തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പ് കൈറ്റ് വിക്ടേഴ്സ് ചാനല്‍ വഴി സംപ്രേഷണം ചെയ്യുന്ന ‘ഫസ്റ്റ്ബെല്‍’ ഡിജിറ്റല്‍ ക്ലാസുകളുടെ പ്ലസ്ടു, അങ്കണവാടി ക്ലാസുകളുടെ സംപ്രേഷണ സമയത്തില്‍ ഓഗസ്റ്റ് 3 മുതല്‍ മാറ്റമുണ്ടായിരിക്കും. രാവിലെ 08.30 മുതല്‍ 10.30 വരെ സംപ്രേഷണം ചെയ്തിരുന്ന പ്ലസ് ടു ക്ലാസുകള്‍ ഇനി രാവിലെ 8 മണി മുതല്‍ 10 മണി വരെ ആയിരിക്കും.
അംഗനവാടി കുട്ടികള്‍ക്ക് വനിതാശിശു വികസന വകുപ്പും കൈറ്റും ചേര്‍ന്ന് നിര്‍മിക്കുന്ന ‘കിളിക്കൊഞ്ചല്‍’ ക്ലാസുകള്‍ തിങ്കളാഴ്ച മുതല്‍ രാവിലെ 10 മണിയ്ക്ക് ആയിരിക്കും. നേരത്തെ ഇത് എട്ടു മണിയ്ക്കായിരുന്നു.
കൊച്ചു കുട്ടികള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ സമയ പുനഃക്രമീകരണത്തിനുള്ള പ്രേക്ഷകരുടെ നിരന്തരമായ അഭ്യര്‍ത്ഥന മാനിച്ചാണ് മാറ്റം വരുത്തിയതെന്നും ഇതല്ലാതെയുള്ള മറ്റു ക്ലാസുകളുടേയും നിത്യേനയുള്ള പുനഃസംപ്രേഷണങ്ങളുടെയും സമയത്തില്‍ നിലവില്‍ മാറ്റങ്ങളില്ലെന്നും കൈറ്റ് സിഇഒ കെ അന്‍വര്‍ സാദത്ത് അറിയിച്ചു.
എന്നാല്‍ യോഗ, ഡ്രില്‍, മോട്ടിവേഷന്‍ തുടങ്ങിയ പൊതു ക്‌ളാസുകള്‍ സംപ്രേഷണം ചെയ്യുന്ന മുറയ്ക്ക് തുടര്‍ന്നും ഈ സമയക്രമങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ വരാം.