തിരുവനന്തപുരം: വൈദ്യുതി മേഖലയിൽ പരിഷ്കാരങ്ങൾ നടപ്പാക്കിയതും കെഎസ്ഇബിയുടെ നഷ്ടം ഏറ്റെടുത്തതും കണക്കിലെടുത്ത് കേരളത്തിന് 4,866 കോടി രൂപ കൂടി കടമെടുക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകി. കേന്ദ്ര ഊർജവകുപ്പിൽനിന്നുള്ള തീരുമാനം വന്നതിനു പിന്നാലെ കേന്ദ്ര ധനമന്ത്രാലയം സംസ്ഥാന സർക്കാരിന് കടമെടുക്കാൻ അനുമതി നൽകുകയായിരുന്നു.
സുപ്രീം കോടതിയിൽ കേരളം ഹർജി നൽകിയതിനെത്തുടർന്ന്, അർഹതപ്പെട്ട 13,608 കോടി കടമെടുക്കുന്നതു കേന്ദ്രം തടയുകയും പിന്നീടു കോടതി നിർദേശത്തെ തുടർന്ന് അനുവദിക്കുകയും ചെയ്തിരുന്നു. ഇതിൽ 8,742 കോടി രൂപ എടുക്കാൻ നേരത്തേ അംഗീകാരം നൽകി. ഇന്നു കൊണ്ട് അതു മുഴുവൻ എടുക്കും. ബാക്കി 4,866 കോടി രൂപ 26ന് കടമെടുക്കാനാണ് ഉദ്ദേശിക്കുന്നത്. മറ്റന്നാളത്തെ സുപ്രീംകോടതി വിധിയിലാണ് ഇനി കേരളത്തിന്റെ പ്രതീക്ഷ.