ബീജിംഗ്: വിവാദമായ രാജ്യദ്രോഹ വിരുദ്ധ നിയമത്തിന്റെ വിശദാംശങ്ങള്‍ ബീജിംഗ് പുറത്തുവിട്ടു. ഹോങ്കോങ്ങില്‍ ചൈന ഒരു ദേശീയ സുരക്ഷാ ഏജന്‍സി സ്ഥാപിക്കുകയും “ചില പ്രത്യേക സാഹചര്യങ്ങളില്‍” അധികാരപരിധി നിലനിര്‍ത്തുകയും ചെയ്യും എന്ന് അതില്‍ പറയുന്നു. ഹോങ്കോങ്ങിന്റെ സ്വയംഭരണ പദവിയുടെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന നിയമമെന്ന നിലയില്‍ വ്യാപകമായി വിലയിരുത്തപ്പെടുന്ന നിയമത്തിന്റെ ഭാഗികമായ കരട് രേഖയാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. ഹോങ്കോങ്ങിനുള്ളിലെ എതിര്‍പ്പും അന്താരാഷ്ട്ര തലത്തില്‍ നിന്നുയര്‍ന്ന വിയോജിപ്പും വകവെക്കാതെ നിയമം നടപ്പാക്കാന്‍ ഒരുങ്ങുകയാണ് ചൈന.
സ്റ്റേറ്റ് ന്യൂസ് ഏജന്‍സി സിന്‍ഹുവ പ്രസിദ്ധീകരിച്ച കരടിലെ സംഗ്രഹം അനുസരിച്ച്, ചീഫ് എക്സിക്യൂട്ടീവിന്റെ നേതൃത്വത്തില്‍ ഹോങ്കോംഗ് ഒരു കമ്മിറ്റി രൂപീകരിക്കും. അത് ചൈനയിലെ കേന്ദ്രസര്‍ക്കാരിന്റെ മേല്‍നോട്ടത്തിന് വിധേയമാണ്. നിയമം നടപ്പാക്കുന്നതിന് വഴികാട്ടുന്നതിനും “ദേശീയ സുരക്ഷാ ഇന്റലിജന്‍സ് വിവരങ്ങള്‍ ശേഖരിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും” കേന്ദ്ര സര്‍ക്കാര്‍ മേല്‍നോട്ടം വഹിക്കുന്ന ഒരു ദേശീയ സുരക്ഷാ ഏജന്‍സിയെ വേറെ ബീജിംഗ് സ്ഥാപിക്കുകയും ചെയ്യും.
എന്നാല്‍, വിഘടനവാദം, അട്ടിമറി, ഭീകരത, വിദേശശക്തികളുമായുള്ള കൂട്ടുകെട്ട് എന്നിവ ലക്ഷ്യമിടുന്ന നിയമം സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ആളുകള്‍ക്കെതിരെ ഉപയോഗിക്കുമെന്നും ഹോങ്കോങ്ങിലെ അഭിപ്രായ സ്വാതന്ത്ര്യത്തെ അടിസ്ഥാനപരമായി ദുര്‍ബലപ്പെടുത്തുമെന്നും വിമര്‍ശകര്‍ പറയുന്നു. ചൈനയില്‍ നിന്നും വ്യത്യസ്തമായി അഭിപ്രായ സ്വാതന്ത്ര്യത്തിനും സമ്മേളനത്തിനുമുള്ള അവകാശം, പൗരസ്വാതന്ത്ര്യം തുടങ്ങിയ ജനാധിപത്യപരമായ അവകാശങ്ങള്‍ അനുഭവിക്കുന്ന ജനതയാണ് ഹോങ്കോങ്ങിലേത്.
അതേസമയം, എന്തെല്ലാം കാര്യങ്ങളാണ് രാജ്യവിരുദ്ധതയുടെ പട്ടികയില്‍ വരുക എന്നതു സംബന്ധിച്ച് കരടു രേഖയില്‍ ഒന്നും പരാമര്‍ശിക്കുന്നില്ല. ആത്യന്തികമായി നിയമം നടപ്പാക്കുന്നതിന് മേല്‍നോട്ടം വഹിക്കുന്ന വഴികളാണ് അതില്‍ വിശദീകരിക്കുന്നത്. ഹോങ്കോങ്ങിലെ നിയമവും ദേശീയ സുരക്ഷാ നിയമവും തമ്മില്‍ പൊരുത്തക്കേടുകള്‍ ഉണ്ടാകുമ്ബോള്‍ ദേശീയ സുരക്ഷാ നിയമം മുന്‍തൂക്കം നല്‍കണമെന്ന് പുതിയ നിയമം അനുശാസിക്കുന്നു.