ന്യൂയോര്‍ക്ക്: മിറാമാക്സ് സ്റ്റുഡിയോയുടെ സ്ഥാപകനും ഹോളിവുഡിലെ പ്രമുഖ നിര്‍മാതാവുമായ ഹാർവി വെയ്ൻസ്റ്റീനെതിരായ ലൈംഗിക ദുരുപയോഗ കേസുകൾ ഒത്തുതീർപ്പാക്കാൻ ധാരണയിലെത്തിയതായി ന്യൂയോർക്ക് അറ്റോർണി ജനറൽ ഓഫീസ് വ്യക്തമാക്കി. ഇരകളായ സ്ത്രീകള്‍ക്ക് 19 മില്യൺ ഡോളറിന്‍റെ നഷ്ട പരിഹാരം നല്‍കണമെന്നാണ് കരാര്‍.
“എല്ലാ ഉപദ്രവങ്ങൾക്കും ഭീഷണികൾക്കും ശേഷം, ഇരകൾക്ക് ഒടുവിൽ നീതി ലഭിക്കാന്‍ പോവുകയാണ്,” അറ്റോർണി ജനറൽ ലെറ്റീഷ്യ ജെയിംസ് പറഞ്ഞു. ന്യൂയോർക്കിലെ പൗരാവകാശങ്ങൾ, മനുഷ്യാവകാശങ്ങൾ, ബിസിനസ്സ് നിയമങ്ങൾ എന്നിവ ലംഘിച്ചതിന് വെയ്ൻസ്റ്റീന്‍, റോബർട്ട് വെയ്ൻസ്റ്റീന്‍, വെയ്ൻസ്റ്റീന്‍ കമ്പനികൾ എന്നിവർക്കെതിരെ ന്യൂയോർക്ക് അറ്റോർണി ജനറൽ ഓഫീസ് സമർപ്പിച്ച 2018 ലെ പൗരാവകാശ കേസാണ് ഒത്തു തീര്‍പ്പിലെത്തുന്നത്. ലൈംഗികാതിക്രമം ആരോപിച്ച് ഇരകള്‍ക്ക് വേണ്ടി ഫയല്‍ ചെയ്ത മറ്റൊരു കേസും നഷ്ട പരിഹാരം നല്‍കുന്നതോടെ ഒത്തുതീര്‍പ്പാക്കാനാണ് തീരുമാനം.
അതെസമയം, ഉഭയകക്ഷി സമ്മതമില്ലാതെ താന്‍ ആരുമായും ബന്ധപ്പെട്ടിട്ടില്ലെന്ന് വെയ്ന്‍സ്റ്റീന്‍ വെളിപ്പെടുത്തിയ സാഹചര്യത്തില്‍ ഈ കരാര്‍ പൂര്‍ണ്ണ പരാജയമാണെന്നും, തീരുമാനത്തോട് യോജിക്കുന്നില്ലെന്നുമായിരുന്നു ലൈംഗീകാതിക്രമത്തിന് ഇരകളായ സ്ത്രീകളുടെ അഭിഭാഷകര്‍ വ്യക്തമാക്കിയത്. ഈ നീക്കത്തെ കോടതിയില്‍ ശക്തമായി എതിര്‍ക്കുമെന്നും അവര്‍ കൂട്ടിച്ചര്‍ത്തു.
കഴിഞ്ഞ രണ്ടുവര്‍ഷത്തോളമായി മുഴങ്ങിക്കേള്‍ക്കുന്ന മീ ടൂ ആരോപണങ്ങളില്‍ പ്രധാനമായും ചര്‍ച്ചയായ പേരായിരുന്നു 67കാരനായ വെയ്ന്‍സ്റ്റീന്‍റേത്. നടിമാരായ ലൂസിയ ഇവാന്‍സ്, സല്‍മ ഹയെക്ക് എന്നവരടക്കം 12-ല്‍ അധികം സ്ത്രീകളാണ് വെയ്ന്‍സ്റ്റീന്‍ ലൈംഗികമായി ചൂഷണം ചെയ്തെന്നാരോപിച്ച് രംഗത്ത് വന്നത്. കേസില്‍ ശിക്ഷിക്കപ്പെട്ട വെയ്ന്‍സ്റ്റീന്‍ നിലവില്‍, ആള്‍ഡനിലെ ജയിലില്‍ 23 വര്‍ഷത്തെ കഠിന തടവിലാണ്.