തിരുവനന്തപുരം: മാധ്യമങ്ങളെ കടന്നാക്രമിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കുഷ്ഠരോഗികളുടെ മനസാണ് മാധ്യമങ്ങൾക്ക്. എൻഡിഎ കേരളത്തിൽ ഗുണം പിടിക്കരുതെന്നാണ് മാധ്യമങ്ങളുടെ ആഗ്രഹമെന്നും സുരേന്ദ്രൻ പറഞ്ഞു.
സുരേഷ് ഗോപിക്കെതിരായി വ്യാജ വാർത്തകളുടെ കുത്തൊഴുക്ക് തന്നെയാണ്. ആ ആരോപണം പൊളിഞ്ഞു പോയില്ലേ. പത്മ അവാർഡുകൾ എങ്ങനെയാണ് നൽകുന്നത് എന്നത് വ്യക്തമല്ലേ. ആ കള്ള പ്രചാരണങ്ങൾ പൊളിഞ്ഞു വീഴും. ഇത്തരം പ്രചാരണങ്ങൾക്ക് നിമിഷങ്ങളുടെ ആയുസ് പോലുമില്ല. സികെ പത്മനാഭന്റെ പരാമർശം മാധ്യമ സൃഷ്ടിയാണ്.
കുഷ്ഠരോഗികളുടെ മനസ് ആണ് കേരളത്തിലെ മാധ്യമങ്ങൾക്ക്. എൻഡിഎ കേരളത്തിൽ ഗുണം പിടിക്കരുത് എന്ന ആഗ്രഹമാണ് മാധ്യമങ്ങൾക്ക്. മാധ്യമങ്ങൾ എൽഡിഎഫിനും യുഡിഎഫിനും അമിത പ്രാധാന്യം നൽകുന്നു. ബിജെപിയെ നന്നാക്കാൻ കൈരളിയോ മീഡിയ വണ്ണോ ശ്രമിക്കേണ്ട. ആലത്തൂരിൽ ഉടൻ സ്ഥാനാർഥി ആകുമെന്നും സുരേന്ദ്രൻ പറഞ്ഞു.
പ്രധാനമന്ത്രിയുടെ സന്ദർശനം ജനങ്ങൾക്ക് ആത്മവിശ്വാസം നൽകാൻ വേണ്ടിയാണ്. മോദിയുടെ ജനപിന്തുണ കേരളത്തിൽ വർധിക്കുന്നുണ്ട്. മോദിയുടെ ഗ്യാരന്റിയാണ് കേരളം ചർച്ച ചെയ്യുന്ന പ്രധാനപ്പെട്ട വിഷയം. സികെ പത്മനാഭന്റെ പരാമർശം മാധ്യമ സൃഷ്ടിയാണെന്നും തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് സംസ്ഥാനത്ത് ജനജീവിതത്തെ ബാധിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുന്നില്ലെന്നും സുരേന്ദ്രൻ ആരോപിച്ചു.
സിഎഎ വിജ്ഞാപനം വന്ന ശേഷം യാതൊരു പ്രകോപനപരമായ സംഭവങ്ങളും സംസ്ഥാനത്ത് ഉണ്ടായില്ല. പക്ഷെ മുഖ്യമന്ത്രി പ്രകോപനം സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. വർഗീയ ധ്രൂവീകരണം ലക്ഷ്യം വെച്ച് വർഗീയ പരാമർശങ്ങൾ നിരന്തരം നടത്തുന്നുണ്ട്. സംസ്ഥാനത്തെ സാമ്പത്തിക പ്രശ്നങ്ങൾ, ക്രമസമാധാന പ്രശ്നങ്ങൾ ഒന്നും ചർച്ച ചെയ്യപ്പെടുന്നില്ല. വികസനവുമായി ബന്ധപ്പെട്ട് ചർച്ചയ്ക്ക് മുഖ്യമന്ത്രിയും ഇടതുപക്ഷവും ശ്രമിക്കുന്നില്ല. കേരളത്തിൽ എല്ലാ ദിവസവും സ്ത്രീകൾ കൊലചെയ്യപ്പെടുകയാണ്.
എസ്എഫ്ഐ ഗുണ്ടായിസം കാരണം സർവകലാശാലകളിൽ പോകാൻ കുട്ടികൾ മടിക്കുന്നു. സംസ്ഥാനത്തെ ദാരുണ വിഷയങ്ങൾ ചർച്ച ആവാതിരിക്കാനാണ് മുഖ്യമന്ത്രി സ്ഥിരം സിഎഎ എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നത്. പ്രതിപക്ഷവും മുഖ്യമന്ത്രിയുടെ അജണ്ട ഏറ്റുപിടിക്കുകയാണ്. എന്നാൽ എൻഡിഎയ്ക്ക് കേരളത്തിലെ ജനങ്ങളുടെ വികസനമാണ് പ്രധാനമെന്നും സുരേന്ദ്രൻ പറഞ്ഞു.