രണ്ടാഴ്ച മുമ്പാണ് ഉത്തർപ്രദേശ് ബറേലി സ്വദേശി ഷക്കീൽ ഖാൻ ഡൽഹിയിലെത്തിയത്. പ്രശസ്ത ജൂമാ മസ്ജിദിന് സമീപമുള്ള ഡൽഹിയിലെ പ്രശസ്തമായ കാപ്രിൻ മാർക്കറ്റിൽ തൊഴിലുടമയുടെ ആടുകളെ വിൽക്കാനാണ് ഷക്കീൻ ഖാനെത്തിയത്.
വലിയ പെരുന്നാൾ ബക്രീദ്. ആട്ടീറച്ചിക്കച്ചവടം ഡൽഹിയിൽ പൊടിപൊടിക്കും. ഈ കണക്കുകൂട്ടലിലാണ് ആടുകളുമായി ഖാനെത്തിയത്. രൂക്ഷമായ കോവിഡ് – 19 രോഗവ്യാപനം. ഇത് ഖാൻ്റെ കണക്കുകൂട്ടലുകളെ പാടെ തെറ്റിച്ചു. പെരുന്നാൾ ദിനമടുക്കുന്നു. പക്ഷേ തൻ്റെ ആടിനെ വാങ്ങുവാനാരുമെത്തുന്നില്ല. ആട്ടിൻപറ്റത്തോടൊപ്പമുള്ള ഇന്ദ്രപ്രസ്ഥത്തിലെ “ജീവിതം” പക്ഷേ സ്വ ജീവിതത്തിൻ്റെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കുവാനുതു കുന്നില്ല. ഖാൻ കടുത്ത മാനസിക സംഘർഷത്തിലാണ്.
കുറച്ച് കാശേ കയ്യിൽ അവശേഷിക്കുന്നുളളൂ. ജൂമാ മസ്ജിദിന് സമീപം ഉറുദു ബസാറിൽ അടഞ്ഞുകിടക്കുന്ന കടകൾ. അവിടെ ഫുട്‌പാത്തിലാണ് 22 കാരനായ ഖാൻ്റെ അന്തിയുറക്കം! “എന്റെ ചില ആടുകളെ വിറ്റ് എന്തെങ്കിലും കിട്ടിയിരുന്നെങ്കിൽ സമീപത്ത് എനിക്ക് തല ചായ്ക്കാൻ അഭയം കണ്ടെത്തുമായിരുന്നു,” ഖാൻ്റ ആവലാതി.
കൊറോണ വൈറസ് മഹാമാരി കച്ചവടങ്ങളെ ഗുരുതരമായി ബാധിച്ചു. കഴിഞ്ഞ വർഷം വരെ നാല് ആടുകൾ വരെ സാധാരണക്കാർ പോലും വാങ്ങിയിരുന്നു. ഇന്നവർക്ക് ഈ വലിയ പെരുന്നാളിന് ഒരെണ്ണം പോലും വാങ്ങാൻ മതിയായ പണമില്ല – ഖാനെ സമീപിച്ച ഒരു ഇടപാടുകാരൻ പറയുന്നു.
40 കിലോ ഭാരം വരുന്ന ഒരു ജോടി ആടുകളുടെ വിലയായി മുതലാളി നിശ്ചയിച്ചിട്ടുള്ളത് 30000 രൂപ. വില ന്യായമാണ്. പക്ഷേ വാങ്ങാനാളില്ല – ഖാൻ പറയുന്നു. “കഴിഞ്ഞ വർഷം ഞാൻ എട്ട് ആടുകളെ 1.6 ലക്ഷം രൂപയ്ക്ക് വിറ്റു. ഒരാടിന് 20000 രൂപ വരെ കിട്ടി. ഈ വർഷം 10000 രൂപക്ക് പോലും ആടിനെ വാങ്ങാൻ ആരും ഇതുവരെയെത്തിയില്ല – പെരുന്നാൾക്കാലത്ത് ആടിനെ വിൽക്കാൻ തുടർച്ചയായി കഴിഞ്ഞ അഞ്ച് വർഷമായി കാപ്രിൻ വിപണിയിലെത്തുന്ന ഖാൻ പറയുന്നു.
“ഞങ്ങൾ എല്ലാ വർഷവും ഒരു ആടിനെ വാങ്ങുന്നു. ഈ വർഷം ഞങ്ങളുടെ ഷോപ്പ് മിക്ക സമയത്തും അടച്ചിരുന്നു. ഇത് ദുഷ്‌കരമായ സമയമാണ്. വലിയ പെരുന്നാളിനായി ഞങ്ങൾ കുറച്ച് പണം സ്വരൂപിച്ചിട്ടുണ്ട്. പക്ഷേ ഞങ്ങൾക്ക് ആർഭാഢം കാണിക്കാനാകില്ല.” – ഇത് 53 കാരിയായ സഫീനയുടെ വാക്കുകൾ. ഓൾഡ് ഡെൽഹിയിലെ ഫിലിമിസ്ഥാനിലെ താമസക്കാരിയാണ് . ജൂലൈ 31 ലെ വലിയ പെരുന്നാൾ ആഘോഷിക്കാൻ ആടിനെ വാങ്ങാനെത്തിയവർ. കൂടെ മരുമകൾ ഫരിയയുമുണ്ട്.
“കഴിഞ്ഞ വർഷം 15000 രൂപയ്ക്ക് ഒരു ആടിനെ വാങ്ങി. ഈ വർഷം ഞങ്ങൾക്ക് ലഭിച്ചത് 10000 രൂപ മാത്രമാണ്. ഈ വർഷം ഈ വില പരിധിയിൽ ഒരു നല്ല ആടിനെ കണ്ടെത്താൻ പ്രയാസം”, മരുമകൾ ഫരിയ പറയുന്നു.
കൊറോണ വൈറസിനെ ഭയന്ന് ഈ വർഷം ആടുകളെ വിൽക്കാൻ ഭരണകൂടം അനുമതി നൽകിയിട്ടില്ലെന്ന് തുണി കട ഉടമ സെയ്ദ് മാലിക്. “മുൻ വർഷങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത്തവണ വിപണിയിലൊന്നുമില്ല. ഇത് വിപണിയുടെ പ്രവർത്തനത്തെ തന്നെ അപ്പാടെ തടസ്സപ്പെടുത്തിയിട്ടുണ്ട്. മാർക്കറ്റ് ഏറെക്കുറെ ശുന്യം. വിരലിലെണ്ണാവുന്നവരേയുള്ളൂ മാർക്കറ്റിൽ ,” അദ്ദേഹം പറയുന്നു.
സാധാരണ ബലി പെരുന്നാൾ വേളയിൽ മുഹമ്മദ് ഇസ്ഹാർ 15-20 ആടുകളെ ബലി വിൽക്കുമായിരുന്നു. ഈ വർഷം അദ്ദേഹം ഒരു ജോഡി മാത്രമാണ് വിറ്റത്. അതും നഷ്ടത്തിൽ. “ഞങ്ങൾ വില കുറച്ചിട്ടുണ്ട്. ഞങ്ങൾ പറയുന്ന വില 18000 രൂപ. ഞങ്ങൾക്ക് കിട്ടുന്നത് 15500 രൂപ”, ഇസ്ഹാർ പറയുന്നു. കൊറോണ വൈറസില്ലാതിരുന്ന സമയത്ത് ജോഡിക്ക് 30000 – 35000 രൂപ ലഭിക്കുമായി
രുന്നുവെന്ന് ആസാദ്‌പൂർ നിവാസിയായ ഇഷാർ പറയുന്നു. “ഒരു ആടിനെ വളർത്തിവലുതാക്കാൻ ഏകദേശം 18 മാസമെടുക്കും. അതിന്റെ പരിപാലനത്തിനായി ഒരുപാട് ചെലവുകൾ. ആടിന് തീറ്റ. ചോളം, ബാർലി, തിന തുടങ്ങിയവ. ഒരാടിന് പ്രതിവർഷ ചെലവ് 10000 രൂപ. ഇതിനും പുറമെ 1300 ചതുരശ്രയടി സ്ഥലത്ത് ആടുകൾക്ക് കൂട്. സ്ഥല പ്രതിമാസ വാടക7000 രൂപ.എല്ലാം കഴിഞ്ഞ് എന്തെങ്കിലും കിട്ടേണ്ടേയെന്ന് ഇഷാർ.
13 കാരനായ അസ്ലം ഖാൻ ദിനേനെ രാവിലെ 10ന് വിപണിയിലെത്തും. രാത്രി എട്ടിനേ മടങ്ങൂ. നാല് ആടുകളെ വിൽക്കണം. എന്നാൽ ഒരാഴ്ചയ്ക്കുള്ളിൽ ഒരാടിനെ പോലും വാങ്ങുവാനാരുമെത്തിയില്ല. “എന്റെ ചേട്ടൻ എല്ലാ ദിവസവും രാവിലെ എന്നെ ഇവിടെ ഇറക്കിവിടുന്നു. ശേഷം ചേട്ടൻ ആടുകളെ വിൽക്കാൻ തന്നെ ജാഫ്രാബാദ് മാർക്കറ്റിൽ പോകും. എനിക്ക് ഇരിക്കാൻ സ്ഥലമില്ല. അതിനാൽ ഞാൻ മുഴുവൻ സമയവും നിൽക്കുന്നു”, 13 ക്കാരൻ പറയുന്നു. ചെറിയ തൂക്കത്തിലുള്ള ആടുകൾക്ക് കുറച്ചെങ്കിലും ആവശ്യക്കാരുണ്ട്. പക്ഷേ നന്നേ വില കുറവിലാണവർ ചോദിക്കുന്നത്. എങ്ങനെ മുതലാകുമെന്ന വേവലാതിയിലാണ് ഈ 13 ക്കാരൻ.
അഞ്ച് ആടുകളെ കൊണ്ടുവന്നു. അതിൽ മൂന്നെണ്ണം 18000 രൂപ നഷ്ടത്തിൽ വിറ്റു – ഉത്തർപ്രദേശ് അമോറയിൽ നിന്നുള്ള മുഹമ്മദ് സാഹിദ് പറയുന്നു. “നഷ്ടത്തിൽ വിൽക്കുകയല്ലാതെ എനിക്ക് മറ്റ് മാർഗമില്ല – സാഹചര്യങ്ങൾ കണക്കിലെടുത്ത്. ഗതാഗതച്ചെലവ് വളരെ കൂടുതലാണ്. ടെമ്പോ ഡ്രൈവർമാർ ആവശ്യപ്പെടുന്നത് ഒരു ആടിന് 500-700 രൂപ. ഇതിനെല്ലാം പുറമെ മാർക്കറ്റിലെ പോലിസിനും പങ്ക് കൊടുക്കണം”, അദ്ദേഹം പറയുന്നു.
ബിസിനസ്സ് പൊളിഞ്ഞു. ഇന്ധന വില കുത്തനെ വർദ്ധിച്ചു. എല്ലാവരും അതിജീവനത്തിനായി പോരാടുകയാണ്. വൈറസ് ഇതിനകം തങ്ങളെല്ലാവരെയും കൊന്നുവെന്ന് ടെമ്പോ ഉടമ പവൻ കുമാർ പറയുന്നു. “ഞാൻ കണ്ട ഏറ്റവും മോശമായ അവസ്ഥയാണിത്. രാജസ്ഥാൻ, പഞ്ചാബ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ആടുകളെ വിൽക്കാൻ ഇവിടെയെത്തുന്നത്. അവർ ഒരു സ്ഥലം വാടകയ്‌ക്കെടുക്കും. ഒരു മാസമെങ്കിലും നഗരത്തിൽ താമസിക്കും. കുറച്ച് പേർ മാത്രമേ പുറത്തുനിന്ന് വന്നിട്ടുള്ളൂ ഈ വർഷം. കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട
കർശന നിയന്ത്രണങ്ങൾ കാരണം”, അദ്ദേഹം പറയുന്നു.
കൊറോണക്കാലകച്ചവട നഷ്ടം ഒഴിവാക്കാൻ നടപടികൾ ഏർപ്പെടുത്താമായിരുന്നു. എന്നാൽ സർക്കാർ തയ്യാറല്ല – ഹാർഡ്‌വെയർ ഷോപ്പ് ഉടമ ഷാഹുദ്ദീൻ ഖാൻ പറയുന്നു. “മുനിസിപ്പൽ കോർപ്പറേഷന് സമീപത്തുള്ള മൈതാനങ്ങൾ ഉപയോഗിച്ച് ആട് വിൽപ്പനക്കാർക്കായി സ്റ്റാളുകൾ സ്ഥാപിക്കാനും സാമൂഹിക ദൂര മാനദണ്ഡങ്ങൾ പാലിക്കാനും കഴിയുമായിരുന്നു”, അദ്ദേഹം പറയുന്നു. ടോക്കൺ സംവിധാനമൊരുക്കി തിരക്ക് ഒഴിവാക്കാമായിരുന്നു. അധികൃതർ ഇതെല്ലാം പക്ഷേ പാടെ അവഗണിച്ചുവെന്നതിൽ ഷാ ഖുദ്ദിൻ ഖാന് കടുത്ത നീരസം. പിടിഐയാണ് കൊറോണക്കാലത്ത് ഡൽഹിയിലെത്തിയിട്ടുള്ള ആടുക്കച്ചവടക്കാരുടെ ദുരവസ്ഥ മാലോകരെ അറിയിക്കുന്നത്.