ചൈനക്ക് അമേരിക്കയെ ആവശ്യമുള്ളതിനെക്കാൾ അമേരിക്കക്ക് ചൈനയെ ആവശ്യമുണ്ടെന്നത് പരമമായ യാഥാർത്ഥ്യം. അതുകൊണ്ടുതന്നെ ഇരു രാഷ്ട്രങ്ങൾക്കിടയിൽ ആണവായുധങ്ങളും സമ്പത്തും മുൻനിറുത്തിയുള്ള ശാക്തിക ബലാബലങ്ങളുടെ മാറ്റുരയ്ക്കലുകളും ഉരസലുകളും ഏറിയുംകുറഞ്ഞും പ്രകടമാകാം. അത് പക്ഷേ അന്തർദേശീയ രാഷ്ട്രീയത്തിൻ്റെ സ്ഥായിയായ ചേരുവയായി തീരുമെന്നതിനപ്പുറത്തേക്ക് വികസിക്കുമെന്ന് കരുതേണ്ടതില്ല.
കൊറോണ വൈറസ് മാനവരാശിക്കുമേൽ മഹാമാരി വിതക്കുകയാണ്. വികസിത – വികസ്വര – അവികസിതമെന്ന വേർതിരിവുകളില്ലാതെയാണ് സർവ്വരാജ്യങ്ങളിലും ഈ മഹാമാരി പെയ്തിറങ്ങുന്നത്. ലോകരാഷ്ട്രങ്ങൾക്കിടയിൽ അജയ്യരെന്ന് മേനിനടിക്കുന്ന മുതലാളിത്ത രാഷ്ട്രങ്ങൾ പോലും കൊറോണ വൈറസ് വ്യാപനത്തിൽ അന്തിച്ചുനിൽക്കുന്ന കാഴ്ച്ച. ഇതോടൊപ്പം ഈ മഹാമാരി വാരിവിതറയിത് ചൈനയാണെന്ന വ്യാപക കുറ്റപ്പെടുത്തലുകളും. ചൈനയുടെ വുഹാൻ പട്ടണം കൊറോണ വൈറസിൻ്റെ പ്രഭവകേന്ദ്രമായിയെന്നതായി കുറ്റപ്പെടുത്തലുകൾക്കാധാരം. ചൈന ഈ കുറ്റപ്പെടുത്തലുകൾ അർഹിക്കുന്നുണ്ടോയെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്.
നിലവിലെ ലോകക്രമത്തെ ദുർബ്ബലപ്പെടുത്തുക. ശേഷം ചൈനീസ് ആധിപത്യത്തിനു വിധേയമായ പുത്തൻ ലോകക്രമം പാകപ്പെടുത്തുക. ഇത്തരമൊരു ലക്ഷ്യ സാധൂകരണത്തിനായാണോ ആരോപിക്കപ്പെടുമ്പോലെ ‘ജൈവായുധ’ കൊറോണ വൈറസ് വ്യാപനത്തിന് ചൈന മുതിർന്നത്? തങ്ങളുടെ രാജ്യത്തിൻ്റെ ആരോഗ്യമേഖലയുടെ ദുർബ്ബലാവസ്ഥ വെളിവാക്കപ്പെടുന്നതിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടുകയെന്നതാണോ ചൈനയെ പ്രതിക്കൂട്ടിലാക്കുവാൻ മുൻപന്തിയിലുള്ള അമേരിക്കൻ – യൂറോപ്യൻ മുതലാളിത്ത രാജ്യങ്ങളുടെ തന്ത്രം? രൂക്ഷമായ യുഎസ് – ചൈന വാണിജ്യ-വ്യാപാര തർക്കത്തിൻ്റെ അനുരണനങ്ങളാണോ ഈ മഹാമാരി വ്യാപന തർക്ക – വിതർക്കങ്ങളിൽ? ഇത്തരത്തിലുള്ള സംശയങ്ങളിലാണ് സമകാലിക അന്തർദേശീയ രാഷ്ട്രീയം.
രണ്ടു ചൈനീസ് സൈനീക ഉദ്യോഗസ്ഥരുടെ രചനയാണ് ‘Unrestricted Warfare’ എന്ന പുസ്തകം. സാങ്കേതികവിദ്യയിൽ മികവാർന്ന പ്രധാന പ്രതിയോഗിയെ പ്രത്യക്ഷ സൈനീക ഏറ്റുമുട്ടുലുകളിലൂടെയല്ലാതെ നേരിടുക. ഇതിനായി നൂതന ചിന്താപദ്ധതികളുടെ വരുംകാല ആവശ്യകത ചൂണ്ടികാണിക്കുകയാണ് പുസ്തകം. ‘China’s Master Plan to Destroy America’ എന്ന ഉപ തലവാചകത്തോടെ ഈ പുസ്തകം ഇംഗ്ലീഷിലേയ്ക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടു. ഇതോടെ നൂതന ചിന്താപദ്ധതികൾ രാസ – ജൈവായുധ ഗവേഷണ – വികസനമെന്നതിലേക്ക് വ്യാഖ്യാനിക്കപ്പെട്ടു. ഇത്തരമൊരു മാനം നൽകപ്പെട്ട ഈ പുസ്തകവും കൊവിഡ് – 19 വ്യാപനവുമായി ബന്ധപ്പെടുത്തി ചൈനക്കെതിരെയുള്ള സംശയത്തിൻ്റെ സൂചിമുന കൂർപ്പിക്കപ്പെടുന്നതിന് കാരണമായിട്ടുണ്ട്.
കൊറോണ വൈറസ് വ്യാപനം ചൈന മൂടിവച്ചു. ലോകാരോഗ്യ സംഘടനയെ അറിയിക്കുന്നതിൽ അക്ഷന്തവ്യമായ അലംഭാവം. ജൈവായുധ ഗവേഷണ-വികസനത്തിൻ്റെ ഭാഗമായി ചൈനയുടെ വുഹാൻ പട്ടണത്തിലെ നാഷണൽ ബയോസേഫറ്റി പരീക്ഷണശാലയിൽ നിന്നു പുറത്തുകടന്ന വൈറസ്. പ്രസിഡൻ്റ് ട്രമ്പിൻ്റെ ട്വിറ്ററിൽ ഈ വൈറസിന് പരിഹാസ രൂപേണ ചൈനീസ് വൈറസെന്ന വിളിപേരും. ട്രമ്പിൻ്റെ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയാകട്ടെ ഈ വൈറസിന് നൽകിയ പേര് വുഹാൻ വൈറസ്. ലോക ആരോഗ്യ സംഘടന ചൈനീസ് പക്ഷപാതികളെന്ന ആക്ഷേപവും കൊവിഡ്-19 വ്യാപന പശ്ചാത്തലത്തിൽ ട്രമ്പ് ഉയർത്തി. ഇതിൻ്റെയെല്ലാം പ്രതിഫലനമെന്നോണം ലോകാരോഗ്യ സംഘടനക്കുള്ള അമേരിക്കൻ വാർഷിക ധനസഹായം അനുവദിക്കേണ്ടതില്ലെന്ന തീരുമാനം. വൈറസ് വ്യാപനത്തിൽ നഷ്ടപരിഹാരമാവശ്യപ്പെട്ട് ചൈനക്കെതിരെ വ്യവഹാരങ്ങളുമായി ചില രാജ്യങ്ങൾ. ‘ചൈനീസ്’ വൈറസെന്ന് ആരോപിക്കപ്പെടുന്നതിൽ കഴമ്പുണ്ടോയെന്നറിയാൻ ലോകാരോഗ്യസംഘടനയുടെ വസ്തുതാന്വേഷണസംഘം ചൈനയിൽ. അതെ, കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് ചൈന പ്രതിക്കൂട്ടിലാണ്.
ധനമൂലധന കൊടുക്കൽ – വാങ്ങലുകൾ
ആഗോള വിപണി കൈപ്പിടിയിലൊതുക്കുകയെന്ന ലക്ഷ്യത്തിലൂന്നി രാജ്യാതിർത്തികൾ കടന്നുള്ള ധന മൂലധനത്തിന്റെ കൊടുക്കൽ – വാങ്ങലുകളുടെ ശരവേഗത്തിലാണ് സമകാലിക ലോകം. ലോകമാസകലം ശിഘ്രഗതിയിൽ വ്യാപാര – വാണിജ്യ വ്യാപനം. ഇതിലൂടെ മറുനാടൻ പണ (foreign exchange) സമാഹരണത്തിലും സമ്പദ് വ്യവസ്ഥയുടെ വളർച്ചയിലുമാണ് സർവ്വരുടെയും കണ്ണ്. വിപണി സമ്പദ് വ്യവസ്ഥയുടെ സവിശേഷതകളാണ് നിക്ഷേപങ്ങളുടെ പിൻബലത്തിലുള്ള വിപണിവിപുലീകരണവും പുതിയവ തേടിപിടിക്കുകയെന്നതും. ശേഷം വിപണിയിൽ വലിയൊരിടം പരമാവധി അരക്കിട്ടുറപ്പിക്കുക. ഇവിടെയാണ് വിപണി ആശ്രീത സമ്പദ് വ്യവസ്ഥയുടെ വലുപ്പവും ശക്തിയും വളർച്ചയും അടയാളപ്പെടുത്തുന്നത്. വിപണിയാണ് സർവ്വവും സമ്പദ് വ്യവസ്ഥയുടെ ഊർജ്ജവും. ഈ നവ സാമ്പത്തികശാസ്ത്രത്തെ മുൻനിറുത്തി ലോകത്തെ കീഴടക്കിയത് ചൈനീസ് നിക്ഷേപങ്ങൾ. 2019 ൽ മാത്രമായി വിദേശ രാഷ്ടങ്ങളിൽ ചൈന നടത്തിയ പ്രത്യക്ഷ നിക്ഷേപം 110 ബില്യൺ യുഎസ് ഡോളർ (1). 1990 – 2019 കാലയളവിൽ അമേരിക്കയുടെ വ്യാവസായിക മേഖലയിൽ 148.33 ബില്യൺ ഡോളർ ചൈനീസ് നിക്ഷേപം (2).
ഡെങ് സിയാ പോങിൻ്റ ചൈനയാണ് മാറ്റത്തിൻ്റെ പാതയിലേറിയത്. ‘പൂച്ച കറുത്തതായാലും വെളുത്തതായിലും വേണ്ടില്ല എലിയെ പിടിച്ചാൽ മതി’യെന്ന ഡെങിൻ്റെ വിഖ്യാത പ്രഖ്യാപനം. തുടർന്ന് ‘സോഷ്യലിസം ചൈനീസ് സവിശേഷതകളോടെ’യെന്ന പുത്തൻ സാമ്പത്തിക നയം. തങ്ങളുടെ ഉല്പാദന – സേവന വ്യവസായ മേഖലകൾക്ക് തഴച്ചുവളരാനുള്ള വളക്കുറുള്ള വിപണിയാക്കി ആഗോള വിപണി മാറ്റിയെടുക്കുന്നതിലുള്ള സാമ്പത്തിക ശാസ്ത്ര മികവിലാണ് ചൈന. ഇതാകട്ടെ കാലതാമസമില്ലാതെ ചൈനയെ ലോകത്തിൻ്റെ ധനമൂലധന ഹബ്ബാക്കി മാറ്റി. അപ്പോൾപോലും കമ്യൂണിസം ഉയർത്തിപ്പിടിക്കുന്നുവെന്ന പ്രതീതി നിലനിറുത്തുന്നതിൽ ചൈനീസ് കമ്യൂണിസ്റ്റ്പാർട്ടിയുടെ ശ്രദ്ധയിൽ കുറവൊന്നുമില്ല. ഇന്നത്തെ ഷി ജിൻ പിങുവരെയുള്ള ഡെങ് പിൻഗാമികൾ ‘സോഷ്യലിസം ചൈനീസ് സവിശേഷതകളോടെ’യെന്നതിൽ മൈത്രി മുതലാളിത്തത്തിൻ്റെ ചൈനീസ് മോഡൽ ഒളിച്ചുകടത്തുന്നതിൽ കൗശലക്കാരെന്ന് തെളിയിച്ചുകൊണ്ടേയിരിക്കുന്നു.
കുമിഞ്ഞുകൂടിയ ധനമൂലധന പിൻബലത്തിലുള്ള പുത്തൻ ചൈനീസ് സാമ്രാജ്യത്വ താല്പര്യാധിഷ്ഠിത സ്വപ്ന പദ്ധതിയാണ് ബൽറ്റ് ആന്റ് റോഡ് ഇനീഷ്യറ്റീവ് (ബിആർഐ). ഒരു ട്രില്യൺ യുഎസ് ഡോളർ ചെലവ് പ്രതിക്ഷിക്കപ്പെടുന്ന പദ്ധതി ആഗോള ജിഡിപിയുടെ 30 ശതമാനം പങ്കുപറ്റി ലോകത്തിന്റെ പകുതിയോളം ജനസംഖ്യയുമായി ബന്ധിപ്പിക്കുന്നു. ബിആർഐ നിക്ഷേപങ്ങളിലൂടെയും ദ്രുതഗതിയിൽ ഭൂഖണ്ഡാന്തര വിപണിവിപുലീകരണം സുസാധ്യമാക്കുകയാണ് ചൈന.
ചൈനയുടെ കടക്കരാണ് അമേരിക്ക
ഡെങ് സിയാ പോങിൻ്റ ചൈനയിൽ ആഗോള സാമ്പത്തിക മണ്ഡലം കണ്ടത് അമേരിക്കൻ സമ്പദ് വ്യവസ്ഥയെ കൈപ്പിടിയിലകപ്പെടുത്തുന്ന ചൈനീസ് സാമ്പത്തിക സിദ്ധാന്തങ്ങളും നയങ്ങളും സാമ്പത്തിക ശാസ്ത്ര പ്രയോഗവും. ചൈനീസ് കറൻസി (യുവാൻ) യുടെ മൂല്യം കുറച്ച് ഡോളറിൻ്റെ ആധിപത്യം ബോധപൂർവ്വം അനുവദിച്ചു. കുറഞ്ഞ വേതനത്തിൽ സുലഭമായ മാനവ വിഭവശേഷി. ഈ ചേരുവകൾ മുഖ്യമായും ചൈനയെ അമേരിക്കൻ കോർപ്പറേറ്റ് നിക്ഷേപകരുടെ ഇഷ്ട കേന്ദ്രമാക്കി. ചൈനയുടെ ഉല്പാദന – സേവന വ്യവയസായ മേഖലകളുടെ ഗ്രാഫ് മുകളിലോട്ട്. കയറ്റുമതി ഗ്രാഫും.
1990 ജൂൺ മുതൽ 2019 കാലയളവിൽ അമേരിക്കൻ നിക്ഷേപകരിൽ നിന്ന് ചൈനയിലെത്തിയത് 276.38 ബില്യൺ ഡോളർ. (3) അമേരിക്കയെ കയറ്റുമതി ഹബ്ബാക്കി മാറ്റിയതോടെ ലോകത്തിലെ കയറ്റുമതിയിധിഷ്ഠിത സമ്പദ് വ്യവസ്ഥയായി പടർന്നുപന്തലിച്ച ചൈനയുടെ വിദേശ വിനിമയ ശേഖരം 2020 മാർച്ചുവരെ ഏകദേശം 3 ട്രില്യൺ ഡോളർ. (4) 2018ൽ 737.1 ബില്യൺ യുഎസ് ഡോളറിൻ്റെ ചരക്ക് – സേവന വ്യാപാര ഇടപാടുകളാണ് ചൈനയുമായി അമേരിക്ക നടത്തിയത്. ഇതിൽ അമേരിക്കൻ കയറ്റുമതി 179.3 ബില്യൺ ഡോളർ. ചൈനയിൽ നിന്നുള്ള ഇറക്കുമതിയാകട്ടെ 557.9 ബില്യൺ. അതായത് ചരക്ക് – സേവന വ്യാപാരത്തിൽ ചൈനയുമായി അമേരിക്കയ്ക്ക് 378.6 ബില്യൺ ഡോളർ വ്യാപാര കമ്മി. (5) ചൈനീസ് വ്യാപാരമിച്ച ഗ്രാഫ് മുകളിലോട്ട്.
ചൈനീസ് ഉല്പാദകരുടെ കൈകളിലെത്തുന്ന ബില്യൺകണക്കിന് യുഎസ് ഡോളർ ദേശീയ കറൻസിയുമായി ചൈനീസ് സെട്രൽ ബാങ്ക് മാറ്റക്കച്ചവടം നടത്തുന്നു. ഇതിലൂടെ കുമിഞ്ഞുകൂടിയ ഡോളർ യുഎസ് കടപ്പത്രങ്ങളിലാണ് ചൈനീസ് സെട്രൽ ബാങ്ക് നിക്ഷേപിച്ചിരിക്കുന്നത്. ലോകത്തിൻ്റെ ഏറ്റവും സുരക്ഷിത കരുതൽ നാണയ വ്യവസ്ഥയെന്ന നിലയിൽ യുഎസ് ഡോളറിൽ ചൈനീസ് നിക്ഷേപം. 2020 ഫെബ്രുവരി വരെ ചൈനയുമായി അമേരിക്കയുടെ കടബാധ്യത 1.09 ട്രില്യൺ ഡോളർ. (6) ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്ക ചൈനയുടെ കടക്കരാണ്!
കടപ്പത്രങ്ങൾ ‘ആണവായുധ’മോ?
ചൈന വാരിക്കൂട്ടിയിട്ടുള്ള യുഎസ് കടപ്പത്രങ്ങൾ ഇരു രാഷ്ട്രങ്ങൾ തമ്മിലുള്ള വ്യാപാര യുദ്ധത്തിൽ അമേരിക്കെതിരെ ‘ആണവായുധ’മെന്ന നിലയിൽ പ്രയോഗിക്കപ്പെടുമോയെന്ന ആശങ്ക ആഗോള സാമ്പത്തിക മണ്ഡലത്തിൽ ഇല്ലാതില്ല. ആശങ്ക അസ്ഥാനത്തല്ലെന്നുവന്നാലത് ആണവായുധ പ്രയോഗത്തിലെന്ന പോലെ പരസ്പര നാശമായിരിക്കും അവശേഷിപ്പിക്കുക.
യുഎസ് – ചൈനീസ് വ്യാപാര യുദ്ധത്തിൽ അമേരിക്കയെ ദുർബ്ബലപ്പെടുത്തുകയെന്ന ലക്ഷ്യം വച്ച് കൈവശമുള്ള യുഎസ് ട്രഷറി കടപ്പത്രങ്ങൾ ചൈന വലിയ തോതിൽ വിറ്റഴിയ്ക്കുമെന്നുവന്നാലത് അമേരിക്കൻ സമ്പദ് വ്യവസ്ഥയിൽ അശുഭകരമായ ചലനങ്ങൾ സൃഷ്ടിച്ചേക്കാം. പലിശ നിരക്ക് വർദ്ധനക്ക് വഴിവച്ചേക്കും. പണ – കൺസ്യൂമർ വിവണികളിലുൾപ്പെടെയിത് വിപരീതഫലമായിരിക്കും സൃഷ്ടിക്കുക. അമേരിക്കൻ സമ്പദ് വ്യവസ്ഥയെ മന്ദഗതിയിലാക്കും. ലോകത്തിൻ്റെ ഏറ്റവും വലിയ കരുതൽ കറൻസിയെന്ന യുഎസ് ഡോളറിലുള്ള വിശ്വാസം ആഗോള നിക്ഷേപകർക്ക് നഷ്ടപ്പെടും.
ചൈന യുഎസ് കടപ്പത്രങ്ങൾ വിറ്റഴിയ്ക്കുകയെന്നത് ചൈനയ്ക്ക് തന്നെ കൈവിട്ടകളിയാകും. ഇത് ചൈനയുടെ കയറ്റുമതിയെ ദുർബ്ബലമാക്കും. വിപണിയിൽ വില കൂടുന്ന ചൈനീസ് ഉല്പന്നങ്ങൾക്ക് ആവശ്യക്കാർ കുറയുമെന്നിടത്ത് കയറ്റുമതി ഗ്രാഫ് താഴോട്ടായിരിക്കും. ഇത് ചൈനയുടെ കയറ്റുമതിയധിഷ്ഠത സമ്പദ് വ്യവസ്ഥയെ അനിശ്ചിതാവസ്ഥയിലേക്ക് കൂപ്പുകുത്തിക്കും. തൊഴിലില്ലാഴ്മ തലപൊക്കും. യുഎസ് കടപ്പത്രങ്ങളുടെ വിലയിടിയുന്നത് ചൈനയുടെ കയ്യിൽ അവശേഷിക്കുന്ന യു എസ് കടപ്പത്രങ്ങളുടെ മൂല്യശോഷണത്തിൽ കലാശിക്കും. ഇത്തരമൊരു സാമ്പത്തിക അവസ്ഥാന്തരം ചൈനയ്ക്ക് താങ്ങാനാവില്ല. അതുകൊണ്ടുതന്നെ മുഖ്യ നിക്ഷേപ – കയറ്റുമതി പാർട്ണറായ അമേരിക്കയുടെ സമ്പദ് വ്യവസ്ഥയെ തളർത്തിയും ആഗോള സമ്പദ് വ്യവസ്ഥയെ ഒന്നടങ്കം അവതാളത്തിലാക്കിയുമുള്ള പരസ്പരനാശം വരുത്തിവയ്ക്കാൻ ചൈന കണ്ണുംപൂട്ടി മുതിരുമെന്ന് കരുതുക വയ്യ.
കുമിഞ്ഞുകൂടിയ സമ്പത്തിൻ്റെ പിൻബലത്തിൽ നൂറ്റാണ്ടുകൾ പാരമ്പര്യമുള്ള അമേരിക്കൻ മുതലാളിത്തത്തോട് മത്സരിയ്ക്കാമെന്നായി ‘ഇന്നലെ പൊട്ടിമുളച്ച’ ചൈനീസ് മോഡൽ മുതലാളിത്തം. ഒപ്പം അമേരിക്കൻ സമ്പദ് വ്യവസ്ഥയെ വില പറഞ്ഞുവാങ്ങുവാനുള്ള ശേഷിയാർജ്ജിച്ചിരിക്കുന്നവെന്ന ഉള്ളിലിരിപ്പും! രാഷ്ട്രതന്ത്രജ്ഞനെന്ന നിലയിൽ പ്രസിഡൻ്റ് ട്രമ്പിൻ്റെ കുറവുകൾ കണ്ടുപിടിക്കപ്പെടുന്നുണ്ട്. ട്രമ്പ് വിമർശിക്കപ്പെടുന്നുണ്ട്. വിപണിയിലെ നേട്ടങ്ങളും കോട്ടങ്ങളും പക്ഷേ ആവോളം അനുഭവിച്ചറിഞ്ഞിട്ടുള്ള വ്യവസായിയും ബിസിനസ്സുക്കാരനും കൂടിയാണ് പ്രസിഡൻ്റ് ട്രമ്പ്. അതുകൊണ്ടു തന്നെ ചൈനയുടെ വ്യാപാര – വാണിജ്യ തന്ത്രങ്ങളുടെ മുനയൊടിക്കുന്നതിലുള്ള തന്ത്രങ്ങൾ പയറ്റുന്നതിൽ ട്രമ്പ് പിറകിലല്ല.
ട്രമ്പിൻ്റെ മുൻഗണനാക്രമത്തിൽ ‘അമേരിക്ക ആദ്യം’ എന്നത് സ്ഥാനം പിടിച്ചു. ചൈനീസ് കൈപ്പിടിയിൽ നിന്ന് അമേരിക്കൻ സമ്പദ് വ്യവസ്ഥയെ മോചിപ്പിക്കുകയെന്നതാണ് മുഖ്യ ഊന്നൽ. ഇതിൻ്റെ പ്രതിഫലനമായി അമേരിക്കയിലെത്തുന്ന ചൈനീസ് ഉല്പപന്നങ്ങളുടെ തീരുവ കുത്തനെകൂട്ടികൊണ്ടുള്ള ട്രമ്പു ഭരണകൂട തീരുമാനം. പരസ്പരം കൊടുക്കൽ – വാങ്ങലുകളിൽ വ്യാപൃതരായ ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥകൾ തമ്മിലുള്ള വ്യാപാര – വാണിജ്യ തർക്കത്തിൻ്റെ വേഗത വർദ്ധിപ്പിക്കുന്നതായി ഈ തീരുമാനം.
ഇറക്കുമതി തീരുവയിൽ ചൈനീസ് നഷ്ടം
യുഎസ് – ചൈനീസ് വ്യാപാര തർക്കത്തിൽ 2018ൽ ചൈനക്കുമേൽ ട്രമ്പ് ഉയർത്തിയ ഇറക്കുമതി തീരുവ കയറ്റുമതിയധിഷ്ഠിത ചൈനീസ് സമ്പദ് വ്യവസ്ഥയുടെ വളർച്ചയെ പിടിച്ചുലയ്ക്കാതിരുക്കുന്നില്ല. ഇറക്കുമതി തീരുവ ഉയർത്തുന്ന വേളയിൽ ചൈനയുമായുള്ള അമേരിക്കൻ വ്യാപാരകമ്മി 419.5 ബില്യൺ ഡോളർ. ഉയർന്ന ഇറക്കുമതി തീരുവ ഏർപ്പെടുത്തിയതോടെ അമേരിക്കയുടെ വ്യാപാര കമ്മി 345.6 ബില്യണിലേക്ക് ചുരുങ്ങി. 2018 നെ അപേക്ഷിച്ച് 18 ശതമാനം കുറവ്! (7) ചൈനീസ് കയറ്റുമതിക്ക് ഒരു പരിധിവരെ തടയിടുന്നവസ്ഥ.
ചൈനയിൽ നടത്തിയിട്ടുള്ള നിക്ഷേപങ്ങൾ സാവധാനമെങ്കിലും പിൻവലിക്കുവാനുള്ള നീക്കത്തിലാണ് അമേരിക്കൻ കോർപ്പറേറ്റുകൾ. നിക്ഷേപ വിന്യാസത്തിൽ അമേരിക്കൻ സംരംഭകരുടെ കാതലായ വ്യതിയാനം. വിയറ്റനാമടക്കമുള്ള ദക്ഷിണ-പുർവ്വേഷ്യൻ രാഷ്ട്രങ്ങളെ അമേരിക്കൻ കോർപ്പറേറ്റുകൾ തങ്ങളുടെ ഇഷ്ടനിക്ഷേപ കേന്ദ്രങ്ങളായി കാണാൻ തുടങ്ങിയിരിക്കുന്നു. ചൈനയോട് വിടപറയാൻ സാധ്യതയുണ്ടെന്നു കരുതപ്പെടുന്ന അമേരിക്കൻ നിക്ഷേപകരെ മാടിവളിയ്ക്കാൻ ഈ കോറോണക്കാലത്ത് ഇന്ത്യയും മുന്നിലുണ്ട്. ട്രമ്പ് ഭരണകൂടത്തിൻ്റെ വ്യാപാര – വാണിജ്യ തീരുമാനങ്ങൾ ചൈനീസ് സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടിയാകുന്നതിൻ്റെ സൂചനകളാണിതെല്ലാം.
ഇറക്കുമതി – കയറ്റുമതിയിൽ അമേരിക്കൻ വ്യാപാരകമ്മിയും ചൈനയുടെ വ്യാപാര ശിഷ്ടവും തമ്മിലുള്ള വിടവ് ഒറ്റയടിക്ക് ചൈനക്കെതിരെ ഇറക്കുമതി തീരുവ ഉയർത്തി നികത്തുക. ചൈനയെ വ്യാപാര യുദ്ധത്തിലൂടെ തളയ്ക്കുക. ട്രമ്പിൻ്റെ ഈ നീക്കം പക്ഷേ പൂർണ്ണമായും അർത്ഥവത്താകുകയെന്നത് എളുപ്പമാകില്ല. ചൈനീസ് ദേശീയ കറൻസിക്കുമേൽ ഡോളറിന് അനുവദിക്കപ്പെട്ടിട്ടുള്ള അപ്രമാദിത്വം. ചൈനീസ് ജനതയുടെ താഴ്‌ന്ന ജീവിത നിലവാരം. ഇതിനനുസൃതമായി കുറഞ്ഞ കൂലിഘടനയിൽ തൊഴിൽസേന. ചൈനയിൽ ഉല്പാദന ചെലവ് കുറവ്. ഇത്തരമൊരു സാമ്പത്തിക സ്ഥിതിവിശേഷത്തിൽ അമേരിക്കൻ ജനത സ്വഭാവികമായും മുൻതൂക്കം നൽകുക ഇറക്കുമതിയിലൂടെ ആഭ്യന്തര വിപണിയിൽ വിലകുറവിൽ ലഭ്യമാക്കപ്പെടുന്ന ടോയലറ്റ് ടിഷ്യൂ പേപ്പർ മുതൽ ഇലകട്രോണിക്ക് – കമ്പ്യൂട്ടർ ഉപ്പന്നങ്ങൾ, മൊബൈൽ ഫോൺ, ഗൃഹോപകരണങ്ങൾ, കളിപ്പാട്ടങ്ങൾ, സോളാർ പാനൽ തുടങ്ങിയ ചൈനീസ് ഉല്പന്നങ്ങൾക്കാണ്. ഇതിനൊരു മാറ്റമെന്നത് അമേരിക്കൻ നിർമ്മിത ഉല്പന്നങ്ങൾ ചൈനീസ് ഉല്പന്നങ്ങളുടെ വിലക്ക് വിപണിയിൽ ലഭ്യമാക്കപ്പെടുകയെന്നതാണ്. ഉയർന്ന ജീവിത നിലവാര സൂചിക പ്രകാരമുള്ള കൂലിഘടനയാണ് അമേരിക്കയിൽ. ഉല്പാദന ചെലവ് കൂടുതൽ. അതുകൊണ്ടുതന്നെ ചൈനയെപോലെ ഉല്പന്നങ്ങൾ വില കുറച്ചുനൽകുകയെന്നത് അമേരിക്കയെ സംബന്ധിച്ചിടത്തോളം സാമ്പത്തികമായി പ്രായോഗികമാകില്ല.
പരസ്പരനാശം വിതയ്ക്കാൻ ശേഷിയുള്ള ആയുധശേഖരങ്ങൾ പ്രയോഗിച്ചുള്ള യുദ്ധം പൊതുവെ അസ്വീകാര്യം. രാജ്യാത്തിർത്തിക്കൾപ്പുറം വൻ നിക്ഷേപങ്ങൾ വാരിവിതറിയുള്ള ഈ മാറിയക്കാലത്ത് പ്രത്യേകിച്ചും. വ്യാപാര യുദ്ധമെന്നതിലും പതി യിരിയ്ക്കുന്നത് പരസ്പര നാശം. അപ്പോൾപോലും ശീഘ്രഗതിയിൽ വളരുന്ന ആഗോള സാമ്പത്തിക ശക്തിയെന്ന നിലയിൽ തങ്ങൾ നിശ്ചയിക്കുന്നതായിരിക്കണം ഇനിയുള്ള ലോകക്രമമെന്ന് ചൈന മനഃക്കോട്ടകെട്ടുന്നുണ്ടാകാം. ഇതിനെ തടയിടാൻ സൈനീകവും സാമ്പത്തികവുമായി ലോകാധിപത്യം കയ്യാളികൊണ്ടേയിരിക്കുന്ന അമേരിക്ക കൺതുറന്നിരിക്കുന്നുവെന്ന തിരിച്ചറിവും ചൈനക്ക് ഇല്ലാതിരിക്കില്ല. ഇവിടെയാണ് ആഗോളാധിപത്യമെന്ന ലക്ഷ്യത്തിലെത്തിചേരുന്നതിനും ആഗോളാധിപത്യം നിലനിറുത്തുന്നതിനുമുള്ള യഥാക്രമം ചൈനയും അമേരിക്കയും തമ്മിലുള്ള മത്സരങ്ങളുടെ തുടർച്ചക്ക് ലോകം വേദിയായികൊണ്ടിരിക്കുന്നത്. ഇരു രാഷ്ട്രങ്ങൾ തമ്മിലുള്ള സാമ്പത്തിക ശാക്തിക ബലാബലമുറപ്പിക്കുന്നതിനായി കൊണ്ടുംകൊടുത്തുമുള്ള വ്യാപാര യുദ്ധം കാലത്തോടൊപ്പം തുടരാതിരിക്കില്ല. ചൈനക്ക് അമേരിക്കയെ ആവശ്യമുള്ളതിനെക്കാൾ അമേരിക്കക്ക് ചൈനയെ ആവശ്യമുണ്ടെന്നത് പരമമായ യാഥാർത്ഥ്യം.(8) അതുകൊണ്ടുതന്നെ ഇരു രാഷ്ട്രങ്ങൾക്കിടയിൽ ആണവായുധങ്ങളും സമ്പത്തും മുൻനിറുത്തിയുള്ള ശാക്തിക ബലാബലങ്ങളുടെ മാറ്റുരയ്ക്കലുകളും ഉരസലുകളും ഏറിയുംകുറഞ്ഞും പ്രകടമാകാം. അത് പക്ഷേ അന്തർദേശീയ രാഷ്ട്രീയത്തിൻ്റെ സ്ഥായിയായ ചേരുവയായി തീരുമെന്നതിനപ്പുറത്തേക്ക് വികസിക്കുമെന്ന് കരുതേണ്ടതില്ല.
ചൈനയെ പ്രതിക്കൂട്ടിലാക്കിയ വൈറസ്
കൊവിഡ് – 19 മഹാമാരി ആഗോളതലത്തിൽ തന്നെ രോഗാതുരമായ ജനസഞ്ചയത്തെ സൃഷ്ടിക്കുന്നു. വൈറസിൻ്റെ പിടിയിലകപ്പെടാതിരിക്കുകയെന്നതിൻ്റെ പേരിൽ ജനങ്ങൾ തടങ്കിലാക്കപ്പെട്ടിരിക്കുന്നു. ലോകം ഒന്നടങ്കം നിശ്ചലം. ലോകത്തെ തൊഴിലില്ലാഴ്മയിൽ 10 ശതമാനം വർദ്ധന.195 മില്യൺ ജനങ്ങൾ തൊഴിൽരഹിരാകുമെന്ന് ഐഎൽഒ മേധാവി. (9)ഭക്ഷ്യക്ഷാമം. 25 കോടിയിലേറെ ജനങ്ങൾ പട്ടിണിയിൽ. സ്വന്തം സ്റ്റൗവും ഗ്യാസ് സിലിണ്ടറും വിറ്റ് ഭക്ഷണത്തിനായ് പൈസ കണ്ടെത്തുന്നു!(10) വിശപ്പ് സഹിയ്ക്കാനാകാതെ തവളയെ പിടിച്ചുതിന്നുന്നു!(11) ആറു ചപ്പാത്തിയ്ക്കായ് മണിക്കൂറുകളോളം വരിനിൽക്കുന്നവർ. ഇതിൻ്റെയെല്ലാം കടുത്ത പ്രത്യാഘാതമായി ആഗോളവിപണി നിശ്ചലം. കോവിഡ് – 19 മൂലം 170 രാഷ്ട്രങ്ങളുടെ ആളോഹരി ജിഡിപിയിൽ മൂന്നു ശതമാനം കുറവുണ്ടാകുമെന്ന് ഐഎംഎഫ്. ആഗോള വിവണി 35 ശതമാനത്തിൻ്റെ കുറവിൽ. ’30 കളിലെ മഹാമാന്ദ്യത്തിൻ്റെ അവസ്ഥയിലേക്ക് ലോകം നീങ്ങുന്നു – ഇത് ലോക സാമ്പത്തിക ഫോറത്തിൻ്റെ മുന്നറിയിപ്പ്. കൊവിഡ് – 19 രോഗ വ്യാപനം ആഗോളതലത്തിൽ വാങ്ങൽശേഷിയെ പാടേ ശോഷിപ്പിക്കുമെന്നു ചുരുക്കം.
ലോകമാസകലം നടത്തിയിട്ടുള്ള നിക്ഷേപങ്ങളുടെ സുരക്ഷിത്വവും നിക്ഷേപങ്ങളിൽ നിന്ന് തടസ്സമില്ലാതെയുള്ള റിട്ടേണുകളും പരമപ്രധാനം. അതുകൊണ്ടുതന്നെ ആഗോള വിപണിയുടെ ചലനാത്മകത പരിക്കുകളേതുമില്ലാതെ നിലനിറുത്തണം. ഇതിൽ മറ്റാരേക്കാൾ ഉത്തരവാദിത്തം ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയും 2024 ഓടെ 20 ട്രില്യൺ ഡോളർ വളർച്ച(12) ലക്ഷ്യമിടുന്ന ചൈനക്ക് തന്നെയാണ്. ജനങ്ങളുടെ വാങ്ങൽ ശേഷി ശക്തിപ്പെടുന്നിടത്തേ പരമാവധി വിപണി ശക്തിപ്പെടൂയെന്നത് വിപണി സാമ്പത്തിക ശാസ്ത്രം.
സമ്പത്ത് വാരിപിടിക്കുന്നതിലുള്ള മികവിൽ പക്ഷേ മതിമറന്ന് അമേരിക്കൻ മുതലാളിത്തത്തെ പിന്തള്ളി ലോകാധിപത്യമുറപ്പിക്കുക. ഈ ലക്ഷ്യ സാധൂകരണത്തിലേക്കുള്ള കുറുക്കുവഴിയായി അമേരിക്കയുൾപ്പെടെയുള്ളവർ ആരോപിക്കുമ്പോലെ കൊറോണ വൈറസിലൂടെ ജൈവായുധ വ്യാപനം. ജനസഞ്ചയത്തെ രോഗാതുരാവസ്ഥയിലേക്ക് തള്ളിവിടുക. വിപണിയുടെ ചലനാത്മകതക്ക് ഭംഗംവരുത്തുക. അതിൽ നിന്ന് മുതലെടുപ്പു നടത്തുക. വീണ്ടുവിചാരമില്ലാതെ ഇത്തരം വളഞ്ഞവഴികൾ ചൈന പിന്തുടരുന്നുണ്ടോ? ഉണ്ടെന്നാണെങ്കിൽ ചൈനക്കത് ഇരിക്കുന്ന കൊമ്പുമുറിക്കുന്നതിനു തുല്യമാകാതെ തരമില്ല.
കൊറോണക്കാല കച്ചവടക്കണ്ണ്
കോവിഡ് – 19 ഓഹരി കമ്പോളങ്ങളെയും കൂപ്പുകുത്തിച്ചു. വൻകിട കോർപ്പറേറ്റ് സ്ഥാപനങ്ങൾ പോലും ആടിയുലയുകയാണ്. കോവിഡ് – 19 മൂലം നഷ്ടങ്ങളുടെ അക്കൗണ്ട് ബുക്കുകളിലകപ്പെട്ടുപോയ കമ്പനികൾ തങ്ങളുടെ ഓഹരികൾ കിട്ടിയ വിലയ്ക്ക് ഓഹരി കമ്പോളത്തിൽ വിറ്റഴിക്കുന്നു. ചൈനയാകട്ടെ ഈ അവസരം മുതലാക്കി അത്തരം ഓഹരികൾ വാങ്ങിക്കൂട്ടുന്നു. ചില കമ്പനികളെ ഏറ്റെടുക്കുന്നു. കോവിഡ്-19 പ്രതിസന്ധി തങ്ങളുടെ ധനമൂലധന ശേഷിക്ക് കോട്ടമേല്പിച്ചിട്ടില്ലെന്നുകൂടി തെളിയിക്കുകയാണ് കൊറോണക്കാലത്തെ ഓഹരി കമ്പോള ഇടപെലിലൂടെ ചൈന. ആഗോള
വിപണി വിപുലീകരണമെന്ന സാമ്പത്തിക നയതന്ത്രത്തിൻ്റെ പ്രയോഗവൽക്കരണം ചൈന പൂർവ്വാധികം ശക്തിപ്പെടുത്തുകയുമാണ്. അവസരങ്ങൾക്കൊത്ത ചൈനീസ് കച്ചവടക്കണ്ണ്! ഇതിനിടെ കൊറോണക്കാലത്തെ ഓഹരി കമ്പോളത്തിലെ ചൈനീസ് ഇടപെടൽ തടയിടുന്നതിനായ് ഇന്ത്യ, ജർമ്മനി, ആസ്ട്രേലിയ, ചെക്ക് റിപ്പബ്ലിക്ക് തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ വിദേശ നിക്ഷേപ / ഏറ്റെടുക്കൽ വ്യവസ്ഥകൾ ഭേദഗതികൾ ചെയ്തു.(13) ഈ നീക്കം പക്ഷേ വിശ്വവ്യാപാര സംഘടനാവ്യവസ്ഥകളുടെ ലംഘനമാണെന്ന് ഇതിനകം തന്നെ ചൈന ചൂണ്ടികാണിച്ചത് ശ്രദ്ധേയം.
ആഗോള സമ്പദ് വ്യവസ്ഥയിൽ തങ്ങളുടെ സമ്പദ് വ്യവസ്ഥയെ കൃത്യമായി അടയാളപ്പെടുത്തുന്നതിലുള്ള ചൈനീസ് സാമ്പത്തിക ശാസ്ത്ര പ്രയോഗവൽക്കരണത്തിലും സാമ്പത്തിക നയരൂപീകരണത്തിലുമുള്ള ചൈനയുടെ മികവിൽ ട്രമ്പിൻ്റെ അമേരിക്ക അസ്വസ്ഥമാണ്. ഇത് പക്ഷേ പുതിയ കാര്യമേയല്ല. അതുകൊണ്ട് കൊവിഡ് – 19 വ്യാപനത്തിന് പിന്നിൽ ചൈനയാണെന്ന മുതലാളിത്ത രാഷ്ട്രങ്ങളുടെ പ്രത്യേകിച്ചും ട്രമ്പിൻ്റെ അമേരിക്കൻ മുൻകയ്യിലുള്ള പ്രചരണങ്ങളിൽ മുൻചൊന്ന ട്രമ്പുഭരണകൂട അസ്വസ്ഥത പ്രതിഫലിച്ചിട്ടുണ്ടെങ്കിൽ തന്നെയതിൽ അതിശയോക്തിക്ക് ഇടമില്ല.
തുറന്നുകാണിക്കപ്പെട്ട ആരോഗ്യമേഖല
കൊറോണ വൈറസ് വ്യാപനത്തെപ്രതി ചൈനയെ പ്രതിക്കൂട്ടിൽ നിറുത്തുന്നവ രാകട്ടെ തങ്ങളുടെ ജനതയുടെമേൽ വൈറസ് പിടിമുറുക്കുന്നുവെന്നത് കാണേണ്ട സമയത്ത് കാണാൻ തയ്യാറായില്ല. അതല്ലെങ്കിൽ വിമുഖത പ്രകടിപ്പിച്ചു. ഇതിൻ്റെ തിക്തഫലമാണ് അമേരിക്കയിലുൾപ്പെടെയുള്ള രാജ്യങ്ങളിൽ കൊറോണ വൈറസിൻ്റെ താണ്ഡവം. അമേരിക്കയടക്കമുള്ള രാഷ്ട്രങ്ങളുടെ പൊതുജനാരോഗ്യ മേഖലയുടെ അപര്യാപ്തതയും ദുർബ്ബലാവസ്ഥയും ഈ വേളയിൽ ഇതിനകം തുറന്നുകാണിക്കപ്പെട്ടിരിക്കുന്നു. ഇക്കാര്യത്തെപ്രതി ഗൗരവമേറിയ ചർച്ചയിലേക്ക് ലോകം വഴിമാറരുത്. ഈ ദിശയിലുള്ള തന്ത്രവും ചൈനക്കെതിരെയുള്ള കുറ്റപ്പെടത്തലുകളിൽ അമേരിക്കയടക്കമുള്ളവർ പ്രയോഗിച്ചിട്ടുണ്ടാകാം.
സുയ്സി ക്രഡിറ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധികരിച്ച ഗ്ലോബൽ വെൽത്ത് റിപ്പോർട്ട് (14) പ്രകാരം ലോകത്തിൻ്റെ മൊത്തം സമ്പത്ത് 360 ട്രില്യൺ ഡോളർ. ഹോംകോങിൻ്റ ഉൾപ്പെടുത്താതെ ചൈനയുടെ മൊത്തം സമ്പത്ത് 63.8 ട്രില്യൺ ഡോളർ. സുയ്സി ക്രഡിറ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഗ്ലോബൽ വെൽത്ത് റിപ്പോർട്ട് (15) പ്രകാരം 106 ട്രില്യൺ ഡോളർ സമ്പത്തുമായി അമേരിക്ക തന്നെയാണ് മുന്നിൽ. 2018 ഒക്ടോബർ മുതൽ ആരംഭിച്ച അമേരിക്ക – ചൈന വ്യാപാര തർക്കവേളയിലും സമ്പത്ത് സ്വരൂപണത്തിൽ ഈ ഇരു രാജ്യങ്ങൾ തന്നെയാണ് ഒന്നും രണ്ടും സ്ഥാനത്ത് തുടരുന്നതെന്ന് പ്രത്യേകം ശ്രദ്ധേയം.
ആഗോള ജനസംഖ്യ (759.43 കോടി – 2018) യുടെ കേവലം 0.8 ശതമാനത്തിലാണ് ഈ സമ്പത്ത് കേന്ദ്രീകരണം. ഇത് സമകാലിക മൈത്രി മുതലാളിത്തം തടസ്സങ്ങളേതുമില്ലാതെ ഇനിയും ശക്തിയാർജ്ജിക്കുന്നതിൻ്റെ ലക്ഷണം. സമ്പത്തിൻ്റെ വിതരണക്രമത്തിൽ നാൾക്കുനാൾ കനംവയ്ക്കുന്ന ഈ അസന്തുലിതാവസ്ഥ ആത്യന്തികമായി മൈത്രി മുതലാളിത്തത്തിനും ചൈനീസ് മോഡൽ മുതലാളിത്തത്തിനും ഒരേപോലെ തന്നെ വിനയാകാമെന്നുകൂടി ഈ കൊറോണക്കാലത്ത് പറയേണ്ടിയിരിക്കുന്നു.
(ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ റിസർച്ച് ഫെല്ലോയാണ് ലേഖകൻ – 94 96 1234 65)
[1]റോയിട്ടർ, 21.01.2020
2us-china-fdi.com, The US-China Investment Hub)
3us-china-fdi.com, The US-China Investment Hub
4https://www.investopedia.com/articles/investing/040115/reasons-why-china-buys-us-treasury-bonds.asp
5https://ustr.gov/countries-regions/china-mongolia-taiwan/peoples-republic-china
6https://www.thebalance.com/u-s-debt-to-china-how-much-does-it-own-3306355
7https://www.thebalance.com/u-s-china-trade-deficit-causes-effects-and-solutions-3306277
9news.un.org , 2020 ഏപ്രിൽ 08
10biharpost.in, 2020 April 11
11scroll.in, 2020 ഏപ്രിൽ 20
12nasdaq.com, 2020 ജനുവരി 22
13livemint.com 2020 ഏപ്രിൽ 21
14 2019 ഒക്ടോബർ22
15 2019 ഒക്ടോബർ21