കോഴിക്കോട്:ഓൺലൈൻ തട്ടിപ്പിലൂടെ ആതിരക്ക് നഷ്ടമായത് 29 ലക്ഷം.ഓൺലൈൻ തട്ടിപ്പ് സംഘത്തിൽ ഉൾപ്പെട്ട യുവാവിനെ അറസ്റ്റ് ചെയ്ത പൊലീസ്.മുക്കം മലാംകുന്ന് ജിഷ്ണുവിനെയാണ് (20) ചേവായൂർ പൊലീസ് പിടികൂടിയത്.ഇൻസ്റ്റഗ്രാം, ടെലിഗ്രാം എന്നിവയിലൂടെ ലിങ്കുകൾ അയച്ച് അതിലൂടെ ചാറ്റ് ചെയ്യുകയും വിവിധ ടാസ്കുകൾ നൽകുകയും ചെയ്യുന്നു.
വിവിധ ടാസ്കുകൾ പൂർത്തിയാക്കിയാൽ കൂടുതൽ പണം തിരികെ നൽകാമെന്നും പറയുന്നു.പിന്നീട് വിവിധ ബാങ്ക് അക്കൗണ്ടുകൾ നൽകി അതിലേക്ക് പണം അയപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നത്.29 ലക്ഷത്തിന്റെ ഓൺലൈൻ തട്ടിപ്പിനിരയായ ആതിരയുടെ പരാതി പ്രകാരം ചേവായൂർ പൊലീസ് റജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണത്തിനിടെയാണു ടാസ്ക് നൽകിയുള്ള തട്ടിപ്പിന്റെ വിശദാംശങ്ങൾ പൊലീസിനു ലഭിച്ചത്.
തട്ടിപ്പിൽനിന്നു ലഭിക്കുന്ന പണവും പലരുടെ അക്കൗണ്ടിലായാണ് ഇട്ടിരുന്നത്. സ്വന്തം അക്കൗണ്ടിൽ കണക്കിൽ കൂടുതൽ പണം വന്നാൽ പിടിക്കപ്പെടാൻ സാധ്യതയുണ്ടെന്നു കണ്ടാണു പലരുടെ അക്കൗണ്ടിലേക്കു പണം മാറ്റിയിരുന്നത്. ഇത്തരത്തിൽ പണം സൂക്ഷിക്കുന്നവർക്കു പ്രതിഫലം നൽകിയിരുന്നു.
ചേവായൂർ സ്വദേശിയായ യുവാവിനെ പരിചയപ്പെട്ട് ആ യുവാവിന്റെ അക്കൗണ്ടിലേക്ക് ഇത്തരത്തിൽ പണം ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്. തിരികെ ട്രാൻസ്ഫർ ചെയ്തപ്പോൾ ജിഷ്ണു പ്രതിഫലമായി 4,000 രൂപ നൽകിയതായി പൊലീസ് കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിലാണു പിടിയിലായത്.
ഇത്തരം തട്ടിപ്പുസംഘത്തെ കുറിച്ച് പൊലീസിനു കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. വിവിധ അക്കൗണ്ടുകളിലൂടെ കയ്യിലാക്കുന്ന പണം തുടർ ട്രാൻസ്ഫറുകളിലൂടെ പെട്ടെന്നു മറ്റു അക്കൗണ്ടിലേക്ക് മാറ്റിയും എടിഎം വഴി പിൻവലിച്ചുമാണു തട്ടിപ്പ് നടത്തിയിരുന്നത്.