എക്സിക്യുട്ടിവ് എഡിറ്റർ, കെ.കെ ശ്രീനിവാസൻ എഴുതുന്നു
2013 നവംമ്പർ 07. 2013 നവംമ്പർ 08. ഗോവ ഗ്രാൻറ് ഹായത്ത് പഞ്ചനക്ഷത്ര ഹോട്ടൽ. ഏഴാം ബ്ലോക്കിലെ ലിഫ്റ്റ്. ഈ കുറിക്കപ്പെട്ട ദിവസങ്ങൾ. ഹോട്ടൽ. ലിഫ്റ്റ്. ഈ ദിനങ്ങളിലാണ്, സ്ഥലത്താണ് ഇന്ത്യൻ മാധ്യമപ്രവർത്തന രംഗത്തെ ഒരതികായകൻ്റെ അതിദയനീമായ പതനംകുറിക്കപ്പെട്ടത്. ആ അതികായകൻ മറ്റാരുമായിരുന്നില്ല – തരുൺ തേജ്‌പാൽ. ഇതോടൊപ്പം സൃഷ്ടിക്കപ്പെട്ടതാകട്ടെ മുഖവും പേരും ‘നഷ്ട’പ്പെട്ടുപോയ പ്രൊഫഷണൽ മാധ്യമരംഗത്ത് ശ്രദ്ധേയമാകേണ്ടിയിരുന്ന ഒരു മാധ്യമ പ്രവർത്തക.
അഴിമതിക്കെതിരെ കുരിശുയുദ്ധം. അഴിമതിക്കെതിരെ വേറിട്ട മാധ്യമം – തെഹ്ൽക്ക മാഗസിൻ. രാജ്യത്തിൻ്റെ മാധ്യമരംഗത്തിന് ഒട്ടും പരിചിതമല്ലാത്ത പത്രപ്രവർത്തന പ്രയോക്താവ്. അന്വേഷണാത്മക മാധ്യമ പ്രവർത്തനത്തിന് ഒരു പുതുപുത്തൻ ആമുഖം. ഒളിക്യാമറാ മാധ്യമ പ്രവർത്തനം. ഇപ്പറഞ്ഞ സവിശേഷതകളും വിശേഷണങ്ങളും തെഹ്ൽക്കക്ക് ഒട്ടുമേ അധികപ്പറ്റായിരുന്നില്ല.
ഇന്ത്യൻ അധികാര രാഷ്ട്രീയത്തിൻ്റെ അകത്തളങ്ങൾ അഴിമതിയുടെ അരങ്ങ്. അധികാരത്തിൻ്റെ ഇടനാഴികളിൽ സ്ഥാപിത താല്പര്യ സംസ്ഥാപനത്തിനായ് കൊടുക്കൽ – വാങ്ങലുകൾ. അധികാര കേന്ദ്രങ്ങളിൽ ഊതിക്കാച്ചിയെടുത്ത രഹസ്യാത്മകത. പരമ്പരാഗത മാധ്യമ പ്രവർത്തനത്തിന് അധികാരത്തിൻ്റെ അന്തപുരങ്ങളിലേക്കുള്ള പ്രവേശനം പൊതുവെ അന്യം. ഇവിടെയാണ് രാജ്യത്തെ മാധ്യമ പ്രവർത്തനത്തിന് കാലത്തിൻ്റെ അപ്ഡേഷനെന്നോണം തെഹ്ൽക്കയുടെ രംഗപ്രവേശം. ഈ മാധ്യമ പ്രവർത്തന കൊടുങ്കാറ്റ് (തെഹ്ൽക്ക = കൊടുങ്കാറ്റ് ) അധികാര സോപാനത്തിൽ പരിലസിക്കുന്നവരുടെ ദുർ ചെയ്തികളിലേക്ക് ആഞ്ഞുവിശുന്നതിൻ്റെ പ്രകടമായ ലക്ഷണങ്ങൾ സൃഷ്ടിച്ചു. അഴിമതി കണ്ടെത്തി പക്ഷേ മാലോകരെ അറിയിക്കുന്നതിൽ സവർണ – അവർണ വേർതിരിവ് തീർക്കുന്നതിൽ തരുൺ തേജ്പാലെന്ന പത്രാധിപർ മുതിർന്നില്ലേയെന്ന് സംശയം ഇപ്പോഴും ബാക്കി.
ഇന്ത്യയിൽ മാധ്യമ പ്രവർത്തന സപര്യയിൽ കൊടുങ്കാറ്റിനു തിരി കൊളുത്തിയ തെഹ്ൽക്കയുടെ സ്ഥാപക എഡിറ്റർ തരുൺ തേജ്‌പാൽ പക്ഷേ അടിതെറ്റി വീണു – അതീവ ദയനീയമായി. 2013 നവംമ്പർ ഏഴ്, എട്ട് ദിനങ്ങളിൽ തെഹ്ൽക്കയുടെ പ്രൗഢഗംഭീര വാർഷികാഘോഷം. ഇന്ത്യയുടെ കടലോര വിനോദ സഞ്ചാരത്തിൻ്റെ പറുദീസയായ ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടൽ ഗ്രാൻ്റ് ഹയത്ത് ഹോട്ടൽ ആഘോഷവേദി. തിങ്ക് ഫെസ്റ്റ് എന്ന് പേരിട്ട ആഘോഷം. ഹോളിവുഡ് സിനിമാവ്യക്തിത്വം റോബർട്ട് ഡി നിറോയുൾപ്പെടെയുള്ള സവിശേഷ വ്യക്തിത്വങ്ങളുടെ നിറസാന്നിദ്ധ്യം.
നവീന മാധ്യമ പ്രവർത്തന രീതിശാസ്ത്രത്തിൻ്റെ വഴികൾ തേടി വൈവിധ്യവും സമ്പന്നവുമായ ചർച്ചകൾ. സെമിനാറുകൾ. അത്യാഢമ്പര വിരുന്നു സൽക്കാരം. തെഹ്ൽക്കയുടെ തിളക്കമാർ വിജയവും വളർച്ചയും കൊടിക്കെട്ടിയുർത്തിയ വാർഷികാഘോഷ ലഹരിയിൽ തെഹ്ൽക്ക മാധ്യമ കുടുംബം മതി മറന്നു.
ആഘോഷ ‘ലഹരി’യിൽ പക്ഷേ തെഹ്ൽക്ക എഡിറ്റർ, തലതൊട്ടപ്പൻ തരുൺ തേജ്‌പാലിൻ്റെ സമനില തെറ്റിച്ചു. വാർഷികാഘോഷ ‘ലഹിരി’യിൽ ലൈംഗീക വികാരത്തിനടിപ്പെട്ടു പോയി തേജ്‌പാൽ. തൻ്റെ ജൂനിയറായ സഹപ്രവർത്തകയോടുള്ള തേജ്‌പാലിൻ്റെ ലൈംഗികാഭിനിവേശം. ഒരു തവണ. രണ്ടു തവണ. 2013 നവംമ്പർ 07. 2013 നവംബർ 08. ഹോട്ടൽ ലിഫ്റ്റിൽ വച്ച്.
തൻ്റെ ബോസിൻ്റ ലൈംഗികാഭിനിവേശത്തിന് താൻ ഇരയാകുമെന്ന് യുവതിയായ മാധ്യമ പ്രവർത്തക പ്രതിക്ഷച്ചതല്ല. തീർത്തും അപ്രതീക്ഷവും അനിഷ്ടകരവുമായ ലൈംഗീകമായ പെരുമാറ്റം. ആഘോഷപരിപാടികളുടെ സംഘാടനത്തിൽ അത്യുത്സാഹിയായി നിറഞ്ഞു നിന്ന യുവ മാധ്യമ പ്രവർത്തക. തേജ്‌പാലിൻ്റെ അനിഷ്ടകരമായ പെരുമാറ്റം പക്ഷേ മാധ്യമ പ്രവർത്തകയെ ആത്മസംഘർഷത്തിൻ്റെ തടവറയി ലകപ്പെടുത്തി. സങ്കടം. അമർഷം. വെറുപ്പ്. സ്ത്രീത്വം അപമാനിക്കപ്പെട്ടുവെന്ന കലശലായ തോന്നൽ. അലോസരമാക്കപ്പെട്ട മനസ്. ഇവിടെയാണ് തേജ്‌പാലിൻ്റെ ലൈംഗികാതിക്രമത്തിനെതിരെ പോരാടുകയെന്ന നിശ്ചയദാർഢ്യത്തിൽ യുവതിയെത്തിചേർന്നത്. ഈ നിശ്ചയദാർഢ്യമാണ് ഇന്ത്യൻ പത്രപ്രവർത്തന രംഗത്തെ അതികായകനായ തരുൺ തേജ് പാലിൻ്റെ പതനത്തിന് പാതയൊരുങ്ങിയത്.
2013 നവംമ്പർ 18 ന് യുവതി തെഹ്ൽക്ക മാനേജിങ് എഡിറ്റർ ഷോമ ചൗധരിക്ക് സ്വന്തം ബോസിൽ നിന്നു നേരിടേണ്ടിവന്ന കൊടിയ അപമാനത്തിൻ്റെ പൂർണ വിവരങ്ങളുൾപ്പെടുത്തി പരാതി നൽകി. കേവലമൊരു ഖേദ പ്രകടനത്തിലൂടെ തലയൂരാമെന്ന് തേജ്‌പാൽ കരുതി. അപ്പോഴെയ്ക്കും പക്ഷേ ബിജെപിയുടെ ഗോവ മുഖ്യമന്ത്രി മനോഹർ പരീഖർ പൊലിസ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. കോൺഗ്രസ് പക്ഷപാതിയെന്ന് ബിജെപി കരുതിപോന്ന തേജ്‌പാലിനെ വീഴ്ത്തുക. ഇതിനായി ബിജെപി ഈ അവസരം കൃത്യമായി ഉപയോഗപ്പെടുത്തി. പ്രശ്നം നിയമത്തിൻ്റെ വഴിയേ നീങ്ങി. മാനേജിങ് എഡിറ്റർക്ക് സമർപ്പിക്കപ്പെട്ട പരാതി ഗോവൻ പൊലിസ് റജിസ്ട്രർ ചെയ്ത എഎഫ് ഐആറിൻ്റെ ഭാഗമായി. ഇതിനിടെ, തേജ്‌പാൽ കുടുംബം ഇരയാക്കപ്പെട്ട യുവതിയെ ഭീഷണിപ്പെടുത്തി. ഇതും പൊലിസ് അന്വേഷണത്തിലായി.
ഒറ്റപ്പെടൽ. അപമാനഭാരം. ഭീഷണി. താങ്ങനാകാതെ യുവതി 2013 നവംമ്പർ 25 ന് തെഹ്ൽക്കയിലെ ജോലി വേണ്ടെന്നുവച്ചു. തെഹ്ൽക്കയുടെ കെട്ടുപ്പാടിൽ നിന്ന് പുറത്തുകടന്നു. കേസന്വേഷണത്തിൻ്റെ ഭാഗമായി ഇവർ മുംബൈയിലെ ഒരു മജിസ്ട്രേറ്റിന് 164 സ്റ്റേറ്റ്മെൻ്റ് നൽകി. ഇതിനിടെ, യുവതിയുടെ പരാതി സുപ്രീംകോടതി വിശാഖ കേസിൽ പുറപ്പെടുവിച്ച വിധി പ്രകാരം നടപടിയെടുക്കുന്നതിൽ വീഴ്ചവരുത്തിയ മനേജിങ് എഡിറ്റർ ഷോമാ ചൗധരിക്ക് ദേശീയ വനിതാ കമ്മീഷനോട് മാപ്പ് അപേക്ഷിക്കേണ്ടിവന്നു. തുടർന്ന് തൽസ്ഥാനത്തു നിന്നു ചൗധരിയുടെ രാജി.
വിരൽ ഉപയോഗിച്ചുള്ള ലൈംഗീകാതിക്രമം. ഈ ബലാത്സംഗ നിർവ്വചനത്തിതിൽ ഇര ഉറച്ചുനിന്നു. അറസ്റ്റ് ഒഴിവാക്കാൻ മുൻകൂർ ജാമ്യത്തിനുള്ള നെട്ടോട്ടത്തിലുമായി തേജ്‌പാൽ. ദില്ലിയിലെ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിക്കപ്പെട്ട മുൻക്കൂർ ജാമ്യാപേക്ഷ പക്ഷേ കോടതി തള്ളി. അറസ്റ്റ്. തേജ്പാലിനെ ഗോവ പൊലിസ് ലൈംഗിക ക്ഷമതാ ടെസ്റ്റിന് വിധേയമാക്കി. തേജ്പാലിനെ ഗോവയിലെത്തിച്ചു. വിശദമായ തെളിവെടുപ്പ്.
ഇന്ത്യൻ അധികാരകേന്ദ്രങ്ങളുടെ ഉറക്കംകെടുത്തിയ തെഹ്ൽക്കയുടെ അധിപൻ ഉറക്കമില്ലാതെ റിമാൻ്റ് തടവുകാരാനായി ഗോവൻ വാസ്കോ നഗരത്തിലെ സബ്ബ് ജയിലിൽ. ഗോവൻ മജിസ്ട്രേറ്റ് കോടതിയിൽ ജാമ്യാപേക്ഷ. പക്ഷേ അനുവദിക്കപ്പെട്ടില്ല. 2014 മാർച്ച് 14 ന് മുംബെ ഹൈക്കോടതിയുടെ ഗോവ ബഞ്ചിൽ സമർപ്പിക്കപ്പെട്ട ജാമ്യ ഹർജിയും തള്ളി. അസുഖബാധിതയായ അമ്മയെ കാണാൻ പക്ഷേ കോടതിയുടെ അനുമതി.
2013 നവംബർ 30 ന് ജയിലടക്കപ്പെട്ട തേജ്‌പാലിന് ജാമ്യത്തിനായ് 2014 ജുലായ് രണ്ടു വരെ കാത്തിരിക്കേണ്ടിവന്നു. സുപ്രീംകോടതി ജസ്റ്റിസ് എച്ച് എൽ ദത്തു – ജസ്റ്റിസ് ബോബഡേ ബഞ്ചിൻ്റെ ഉത്തരവിൻ്റെ പിൻബലത്തിലായിരുന്നു തേജ്പാലിന് ജാമ്യം. കുറ്റാരോപിതൻ മാത്രമായ വ്യക്തി കുറ്റവാളിയെന്ന് തെളിയും കാലം വരെ റിമാൻ്റ് പ്രതിയായി തുടരുന്നത് ശരിയല്ലെന്ന കോടതിയുടെ കണ്ടെത്തൽ. ഇതാണ് തേജ്‌പാലിനെ പുറംലോകത്തെത്തിച്ചത്. വിചാരണ കോടതിയിലെ കേസിനെ സ്വാധീനിക്കുന്നതിനുള്ള ശ്രമങ്ങളിലേർപ്പെടരുതെന്ന് കോടതി നിബ്ബന്ധന. പാസ്പോർട്ട് കോടതി കസ്റ്റഡിയിലാണ്.
2017 സെപ്തംബറിൽ വിചാരണ കോടതിയിൽ കുറ്റപത്രം. ഐപിസി 376(2) (ബലാത്സംഗം) 354A (ലൈംഗിക പീഢനം) 342 ( ദുരുദ്ദേശ്യത്തോടെ തടഞ്ഞുവെയ്ക്കൽ) എന്നീ വകുപ്പുകളിലാണ് കുറ്റപത്രം. ഇതിനിടെ ലൈംഗികാരോപണ കേസിൽ നിന്ന് വിടുതൽ ആവശ്യപ്പെട്ട് തേജ്‌പാൽ സുപ്രീംകോടതിയിൽ. 2019 ആഗസ്റ്റ് 17 ന് ജസ്റ്റിസ് അരുൺ മിശ്രയുടെ ബഞ്ച് പക്ഷേ പ്രതിയുടേത് തീർത്തും വെറുക്കപ്പെടേണ്ട പ്രവർത്തിയെന്ന് വിധിയെഴുത്തി വിടുതൽ ഹർജി തള്ളി. വർഷങ്ങൾ പിന്നിട്ട വിചാരണ കേസ് പക്ഷേ കാലതാമസം ഒഴിവാക്കി ആറു മാസത്തിനകം തീർപ്പാക്കണമെന്ന നിർദ്ദേശം വിചാരണ കോടതിക്ക് നൽകപ്പെട്ടു. ഇതേതുടർന്ന് വിചാരണ കോടതി വാദം കേൾക്കാൻ തുടങ്ങി. 2020 ജനുവരി ഏഴിന് പക്ഷേ
മുംബെ ഹൈക്കോടതി വിചാരണ കോടതി നടപടികൾ തടഞ്ഞു. പരാതിക്കാരിയുടെ ഹർജിയിലാണ് വിധി. കേസ് വിസ്താരത്തിനിടെ പ്രതിഭാഗം അഭിഭാഷകൻ്റെ ലൈംഗിക ധ്വനിയോടെയുള്ള ചോദ്യങ്ങൾ കടുത്ത മാനസിക പിരിമുറുക്കത്തിനു കാരണമാകുന്നുവെന്നതായിരുന്നു പരാതിക്കാരിയുടെ ഹർജിയുടെ ഉള്ളടക്കം. 2020 ഫെബ്രുവരിവരെ വിസ്താരം നിറുത്തിവെയ്ക്കണമെന്നാണ് കോടതിവിധി. വിചാരണ കോടതി നടപടികൾ ഇനിയും പുന:രാരംഭിച്ചിട്ടില്ല. വിചാരണ ഇനിയും നീണ്ടുപോകുന്നു. ഇതോടൊപ്പം തന്നെ ഇന്ത്യൻ ഭരണ കേന്ദ്രങ്ങളെ വിറപ്പിച്ച തരുൺ തേജ്‌പാലെന്ന ഇന്ത്യ കണ്ട മാധ്യമ പ്രവർത്തനത്തിൻ്റെ അതികായകൻ നിശ്ശബ്ദതയുടെ തടവിൽ നിന്ന് മോചനമില്ലാതെ ഉഴലുകയാണ്. തേജ്‌പാലിൻ്റെ ലൈംഗികാതിക്രമത്തിന് ഇരയായ യുവ മാധ്യമ പ്രവർത്തകയും.