ഹൈദരാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനാകാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് മുന്‍നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍. തനിക്ക് അവസരം നല്‍കിയാല്‍ കണ്ണ് ചിമ്മും വേഗത്തില്‍ അത് ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നും അസ്ഹര്‍ ഗള്‍ഫ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. നിലവില്‍ മുഖ്യപരിശീകനായിട്ടുള്ള രവിശാസ്ത്രിയുടെ കാലാവധി അടുത്ത ടി20 ലോകകപ്പ് വരെയാണുള്ളത്.
താന്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകനാകാന്‍ തയ്യാറാണ്. ബാറ്റിംഗാണ് തന്റെ ശക്തി എന്നതിനാല്‍ ടീമില്‍ മറ്റൊരു ബാറ്റിംഗ് കോച്ചിന്റെ ആവശ്യവും വേണ്ടിവരില്ലെന്നും അസ്ഹറുദ്ദീന്‍ പറഞ്ഞു. നിലവിലെ ടീമിനൊപ്പം നിരവധി സപ്പോര്‍ട്ട് സ്റ്റാഫിനെ കാണുമ്പോള്‍ എനിക്ക് അത്ഭുതം തോന്നുന്നു. കാരണം മുഖ്യപരിശീലകന്‍ തന്നെ മികച്ച ബാറ്റ്സ്മാനാണെങ്കില്‍ പിന്നെ ടീമിനെന്തിനാണ് വേറെ ബാറ്റിംഗ് പരിശീലകനെന്നും അസ്ഹര്‍ ചോദിച്ചു.
നിലിവില്‍ നിരവധി സഹപരിശീലകരെക്കൊണ്ട് ഇന്ത്യന്‍ ടീം നിറഞ്ഞിരിക്കുകയാണ്. ബാറ്റിംഗിലും ഫീല്‍ഡിംഗിലും എനിക്ക് മറ്റൊരാളുടെ സഹായം ആവശ്യമില്ലെന്നും അസ്ഹറുദ്ദീന്‍ പറഞ്ഞു.
കൊറോണ പശ്ചാത്തലത്തില്‍ കളികളുടെ എണ്ണം വെട്ടിച്ചുരുക്കിയാലും ഐ.പി.എല്‍ നടത്തണമെന്നും അസ്ഹറുദ്ദീന്‍ പറഞ്ഞു. യുവതാര ങ്ങള്‍ക്ക് ഈ സീസണില്‍ ഐ.പി.എല്‍ വലിയ പ്രേരണ നല്‍കുമെന്നും അതിനാല്‍ ഏതുവിധേനയും ബി.സി.സി.ഐ ഐ.പി.എല്‍ നടത്തണമെന്നും മുന്‍താരം പറഞ്ഞു.
ഇന്ത്യന്‍ പരിശീലകനാവാന്‍ തയാറാണെന്ന് അസ്ഹര്‍ പറഞ്ഞെങ്കിലും നിലവിലെ പരിശീലകന്‍ രവി ശാസ്ത്രിക്ക് 2021ലെ ടി20 ലോകകപ്പ് വരെ കാലവധിയുണ്ട്. കഴിഞ്ഞവര്‍ഷം ഏകദിന ലോകകപ്പിനിടെ പരിശീലക സ്ഥാനത്ത് ശാസ്ത്രിയുടെ കാലവധി കഴിഞ്ഞെങ്കിലും ബിസിസിഐ രണ്ട് വര്‍ഷത്തേക്ക് കൂടി കരാര്‍ പുതുക്കി നല്‍കുകയായിരുന്നു.