തായ്‌പേയ്: ചൈനീസ് പാര്‍ലമെന്റായ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ്, ഹോങ്കോങ്ങ് സുരക്ഷാ നിയമം പാസാക്കിയതിനു പിന്നാലെ ഹോങ്കോങ്ങിന് സഹായവാഗ്ദാനവുമായി തായ്‌വാൻ. ഹോങ്കോങ്ങില്‍ നിന്ന് പാലായനം ചെയ്യുന്നവര്‍ക്ക് വേണ്ട സേവനങ്ങള്‍ നല്‍കാന്‍ തായ്‌വാന്‍- ഹോങ്കോങ്ങ് സര്‍വ്വീസ് ആന്‍ഡ് എക്സേഞ്ച് ഓഫീസ് ബുധനാഴ്ചയോടെ തായ്പേയില്‍ പ്രവര്‍ത്തനമാരംഭിച്ചു.
1997 ൽ ബ്രിട്ടനിൽ നിന്ന് ചൈനീസ് ഭരണത്തിലേക്ക് ഹോങ്കോങ്ങ് മടങ്ങിയതിന്റെ വാർഷികത്തിലാണ് പുതിയ നീക്കവുമായി തായ്‌വാൻ അവതരിച്ചിരിക്കുന്നത്. സുരക്ഷാ പ്രശ്നങ്ങള്‍ കാരണം ഹോങ്കോങ്ങിൽ നിന്ന് പുറത്തുപോകുന്ന ആളുകൾക്ക് ജോലി, വിദ്യാഭ്യാസം തുടങ്ങിയ സൗകര്യങ്ങള്‍ ഉറപ്പുവരുത്താനാണ് പുതിയ ഓഫീസ് ലക്ഷ്യമിടുന്നത്. ഹോങ്കോങ്ങിന്‍റെ ജനാധിപത്യ പ്രതിഷേധങ്ങളെയും സ്വാതന്ത്ര്യത്തെയും പിന്തുണച്ചുകൊണ്ടുള്ള ഈ നടപടി ഒരു സുപ്രധാന നാഴികക്കല്ലായി മാറുമെന്നാണ് തായ്‌വാന്‍റെ കണക്കുകൂട്ടല്‍.
ചൈനീസ് അധീനതയിലുള്ള ഹോങ്കോങ്ങ് ജനതയെ സഹായിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് കഴിഞ്ഞ മെയ് മാസത്തില്‍ തായ്‌വാൻ പ്രസിഡന്‍റ് സായ് ഇങ് വെന്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വർഷം ഹോങ്കോങ്ങിൽ ജനാധിപത്യ അനുകൂല പ്രതിഷേധം ആരംഭിച്ചതുമുതൽ 200 ഓളം പേർ ഇതിനകം തായ്‌വാനിലേക്ക് പലായനം ചെയ്തെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സുരക്ഷാ നിയമം നിലവില്‍ വന്ന സാഹചര്യത്തില്‍ കൂടുതല്‍ അഭയാര്‍ത്ഥികളെ തായ്‌വാൻ പ്രതീക്ഷിക്കുന്നുണ്ട്.
വിഘടനവാദവും ഭീകരവാദവും തടയാനാണ് ഹോങ്കോങ്ങ് സുരക്ഷാ നിയമം പാസാക്കിയതെന്നാണ് ചൈനയുടെ വാദം. എന്നാല്‍, അട്ടിമറി, തീവ്രവാദം, വിദേശശക്തികളുമായുള്ള നിയമവിരുദ്ധ കൂട്ടുകെട്ട് എന്നിവയും പുതിയ നിയമം അനുസരിച്ച് കുറ്റകരമാകും. ഹോങ്കോങ്ങിന്റെ പരമാധികാരത്തെ പരിമിതപ്പെടുത്തുന്നതാണ് പുതിയ നിയമമെന്ന വിമര്‍ശനം ഇതിനോടകം തന്നെ ഉയര്‍ന്നുകഴിഞ്ഞു.
1997ല്‍ ആണ് ബ്രിട്ടീഷ് കോളനിയായിരുന്ന ഹോങ്കോങ്ങ് സ്വയംഭരണാവകാശത്തോടെ ചൈനയുടെ ഭാഗമായത്. 50 വര്‍ഷത്തേക്ക് ഹോങ്കോങ്ങിലുള്ള ജനാധിപത്യ രീതികള്‍ മാറ്റമില്ലാതെ അതേപടി തുടരുമെന്ന് ചൈന അന്ന് ഉറപ്പുനല്‍കിയതാണ്. എന്നാല്‍, ഹോങ്കോങ്ങിനുമേല്‍ ചൈനയുടെ കടുത്ത നിയന്ത്രണങ്ങള്‍ ഇന്നും തുടരുന്നു. ഇതിനെതിരെയാണ് യുവാക്കളുടെ നേതൃത്വത്തില്‍ പ്രക്ഷോഭം നടന്നുവരുന്നത്. ഹോങ്കോങ്ങില്‍ നിയമങ്ങള്‍ നിര്‍മിക്കാനുള്ള അവകാശം ഹോങ്കോങ്ങ് ലെജിസ്ലേറ്റീവ് കൗണ്‍സിലിനാണ്. ഇതു മറികടന്നാണ് ചൈന പുതിയ നിയമനിര്‍മാണവുമായി മുന്നോട്ട് പോയത്.