ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്ത്യസഖ്യത്തിലെ കക്ഷികൾ മത്സരിക്കുന്ന മണ്ഡലങ്ങൾ പുറത്തുവിട്ട് ഡിഎംകെ. 39 സീറ്റില്‍ ഡി.എം.കെ. 21-ൽ മത്സരിക്കും. നേരത്തെ ഉണ്ടായിരുന്ന ധാരണപ്രകാരം തമിഴ്നാട്ടിലെ ഒമ്പതുസീറ്റിലും പുതുച്ചേരിയിലെ ഏകസീറ്റിലുമാണ് കോണ്‍ഗ്രസ് മത്സരിക്കുക. സി.പി.എം., സി.പി.ഐ., വി.സി.കെ. എന്നിവര്‍ രണ്ടുവീതം സീറ്റിലും എം.ഡി.എം.കെ., മുസ്‌ലിം ലീഗ്, കൊങ്കുനാട് മക്കള്‍ ദേശീയ കച്ചി എന്നിവര്‍ ഓരോ സീറ്റിലും മത്സരിക്കും. നിലവിൽ കോൺഗ്രസിന്റെ സു തിരുനാവുകരസർ പ്രതിനിധാനം ചെയ്യുന്ന തിരുച്ചിറപ്പള്ളി മണ്ഡലം വൈക്കോ നേതൃത്വം നൽകുന്ന എംഡിഎംകെയ്ക്ക് നൽകും.
കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം സഖ്യത്തെ പിന്തുണയ്ക്കും. പകരം അടുത്ത വര്‍ഷം സംസ്ഥാനത്ത് ഒഴിവുവരുന്ന രാജ്യസഭാസീറ്റുകളിലൊന്ന് മക്കള്‍ നീതി മയ്യത്തിന് നല്‍കാൻ നേരത്തെ ധാരണയായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിലും പുതുച്ചേരിയിലും തമിഴ്‌നാട്ടിലുമായി 10 സീറ്റിലായിരുന്നു കോണ്‍ഗ്രസ് മത്സരിച്ചത്. ഇത്തവണ 12 സീറ്റ് ആവശ്യപ്പെട്ടിരുന്നെങ്കിലും ഏഴായിരുന്നു ഡി.എം.കെ.യുടെ വാഗ്ദാനം.
കമല്‍ഹാസന്റെ പാര്‍ട്ടിയെക്കൂടി സഖ്യത്തില്‍ ഉള്‍പ്പെടുത്തേണ്ടിവരുന്നത് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിന് സീറ്റ് കുറയ്ക്കാനായിരുന്നു ഡി.എം.കെ.യുടെ നീക്കം. കോയമ്പത്തൂരില്‍ മത്സരിക്കാന്‍ കമല്‍ഹാസന്‍ ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. കോണ്‍ഗ്രസിന്റെ സീറ്റുകളില്‍നിന്ന് കമലിന് സീറ്റ് നല്‍കണമെന്ന നിര്‍ദേശവും ഡി.എം.കെ. മുന്നോട്ടുവെച്ചു. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസ് കൂടുതല്‍ സീറ്റുകളിൽ മത്സരിക്കണമെന്ന വാദം ഡി.എം.കെ.യും കമല്‍ഹാസനും അംഗീകരിക്കുകയായിരുന്നു.
2019-ൽ ഡിഎംകെയുടെ നേതൃത്വത്തിലുള്ള സഖ്യം 39-ൽ 38 സീറ്റും തൂത്തുവാരിയിരുന്നു. മത്സരിച്ച ഒമ്പത് സീറ്റിൽ എട്ടിലും കോൺഗ്രസ് വിജയിച്ചു. ബിജെപിയുടെ എൻഡിഎ സഖ്യം ഒരു സീറ്റിൽ ഒതുങ്ങി. ഇത്തവണ ഏപ്രിൽ 19-ന് ഒറ്റഘട്ടമായാണ് തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് നടക്കുക. ജൂൺ നാലിന് വോട്ടെണ്ണും.
ഡിഎംകെ
1.ചെന്നൈ നോർത്ത്
2. ചെന്നൈ സൗത്ത്
3. ചെന്നൈ സെൻട്രൽ
4. ശ്രീപെരുമ്പത്തൂർ
5. ആരക്കോണം
6. കാഞ്ചീപുരം (എസ്‌സി)
7. തിരുവണ്ണാമലൈ
8. വെല്ലൂർ
9. ധർമപുരി
10. കള്ളക്കുറിച്ചി
11. സേലം
12. പൊള്ളാച്ചി
13. നീലഗിരി (എസ്‌സി)
14. കോയമ്പത്തൂർ
15. തേനി
16. ആരണി
17. പേരാമ്പലൂർ
18. ഈറോഡ്
19. തഞ്ചാവൂർ
20. തെങ്കാശി (എസ്‌സി)
21. തൂത്തുക്കുടി
കോൺഗ്രസ്
22. തിരുവള്ളൂർ (എസ്‌സി)
23. കൃഷ്ണഗിരി
24. കരൂർ
25. കടലൂർ
26. മയിലാടുതുറൈ
27. ശിവഗംഗ
28. വിരുദുനഗർ
29. കന്യാകുമാരി
30. തിരുനെൽവേലി
31. പുതുച്ചേരി
വിടുതലൈ ചിരുതൈകൾ കച്ചി (വി.സി.കെ)
32. ചിദംബരം (എസ്‌സി)
33. വില്ലുപുരം (എസ്‌സി)
സിപിഎം
33. മധുര
34. ദിണ്ടിഗൽ
സിപിഐ
36. തിരുപ്പുർ
37. നാഗപട്ടണം (എസ്‌സി)
എം.ഡി.എം.കെ.
38. തിരുച്ചിറപ്പള്ളി
കൊങ്കുനാട് മക്കള്‍ ദേശീയ കച്ചി (കെഎംഡികെ)
39. നാമക്കൽ
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (ഐയുഎംഎൽ)
40. രാമനാഥപുരം