രാജ്യത്ത് നടന്ന ഏറ്റവും വലിയ അഴിമതിയായ ഇലക്ട്രൽ ബോണ്ടുകളെപ്പറ്റി കൂടുതൽ വിവരങ്ങൾ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. സുപ്രീം കോടതി ഭരണഘടനാ വിരുദ്ധമെന്ന് വിധിച്ച ഇലക്ട്രൽ ബോണ്ടുകൾ ഏറ്റവും അധികം നേട്ടമുണ്ടാക്കിയിരിക്കുന്നത് കേന്ദ്ര ഭരണ പാർട്ടിയായ ബിജെപിയാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് (2017-19) ബിജെപി വാങ്ങിയിരിക്കുന്നത് 4660 കോടി രൂപയാണ് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.ആകെ ബോണ്ട് മൂല്യത്തിൻ്റെ 68 ശതമാനമാണ് ബിജെപിക്ക് ലഭിച്ചിരിക്കുന്നത്.19 രാഷ്ട്രീയ പാർട്ടികൾ മാത്രം ഇക്കാലയളവിൽ (2017-19) 6,201 കോടി രൂപ ലഭിച്ചുഈ സമയങ്ങളിൽ രാജ്യത്തെ പ്രതിപക്ഷത്തേ പോലെ അല്ലെങ്കിൽ പ്രതിപക്ഷത്തേക്കാൾ വലിയ പ്രതിപക്ഷമായി പ്രവർത്തിക്കേണ്ട ഫോർത്ത് എസ്റ്റേറ്റ് എന്ന് പുളകം കൊള്ളുന്ന ഇന്ത്യയിലെ എല്ലാ അച്ചടി ദൃശ്യ മാധ്യമങ്ങളും നിശബ്ദമായിരുന്നു എന്നതാണ് ശ്രദ്ദേയം.
ഇന്ത്യയിലെ മാധ്യമങ്ങൾ നരേന്ദ്ര മോദിയുടെ സർക്കാരിനെതിരെ പാലിച്ച നിശബ്ദതയാണ് വീണ്ടും അവരെ അധികാരത്തിലെത്തിച്ചത്. ഇനി ഒരു മൂന്നാം നരേന്ദ്ര മോദി സർക്കാരിൻ്റെ വരവിനായി വീണ്ടും കാരണഭൂതരായിരിക്കുകയാണ് ഇന്ത്യയിലെ പുകൾപെറ്റ മാധ്യമ ലോകം. 2017-18 മുതൽ തുടങ്ങിയ ഇലക്ട്രൽ ബോണ്ട് എന്ന ലോകം കണ്ട ഏറ്റവും വലിയ കുംഭകോണത്തിനെതിരെ സുപ്രീം കോടതി ഇടപെടൽ ഉണ്ടാകുന്നത് വരെ ഇന്ത്യയിലെ മുൻനിര അച്ചടി-ദൃശ്യ മാധ്യമങ്ങളെല്ലാം നിശബ്ദരായിരുന്നു എന്നതാണ് യാഥാർത്ഥ്യം.
ഇലക്ടറൽ ബോണ്ടുകൾ വഴിയുള്ള കുംഭകോണം തടസ്സമില്ലാതെ നടന്ന ആറ് വർഷത്തിനിടയിൽ ഇന്ത്യയിലെ മാധ്യമങ്ങൾ എവിടെയായിരുന്നു? 1989 ൽ ബൊഫോഴ്‌സ് അഴിമതി ചർച്ചയായ രാജീവ് ഗാന്ധി സർക്കാരിൻ്റെ കാലത്ത് ഭരണകൂടത്തിനെതിരെ പ്രതിപക്ഷത്തേക്കാൾ ഉച്ചത്തിലും വ്യക്തമായും ഉയർന്നുവന്ന ശബ്ദംരാജ്യത്തെ മാധ്യമങ്ങളുടേതായിരുന്നു. 1989 അവസാനത്തോടെ, രാജീവ്ഗാന്ധി സർക്കാർ, മാധ്യമ വെളിപ്പെടുത്തലുകളാൽ ആടിയുലഞ്ഞു.
ഈ സമയത്ത് മാധ്യമങ്ങൾക്കെതിരെ കൊണ്ടുവരാൻ ശ്രമിച്ച അപകീർത്തി ബില്ലിനെയും മാധ്യമ പ്രവർത്തകർ ചെറുത്തു തോൽപ്പിച്ചു. 1984 ൽ അമ്പത് ശതമാനത്തിന് മുകളിൽ വോട്ടു വിഹിതം നേടി 414 സീറ്റ് സ്വന്തമാക്കി അധികാരത്തിലെത്തിയ കോൺഗ്രസ് സർക്കാരിൻ്റെ അടിത്തറയിളക്കിയത് അന്നത്തെ മാധ്യമ വാർത്തകളായിരുന്നു. വെറും 197 സീറ്റിലേക്ക് രാജീവ് ഗാന്ധിയും കോൺഗ്രസും കൂപ്പുകുത്തി.
1989 ൽ ബൊഫോഴ്സ് അഴിമതിയും 2024 ലെ ഇലക്ട്രൽ ബോണ്ട് കുംഭകോണത്തിലും മാധ്യമങ്ങൾ സ്വീകരിച്ചിരിക്കുന്ന നിലപാടുകൾ താരതമ്യം ചെയ്താൽ അവർ നേരിട്ട ജീർണത വ്യക്തമാകും. കഴിഞ്ഞ ദിവസം നടന്ന ഇന്ത്യാ ടുഡേ കോൺക്ലേവിൽ ഇന്ത്യ ടുഡേ ഗ്രൂപ്പിൻ്റെ വൈസ് ചെയർപേഴ്‌സണും എക്‌സിക്യൂട്ടീവ് എഡിറ്റർ ഇൻ ചീഫുമായ കല്ലി പുരി പറഞ്ഞ വാക്കുകൾ ഇന്ത്യൻ മാധ്യമങ്ങളുടെ നിലവിലെ അവസ്ഥയെ അടയാളപ്പെടുത്തുന്നു. മാധ്യമങ്ങൾ പ്രതിപക്ഷമല്ല. ഞങ്ങൾക്ക് ആ റോൾ ഏറ്റെടുക്കാൻ കഴിയില്ല. മാധ്യമങ്ങൾ വെറും നിരീക്ഷകർ മാത്രമാണെന്നാണ് കല്ലി പുരി പറഞ്ഞത്.
2024 മാർച്ച് 15-16 തീയതികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, ധനമന്ത്രി നിർമ്മല സീതാരാമൻ എന്നിവരുൾപ്പെടെയുള്ളവർ ഈ കോൺക്ലേവിൽ പങ്കെടുത്ത് അന്താരാഷ്ട്ര രംഗത്ത് ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന പങ്കിനെക്കുറിച്ച് വലിയ പ്രഭാഷണങ്ങൾ നടത്തി. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യം വളരെയേറെ പിന്നോട്ട് പോയ ഒരു കാലമാണി മോദിക്കാലം എന്നും ഇവിടെ കൂട്ടിച്ചേർക്കുന്നു.
ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങളെ തകർക്കുന്നതിൽ മോദി സർക്കാർ എത്രത്തോളം ഫലപ്രദമാണ് എന്ന് തെളിയിക്കുന്നത് ഇലക്ടറൽ ബോണ്ടുകൾ. ഇന്ത്യയിലെ മാധ്യമങ്ങളെ നിശബ്ദമാക്കുന്നതിന് പിന്നിൽ നിരവധി ഘടകങ്ങളുണ്ട്. ഭരണകൂട ദാസ്യത്തിന് പിന്നിൽ സർക്കാർ നടപടികളോടുള്ള ഭയം, ഫണ്ടിംഗ്, മാധ്യമ മുതലാളിമാരുടെ ഇടപെടൽ അങ്ങനെ നിരവധി കാരണങ്ങൾ ഉണ്ട്. രാജ്യത്തെ മുഖ്യധാരാ മാധ്യമങ്ങൾ അവരുടെ മാധ്യമ ധർമ്മം മറന്നപ്പോൾ ഇന്ത്യയിൽ യഥാർത്ഥ ഫോർത്ത് എസ്റ്റേറ്റ് ആയി നിലകൊണ്ടത് ദി വയർ ,ദി ക്വിൻ്റ്, കാരവൻ പോലുള്ള വിരലിലെണ്ണാൻ കഴിയുന്ന ചില ഓൺലൈൻ മാധ്യമങ്ങൾ മാത്രമാണ്.
അതുകൊണ്ടാണ് ഈ ബദൽ മാധ്യമ പ്രവർത്തനത്തിനെ 2021 ലെ ഐടി ഭേദഗതി നിയമത്തിലൂടെ തടയിടാൻ മോദി സർക്കാർ ശ്രമിച്ചത്. രാജ്യത്തെ മാധ്യമങ്ങൾ പാലിച്ച വലിയ നിശബ്ദതയ്ക്ക് വലിയ വിലയാണ് കഴിഞ്ഞ ആറ് വർഷം നൽകേണ്ടി വന്നത്. കഴിഞ്ഞ ദിവസം മൂന്നാം മന്ത്രിസഭയുടെ നൂറ് ദിന കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാൻ മന്ത്രിസഭാ യോഗത്തിൽ മന്ത്രിമാർക്ക് മോദി നിർദ്ദേശം നൽകി.മോദിയുടെ ഈ ആത്മവിശ്വാസത്തിന് കാരണക്കാർ രാജ്യത്തെ മാധ്യമങ്ങളാണ്. മോദി മൂന്നാമതും അധികാരത്തിൽ എത്തിയാൽ അതിന് ഉത്തരവാദികൾ ഇവിടുത്തെ മാധ്യമങ്ങളും മാധ്യമ പ്രവർത്തക്കുമായിരിക്കും എന്ന് നിസംശയം പറയാം.