വാഷിങ്ടണ്‍: സൂര്യന്‍റെ ഒരു ദശാബ്ദക്കാലത്തെ ദൃശ്യങ്ങള്‍ സംയോജിപ്പിച്ച് വിസ്മയിപ്പിക്കുന്ന വീഡിയോയുമായി നാസ. ഭൂമിയെ ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്ന നാസയുടെ സോളാർ ഡൈനാമിക് ഓബ്സർവേറ്ററി പകർത്തിയ സൂര്യന്‍റെ 11 വർഷത്തെ ചിത്രങ്ങൾ ചേർത്ത് നിര്‍മ്മിച്ച വീഡിയോയാണ് ശാസ്ത്ര ലോകത്ത് കൗതുകം തീര്‍ത്ത് തരംഗമാകുന്നത്. 2010 ജൂൺ രണ്ടിനും 2020 ജൂൺ ഒന്നിനും ഇടയിൽ ഓരോ 0.75 സെക്കൻഡിലുമാണ് സോളാർ ഡൈനാമിക് ഓബ്സർവേറ്ററി സൂര്യന്റെ ചിത്രങ്ങൾ പകർത്തിയത്.
42.5 കോടി ഹൈ റെസലൂഷ്യനിലുള്ളതാണ് ഒരോ ചിത്രവും. ഇത്തരത്തിൽ 61 മിനിറ്റ് ദൈർഘ്യത്തിൽ ഓരോ ചിത്രങ്ങളും ചേർത്തുവെച്ച് തയ്യാറാക്കിയ മനോഹരമായ ഭ്രമണ വിഡിയോ, സൂര്യനെ സംബന്ധിച്ച പുതിയ കണ്ടെത്തലുകള്‍ക്ക് വഴിതുറക്കുമെന്നാണ് നാസ വ്യക്തമാക്കുന്നത്. ഒരു സൗരചക്രത്തിൽ സൂര്യന് സംഭവിക്കുന്ന പ്രധാന മാറ്റങ്ങൾ, കാന്തികക്ഷേത്രങ്ങളില്‍ വാതകങ്ങളുടെ സ്വാധീനം മൂലമുണ്ടാകുന്ന സണ്‍ സ്പോട്ടുകള്‍ തുടങ്ങിയവ വീഡിയോയില്‍ കൃത്യമായി കാണാം.
സൂര്യന്റെ ഇത്രയും കാലത്തെ ചാക്രിക പ്രവർത്തനങ്ങൾ ഭൂമിയെ എങ്ങനെയൊക്കെ ബാധിക്കുന്നുവെന്നത് പഠിക്കാൻ ശാസ്ത്രജ്ഞരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് നാസ വീഡിയോ നിര്‍മ്മിച്ചത്. സൗരപ്രവർത്തനങ്ങളുടെ ഉയർച്ചതാഴ്ചകൾ ഇതിലൂടെ വ്യക്തമായി മനസ്സിലാക്കാൻ സാധിക്കും. ലക്ഷക്കണക്കിനാളുകളാണ് ഇതിനോടകം തന്നെ വീഡിയോ കണ്ടത്.