ന്യൂയോർക്ക്: ലൈംഗീക ആരോപണങ്ങളെക്കുറിച്ചുള്ള അന്വേഷണത്തെത്തുടർന്ന് ഫോക്സ് ന്യൂസ് അവതാരകൻ എഡ് ഹെൻറിയെ കേബിൾ ന്യൂസ് നെറ്റ്‌വർക്ക് പിരിച്ചുവിട്ടു. സിഇഒ സുസെയ്ൻ സ്കോട്ടും പ്രസിഡന്റും എക്സിക്യൂട്ടീവ് എഡിറ്ററുമായ ജെയ് വാലസും ഇ മെയിൽ സന്ദേശത്തിലൂടെയാണ് എഡ് ഹെൻ്ററിയെ ജോലിയിൽ നിന്നു പിരിച്ചുവിട്ടവെന്ന വിവരം ഫോക്സ് ന്യൂസ് ജീവനക്കാരുമായി പങ്കുവച്ചത്.
2020 ജൂൺ 25 ന് ഒരു മുൻ സ്റ്റാഫ് തൻ്റെ അഭിഭാഷകൻ മുഖേന ഹെൻറ്റിക്കെതിരെ ലൈംഗികാരോപണമുന്നയിച്ച് കമ്പനിക്ക് പരാതി സമർപ്പിച്ചിരുന്നു. ആരോപണത്തിൻ്റെ നിജസ്ഥിതി അന്വേഷിക്കുന്നതിനായി ഫോക്സ് ന്യൂസ് ഒരു സ്വതന്ത്ര നിയമ സ്ഥാപനത്തെ ചുമതലപ്പെടുത്തിയിരുന്നു.
അതേദിവസം തന്നെ ഹെൻ്ററി സസ്പെൻഡ് ചെയ്യപ്പെട്ടു. ആരോപണങ്ങൾ ശരിവയ്ക്കപ്പെടുന്ന അന്വേഷണ റിപ്പോർട്ട് സമർപ്പിക്കപ്പെട്ടതോടൊപ്പം തന്നെ ഹെൻ്ററിയെ ഫോക്സ് മാനേജമെൻ്റ് സർവ്വീസിൽ നിന്നു പിരിച്ചുവിടുകയായിരുന്നു.
“ലൈംഗിക പീഡനങ്ങൾക്കും വിവേചനങ്ങൾക്കുമെതിരെ കർശന നിലപാട് സ്വീകരിക്കും. എല്ലാ ജീവനക്കാർക്കും സുരക്ഷിതവും സമഗ്രവുമായ തൊഴിലിടം നിലനിർത്തുന്നതിനുള്ള ശ്രമം ഞങ്ങൾ തുടരും”, ഫോക്സ് ന്യൂസ് പ്രസ്താവനയിൽ പറയുന്നു.