റെക്കോഡ് തകര്‍ത്ത് സ്വര്‍ണവില വീണ്ടും കുതിച്ചുയരുന്നു. ശനിയാഴ്ച രണ്ടുതവണയായി പവന് 400 രൂപയാണ് കൂടിയത്. ഇതോടെ വില 35,920 രൂപയായി. ഗ്രാമിന് 4490 രൂപയാണ് വില.
ശനിയാഴ്ച രാവിലെ 9.20ന് ആദ്യം ഗ്രാമിന് 35രൂപ വർധിച്ച് 4475 രൂപയായി. പവന് 280 രൂപ ഉയർന്ന് 35,800 രൂപയായി. മൂന്നുമണിക്കൂറിന് ശേഷം ഉച്ച 12.22ഓടെ ഗ്രാമിന് 15 രൂപ വീണ്ടും കൂടി. ഇതോടെ പവന് സർവകാല റെക്കോർഡ് വിലയായ 35,920ൽ എത്തുകയായിരുന്നു.
ആഗോള വിപണിയിലെ വിലവര്‍ധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. അന്തര്‍ദേശീയ വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,763.48 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടന്നത്.
സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിലേക്ക് കൂടുതൽ നിക്ഷേപം നടത്തുന്നതാണ് കോവിഡ്- 19 പ്രതിസന്ധിക്കിടയിലും വില അടിക്കടി കൂടാനുള്ള ഒരു കാരണമായി സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. ആഗോള വിപണിയിലെ വ്യതിയാനവും ആഭ്യന്തര വിപണിയിൽ പ്രതിഫലിച്ചു. വരും ദിവസങ്ങളിലും സ്വർണത്തിന് വില ഉയരാനാണ് സാധ്യത.