തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി (സി.എ.എ.) വിരുദ്ധ പ്രക്ഷോഭത്തിൽ രജിസ്റ്റർ ചെയ്ത കൂടുതൽ കേസുകൾ പിൻവലിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ഇതിനായുള്ള നിർദേശം ആഭ്യന്തര വകുപ്പ് ജില്ലാ പോലീസ് മേധാവികൾക്ക് അയച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ സി.എ.എ ഏറ്റവും പ്രധാനപ്പെട്ട അജണ്ടയായി മാറിയതോടെയാണ് സര്‍ക്കാരിന്‍റെ അടിയന്തര ഇടപെടല്‍. ഗുരുതരസ്വഭാവമുള്ളത് ഒഴികെയുള്ള കേസുകൾ പിൻവലിക്കാനുള്ള അപേക്ഷകൾ കോടതികളിൽ എത്തിയെന്ന് ഉറപ്പുവരുത്താൻ ഉത്തരവില്‍ പബ്ലിക് പ്രോസിക്യൂട്ടർമാർക്കും അഡിഷനൽ പബ്ലിക് പ്രോസിക്യൂട്ടർമാർക്കും നിർദേശം നൽകിയിട്ടുണ്ട്. ജില്ലാ കലക്ടർമാർ ഇതിനു മേൽനോട്ടം വഹിക്കും.
ജാമ്യം ലഭിക്കാൻ സാധ്യത കൂടുതലുള്ള കേസുകൾ എല്ലാം പിൻവലിക്കാനാണ് നിർദേശം. മുൻപ് പിൻവലിക്കാൻ നിർദ്ദേശിച്ച കേസുകളിൽ, അവ പിൻവലിക്കാനുള്ള അപേക്ഷ കോടതിയിലെത്തിയോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും നിർദ്ദേശമുണ്ട്.
സംസ്ഥാനത്ത് സി.എ.എ. വിരുദ്ധ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് ആകെ 835 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇവയിൽ നൂറിൽ താഴെ കേസുകൾ മാത്രമാണ് പിൻവലിച്ചതെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം രംഗത്ത് വന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.
മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിലും ഇതേക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർന്നിരുന്നു. 600ലേറെ കേസുകൾ പിൻവലിച്ചിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഗുരുതര സ്വഭാവമുള്ളതോ അപേക്ഷ നൽകാത്തതോ ആയ കേസുകളാണ് പിൻവലിക്കാത്തതെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. എന്നാൽ, തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിലാണ് കേസുകളെല്ലാം പിൻവലിക്കാൻ പ്രോസിക്യൂട്ടർമാർക്കു നിർദേശം നൽകിയിരിക്കുന്നത്.
ഒരാഴ്ച മുൻപത്തെ കണക്കനുസരിച്ച് 114 കേസുകൾ സർക്കാർ പിൻവലിച്ചു. 241 കേസുകളിൽ ശിക്ഷ വിധിച്ചു. 11 കേസുകളിൽ ഉൾപ്പെട്ടവരെ കുറ്റവിമുക്തരാക്കി. 502 കേസുകൾ വിവിധ ജില്ലകളിലായി വിചാരണ ഘട്ടത്തിലാണ്. 2019 ലാണു പാർലമെന്റ് പൗരത്വ ഭേദഗതി ബിൽ പാസാക്കിയത്. മാർച്ച് 11ന് വിജ്ഞാപനം പുറത്തിറക്കി. ബില്ലിനെതിരെയുള്ള പ്രതിഷേധങ്ങൾക്കെതിരെ 2019 ഡിസംബർ 10 മുതലാണു കേസുകൾ റജിസ്റ്റർ ചെയ്തു തുടങ്ങിയത്.