ചെന്നൈ: സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചുവെന്ന് ചൂണ്ടിക്കാട്ടി തെന്നിന്ത്യന്‍ താരം വിജയലക്ഷ്മി ആത്മഹത്യക്ക് ശ്രമിച്ചു. നാം തമിഴര്‍ പാര്‍ട്ടി നേതാവ് സീമാന്‍, പാണങ്കാട്ട് പാടൈയുടെ ഹരി നാടാര്‍ എന്നിവര്‍ നിരന്തരം അപമാനിക്കുന്നതായി വെളിപ്പെടുത്തിയ താരം ഫേസ്ബുക്ക് ലൈവിലൂടെ രക്തസമ്മര്‍ദ്ദം കുറക്കാനുളള ഗുളിക കഴിച്ചശേഷമാണ് വിഡിയോ ചെയ്യുന്നതെന്ന് അറിയിക്കുകയായിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ച ഇരുവര്‍ക്കുമെതിരെ കടുത്ത ശിക്ഷാനടപടി സ്വീകരിക്കണമെന്ന് അവര്‍ വിഡിയോയില്‍ പറഞ്ഞു.
‘ഇത് എന്റെ അവസാന വീഡിയോയാണ്. കഴിഞ്ഞ നാല് മാസമായി സീമാനും പാര്‍ട്ടി അംഗങ്ങളും കാരണം ഞാന്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ്. എന്റെ കുടുംബത്തിനായി അതിജീവിക്കാന്‍ ഞാന്‍ പരമാവധി ശ്രമിച്ചു. ഹരി നാടാര്‍ സമൂഹമാധ്യമങ്ങളില്‍ എന്നെ അപമാനിച്ചു.. ഞാന്‍ ബി.പി ഗുളികകള്‍ കഴിച്ചു. കുറച്ച് സമയത്തിനുള്ളില്‍ എന്റെ ബിപി കുറയുകയും ഞാന്‍ മരിക്കുകയും ചെയ്യും.’ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ വിജയലക്ഷ്മി പറഞ്ഞു.
ആത്മഹത്യ ശ്രമത്തെ തുടര്‍ന്ന് വിജയലക്ഷ്മിയെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.