വംശീയതയിൽ ചാലിച്ചെടുക്കപ്പെട്ടിട്ടുള്ള ഗർഭഛിദ്ര വിരുദ്ധ നിയമത്തിനെരെ യുഎസിൽ മുറവിളി. സ്ത്രീയുടെ ശരീരത്തിന്മേലുള്ള സ്വാതന്ത്ര്യവും അവകാശവും സ്ത്രീക്ക് മാത്രമെന്ന ആശയം ഉയർത്തിപ്പിടിച്ചുള്ള ദൗത്യമേറ്റെടുത്തിട്ടുള്ളത് അമേരിക്കൻ ഡമോക്രാറ്റുകളാണ്. ഈ ദിശയിലൂന്നി, ഗർഭഛിദ്രത്തിനുള്ള വിദേശ ധനസഹായ നിരോധനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബിൽ അമേരിക്കൻ കോൺഗ്രസിൽ അവതരിപ്പിച്ചിരിക്കുകയാണ് ഡമോക്രാറ്റുകൾ.
1973 ൽ അവതരിപ്പിച്ച ഹെലംസ് ഭേദഗതി വംശീയതയിൽ ആഴത്തിൽ വേരൂന്നിയതാണ്. ലോകമെമ്പാടുമുള്ള സുരക്ഷിത ഗർഭഛിദ്ര സേവനങ്ങൾക്കായ് യുഎസ് ഫണ്ട് ഉപയോഗിക്കുന്നത് ഹെലംസ് ഭേദഗതി അനുവദിക്കുന്നില്ല. ഇതിന് അറുതിയിടുകയെന്നതാണ് പുതിയ ബിൽ ലക്ഷ്യംവയ്ക്കുന്നത്.
കുടുംബാസൂത്രണ രീതിയെന്ന നിലയിൽ വിദേശ രാഷ്ട്രങ്ങളിലെ സുരക്ഷിത ഗർഭഛിദ്ര സേവനങ്ങൾക്ക് ധനസഹായം തടയുന്ന യുഎസ് നിയമം (ഹെലംസ് ഭേദഗതി – 1973) റദ്ദാക്കുന്നതിനുള്ള ബിൽ ജൂലായ് 29 നാണ് കോൺഗ്രസിൽ അവതരിപ്പിക്കപ്പെട്ടത് – ദ ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.
ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം ജാൻ ഷാക്കോവ്സ്കിയാണ് ബില്ലിന് മുൻകയ്യെടുത്തിട്ടുള്ളത്. സെനറ്റർ ജെസ്സി ഹെലംസിന്റെ പേരിലുള്ള ഭേദഗതി ഗർഭച്ഛിദ്രത്തെ കുടുംബാസൂത്രണ മാർഗ്ഗമായി ഉപയോഗിക്കുന്നതിനെ തടയുന്നു. ബലാത്സംഗം, വ്യഭിചാരം, സ്ത്രീകളുടെ ആരോഗ്യ അപകടാവസ്ഥ എന്നിവ ഹെലംസ് ഭേദഗതിയിൽ നിന്നു ഒഴിവാക്കപ്പെട്ടിട്ടുണ്ട്. പക്ഷേ ഗർഭഛിദ്ര സേവനങ്ങൾക്കുള്ള സർവ്വ ധനസഹായങ്ങളും അമേരിക്ക നിരോധിച്ചിരിക്കുന്നുവെന്ന നിലയിലാണ് ഹെലംസ് ഭേദഗതി വ്യാപകമായി വ്യാഖ്യാനിക്കപ്പെടുന്നത്. ഇങ്ങനെ വ്യാഖ്യാനിക്കപ്പെടുന്ന നിയമം ഇനി വേണ്ടെന്നാന്ന് പുതിയ നിയമനിർമ്മാണത്തിലൂടെ ഡമോക്രാറ്റ് ജാൻ ഷാക്കോവ്സ്കി ഉന്നംവയ്ക്കുന്നത്.
ഗർഭഛിദ്രം ലൈംഗികവും പ്രത്യുൽപാദനപരവുമായ ആരോഗ്യ സംരക്ഷണത്തിന്റെ നിർണായക ഘടകം. ഇത് എല്ലാവർക്കും പ്രയോജന പ്പെടുത്താവുന്നതാകണം. താങ്ങാനാവുന്നതുമായിരിക്കണം – ബിൽ പറയുന്നു.
നിരന്തരമായ ആക്രമണത്തിന് വിധേയരായ സ്ത്രീകളുടെ പ്രത്യുത്പാദന ആരോഗ്യ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനോട് ട്രംപ് ഭരണകൂടം പുറംതിരിഞ്ഞു നിൽക്കുകയാണ്. അതുകൊണ്ടു തന്നെ പുതിയ ബിൽ ഉടൻ പാസാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നില്ല. എങ്കിലും സുരക്ഷിത ഗർഭഛിദ്രം സ്ത്രീകളുടെ അവകാശമെന്ന ഡെമോക്രാറ്റുകളുടെ ദീർഘകാല തന്ത്രത്തിന്റെ ഭാഗമായാണ് പുതിയ നിർമ്മാണ നടപടികൾ. ഡെമോക്രാറ്റ് പാർട്ടിയുടെ 2020 പ്ലാറ്റ്ഫോം ഡ്രാഫ്റ്റിൽ ഹെലംസ് ഭേദഗതി പിൻവലിക്കണമെന്ന ആവശ്യവുമുൾപ്പെടുന്നുണ്ട്.
ലോകമെമ്പാടും പ്രതിവർഷം 22800 സ്ത്രീകൾ സുരക്ഷിതമല്ലാത്ത ഗർഭച്ഛിദ്രം മൂലം മരിക്കുന്നുണ്ടെന്ന് ഗട്ട്മാക്കർ ഇൻസ്റ്റിറ്റ്യൂട്ട് കണക്കാക്കുന്നു. ഹെലംസ് ഭേദഗതി അന്താരാഷ്ട്ര സമൂഹങ്ങളിൽ വൈദ്യശാസ്ത്ര-ഗർഭഛിദ്ര നടപടികളിൽ അനാവശ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. ഇത് ലോകമെമ്പാടുമുള്ള കോടിക്കണക്കിന് കറുത്ത – തവിട്ട് നിറമുള്ളവരുടെ ആരോഗ്യ സംരക്ഷണത്തിലും ശരീരത്തിലും സ്വയംഅവകാശത്തിലും അനാവശ്യ ഇടപ്പെടലുകൾ നടത്താൻ യുഎസിനെ അനുവദിക്കുന്നു – ഷാകോവ്സ്കി പറഞ്ഞു.
ഹെലംസ് ഭേദഗതിയെ പോലെ തന്നെ ഹൈഡ് ഭേദഗതിയും ഗർഭച്ഛിദ്രത്തിനുള്ള യുഎസ് ഫെഡറൽ ധനസഹായത്തെ നിയന്ത്രിക്കുന്നു. വംശീയതയിലും വർണവേർതിരിവിലും ചാലിച്ചെടുത്തിട്ടുള്ള ഈ നിയമങ്ങൾ സ്ത്രീകളുടെ പ്രത്യുൽപാദന – സാമ്പത്തിക സ്വാതന്ത്ര്യത്തിമേലുള്ള യുഎസി ൻ്റെ കടന്നുകയറ്റമാണ്. ഇതിനി വേണ്ടെന്ന ഉറച്ച നിലപാടിലാണ് ഡമോക്രാറ്റുകൾ.
“മതി, യഥാർത്ഥ ആരോഗ്യ തുല്യതയും പ്രത്യുൽപാദന നീതിയും തിരിച്ചറിയണമെങ്കിൽ ഈ ഇരു ഭേദഗതികളും പൊളിക്കണം. സുരക്ഷിതവും നിയമപരവും സർവ്വർക്കും പ്രാപ്യമാകുന്നതുമായ ഗർഭഛിദ്രമുൾപ്പെടെയുള്ള സമഗ്രമായ പ്രത്യുത്പാദന ആരോഗ്യ സംരക്ഷണം മനുഷ്യാവകാശമാണ് – ഷാകോവ്സ്കി വ്യക്തമാക്കി.
ബിൽ ചരിത്രപരമായ ഒരു ചുവടുവെപ്പാണെന്ന് പോപ്പുലേഷൻ കണക്ഷൻ ഗ്രാസ്‌റൂട്ട് ഓർഗനൈസേഷന്റെ ഡയറക്ടർ സ്റ്റേസി മർഫി പറഞ്ഞു. “ഇത് ഒരു മുൻഗണനയാക്കി ഈ ദിശയിലേക്ക് നീങ്ങേണ്ട സമയമാണെന്ന തിരിച്ചറിവുണ്ട്. ഇത് ഉടനടി സംഭവിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല. ഇനിയും വളരെയധികം ബോധവൽക്കരണം ചെയ്യേണ്ടതുണ്ട്. ഈ ആശയത്തോട് ഏറെ എതിർപ്പുകളുമുണ്ട്. എന്നാൽ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്, ” അവർ പറഞ്ഞു