട തോട്ടം തൊഴിലാളികള്‍ അസ്വസ്ഥതയുടെ തടവുകാരവുക്കാർ. ഇനിയുള്ള കാലം പക്ഷേ പാടികളെ മാത്രം ആശ്രയിച്ച് കഴിയുവാനാകില്ല. ഈ തിരിച്ചറിവിന്റെ പ്രതിഫലനമായിരുന്നു ഇവരുടെ നേതൃത്വത്തില്‍ മൂന്നാറിലെ പാര്‍വ്വതീമലയിലും പെണ്ണൊരുമയുടെ നേതൃത്വത്തിലും കണ്ട ഭൂസമരങ്ങൾ.
വിഭവശേഷിയില്ലാതെ കുടികിടപ്പുക്കാർ
ലാന്റ് ട്രീബ്യൂണല്‍ നടപടികള്‍ പ്രകാരം കുടിയാന്‍മാര്‍ക്ക് കുടിയായ്മ അവകാശം കൈവന്നു. അതേസമയം ഭൂരഹിതന് ഭൂമി (Land to Landless) യെന്ന ദിശയില്‍ ശക്തമായ നടപടി കളുണ്ടായില്ല. ഭൂപരിഷ്ക്കരണനിയമ പിന്‍ബലത്തില്‍ പാട്ട (lease) ഭൂമികൾക്ക് അവകാശികളായി. കൃഷിഭൂമിയില്‍ പകലന്തിയോളം എല്ലുമുറിയെ ചേറില്‍ പണിയെടുക്കുവാന്‍ മാത്രം വിധിക്കപ്പെട്ട അടിയാളരടക്കമുള്ള അദ്ധ്വാന വര്‍ഗ്ഗത്തിന് ഭൂപരിഷ്ക്കരണ നിയമത്തിന്റെ ഔദാര്യമായി കിട്ടിയത് മൂന്ന് മുതല്‍ 10 സെന്റ് കുടികിടപ്പ് അവകാശം മാത്രം.
കുടികിടപ്പുകാർ വിഭവ സമാഹരണ സാധ്യതയടക്കപ്പെട്ടരായി. ഇതോടൊപ്പം സര്‍ക്കാര്‍ മുന്‍കയ്യില്‍ ദളിത് കോളനികളും ലക്ഷംവീടുകളും. ഇതിലേറെയും പരമ്പരാഗത ജന്മിമാരുടെ കൃഷിയിടങ്ങളുടെ സമീപപ്രദേശത്താണെന്നത് പ്രത്യേകം ശ്രദ്ധേയം. ഭൂപരിഷ്ക്കരണ നിയമത്തിന്റെ പിടിയലകപ്പെടാതെ സുരക്ഷിതരായ ജന്മിമാരുടെയടക്കം വരുതിയില്‍ അദ്ധ്വാന വിഭവശേഷി ശേഖരം സൃഷ്ടിക്കുകയെന്ന ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമായിരുന്നു ഇതെന്ന് ന്യായമായും സംശയിക്കാവുന്നതാണ്.
ത്വരിതഗതിയിലുള്ള ജനസംഖ്യ വര്‍ദ്ധനവിന്റെ പട്ടികയില്‍ ഭൂരഹിതരായിട്ടുള്ളവരുടെ എണ്ണം കാലാകാലമായി നിശബ്ദമായി ഇവിടെ കനംവെക്കുകയും ചെയ്തു. വിഭവ സമാഹരണ സാധ്യത ശോഷിപ്പിക്കപ്പെട്ടതിനാല്‍ കുടികിടപ്പിലേതടക്കമുള്ള ദളിതരുടെ സന്തതി പരമ്പരകള്‍ക്ക് സാമൂഹിക-സാമ്പത്തിക രംഗത്ത് സുരക്ഷിതരാകാനായില്ല. അതുകൊണ്ടുത്തന്നെ ഒരുതുണ്ടു ഭൂമിക്കുവേണ്ടി മാറിമാറിവരുന്ന സര്‍ക്കാരുകള്‍ക്ക് മുന്നില്‍ ഇവര്‍ക്ക് യാചിക്കുകയെന്നല്ലാതെ ബദലുകളില്ലാതായി.
തനത് ആവാസവ്യവസ്ഥയില്‍ നിന്ന് ആട്ടിയിറക്കപ്പെട്ട ആദിവാസികള്‍ക്ക് ജീവസന്ധാരണ ദിശയില്‍ കൃഷിഭൂമിയടക്കമുള്ള ഉപജീവനോപാദികള്‍ ഉറപ്പിക്കപ്പെടുകയെന്നതാണ് മുഖ്യം. ഇതിനുപകരം പക്ഷേ വികസനത്തിന്റെ പേരില്‍ സ്വന്തം ഭൂമിയില്‍നിന്ന് ആദിവാസികള്‍ ആട്ടിയിറക്കപ്പെട്ട കാഴ്ചയാണ് ഇപ്പോഴും. അട്ടപ്പാടിക്കുന്നുകളിലെ കാറ്റിനു കുടുകൂട്ടാൻ സുസ് ലോൺ കാറ്റാടി യന്ത്രങ്ങൾ ഉയർന്നപ്പോൾ തട്ടിയെടുക്കപ്പെട്ട ആദിവാസി ഭൂമിയുടെ കണക്കുകൾ ഇപ്പോഴും ബാക്കി.
ഭൂപരിഷ്ക്കരണ നിയമത്തിലെ പഴുതുകൾ. പിഴവുകൾ. ദളിത് കുടികിടപ്പുക്കാരുടേയും തോട്ടം തൊഴിലാളികളുടേതടക്കമുള്ള കുടുംബഘടനയിലെ വ്യതിയാനങ്ങൾ. മരിച്ചാൽ ആറടി മണ്ണു പോലുമില്ല. ഇതെല്ലാം അവഗണിക്കപ്പെട്ടതും വിഭവ സമാഹരണ സാധ്യത ചോര്‍ത്തിക്കളഞ്ഞതുമെല്ലാമാണ് മുത്തങ്ങ, ആറളം, ചെങ്ങറ, പാര്‍വ്വതിമല, പെണ്ണൊരുമ, അരിപ്പ തുടങ്ങിയ ഭൂസമരങ്ങള്‍ക്ക് വഴിമരുന്നിട്ടത്.ഭൂസമരങ്ങള്‍ പിറവിയെടുക്കന്നുതിന്റേയും ശക്തിപ്പെടുന്നതിന്റേയും സാമൂഹിക – രാഷ്ട്രിയ – സാമ്പത്തിക സാഹചര്യങ്ങള്‍ യാഥാര്‍ത്ഥ്യ ബോധത്തോടെ തിരിച്ചറിയണം. അതല്ലാതെ ആദിവാസി ഭൂസമരങ്ങളുൾപ്പെടെയെല്ലാം ‘അന്യ’രുടെ ഗൂഢാലോചനയായി ചിത്രീകരിക്കുകയല്ല വേണ്ടത്. മുത്തങ്ങ, ചെങ്ങറ, ഭൂസമരങ്ങളെ സാമ്രാജ്യത്വ-നക്‌സൈലറ്റ്-മാവോയിസ്റ്റ് ഗൂഢാലോചനയില്‍കുടുക്കിയപ്പോള്‍ പാർവ്വതി മല – പണ്ണൊരുമ ഭൂസമരങ്ങളെ കൂട്ടിക്കെട്ടിയത് തമിഴ് തിവ്രവാദകളുമായ്!
ഭൂരഹിത ജനതതിയെ സൃഷ്ടിച്ചവര്‍ തന്നെയാണ് ഇന്നത്തെ ഭൂസമരങ്ങള്‍ക്ക് ഉത്തരവാദികള്‍. ഇതില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറി ഭൂസമരങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനകളുണ്ടെന്ന് മഷിയിട്ട് കണ്ടുപിടിയ്ക്കാന്‍ തുനിയരുത്. ഇതിനുപകരം തോട്ടം തൊഴിലാളികളടക്കുള്ള ഭൂരഹിതരര്‍ക്ക് സുരക്ഷിതമായി തലചായ്ക്കാൻ സ്വന്തമായൊരിടം നൽകുവാനുള്ള മിനിമം മര്യാദയാണ് മാറിമാറിവരുന്ന ഭരണകൂടങ്ങൾ പ്രകടിപ്പിക്കേണ്ടത്.
ഭരണകൂടങ്ങളുടെ ഈ മിനിമം മര്യാദ മതിയാകും പരിസ്ഥിതി ദുർബ്ബല – ലോല പ്രദേശങ്ങളിൽ കാലങ്ങളായി അടിമകളാക്കിവച്ചിരിക്കുന്ന ദുർബ്ബലരായ തോട്ടംതൊഴിലാളികളെ പ്രകൃതിക്ഷോഭങ്ങളിൽ രക്ഷിയ്ക്കാൻ. പുത്തു മലകളും രാജമലകളും ആവൃത്തിയ്ക്കപ്പെടാതിരിക്കാൻ ഭരണകൂടങ്ങളുടെ ഭാഗത്ത് നിന്ന് ഇപ്പറഞ്ഞ മിനിമം മര്യാദ മതിയാകും.