വാഷിങ്ടൺ: ലോകത്തെ ആശങ്കയുടെ മുൾമുനയിലാക്കി കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു. ലോകത്താകെ കോവിഡ് ബാധിതർ ഒരു കോടി കവിഞ്ഞെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പുതുതായി 1.74 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 4,527 പേര്‍ക്കാണ് ജീവൻ നഷ്‌ടമായത്. 54.51 ലക്ഷം ആളുകള്‍ രോഗമുക്തി നേടി. നിലവില്‍ 41.20 ലക്ഷം പേരാണ് ലോകത്ത് വിവിധ രാജ്യങ്ങളിലായി ചികിത്സയിലുളളത്. ഇതില്‍ 57,716 പേരുടെ നില ഗുരുതരമാണ്.
ബ്രസീല്‍, മെക്‌സിക്കോ, അമേരിക്ക, ഇന്ത്യ എന്നി രാജ്യങ്ങളിലാണ് ഇന്നലെ ഏറ്റവും കൂടുതൽ ആളുകൾ മരണപ്പെട്ടത്. അമേരിക്കയില്‍ 510 പേർ കൂടി മരിച്ചതോടെ മരണം 1.28 ലക്ഷം കവിഞ്ഞു. ഇവിടെ രോഗികളുടെ എണ്ണം 26 ലക്ഷത്തിലേക്ക് അടുക്കുകയാണ്.10.78 ലക്ഷം പേര്‍ രോഗമുക്തി നേടി. നിലവില്‍ 13.88 ലക്ഷം ജനങ്ങള്‍ ചികിത്സയിലുണ്ട്. ലോകത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ രണ്ടാമതുളള ബ്രസീലില്‍ 13.15 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 994 പേരാണ് ബ്രസീലിൽ മരണപ്പെട്ടത്. 57,103 പേര്‍ ഇതുവരെ മരിച്ചു.
നാലാം സ്ഥാനത്തുള്ള ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം 5.25 ലക്ഷം പിന്നിട്ടു. ഇന്നലെ ഇന്ത്യയില്‍ 414 പേരാണ് മരിച്ചത്. ഇന്നലെ 19906 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതുവരെ 3.09 ലക്ഷം പേര്‍ രോഗമുക്തി നേടി. മെക്‌സിക്കോ 719 ,ചിലി 279, റഷ്യ 188, പെറു 196, കൊളംബിയ 128, ഇറാന്‍ 125, യുകെ 100 എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത മരണങ്ങള്‍.
വൈറസ് വ്യാപന നിരക്കിൽ കുറവ് വന്നിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജൂലായ് അവസാനത്തോടെ രോഗികളുടെ എണ്ണം കൂടിയ തോതിലെത്തുമെന്നാണ് വിദഗ്ദ്ധരും ആരോഗ്യ പ്രവര്‍ത്തകരും വ്യക്തമാക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ചൈനയിലെ വുഹാന്‍ പ്രവിശ്യയിലെ ഒരു ഇറച്ചി മാര്‍ക്കറ്റിലാണ് കോവിഡ് ആദ്യം പടര്‍ന്ന് പിടിക്കുന്നത്. ചൈനയെ വരിഞ്ഞുമുറുക്കിയ കോവിഡ്, പിന്നീട് മറ്റ് ലോകരാജ്യങ്ങളിലേക്കും വ്യാപിച്ചു. യൂറോപ്യന്‍ രാജ്യങ്ങളായ സ്പെയിന്‍, ഇറ്റലി, ജര്‍മ്മനി, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളിലായിരുന്നു കോവിഡ് ആദ്യം നാശം വിതച്ചത്. കാല്‍ ലക്ഷത്തിലധികം മരണമാണ് ഓരോ രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്തത്. ഇപ്പോള്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും അമേരിക്കയിലുമാണ് കോവിഡ് നാശം വിതയ്ക്കുന്നത്.