ഇന്ത്യയിലെ ഏറ്റവും വലിയ ഇടതുപാർട്ടി ഏതാണെന്ന ചോദ്യത്തിന് എല്ലാവരും ഒറ്റ വാക്കിൽ ഉത്തരം പറയുന്നത് സിപിഎം എന്നാണ്. എന്നാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ സീറ്റുകളിൽ മത്സരിക്കുന്ന ഇടത് പാർട്ടി ഏതാണ് എന്ന് ചോദിച്ചാൽ വലിയ പാർട്ടി സിപിഎം ആയ സ്ഥിതിക്ക് അതും സിപിഎം ആയിരുക്കുമല്ലോ എന്നായിരിക്കും മിക്കവരുടെയും ഉത്തരം. എന്നാൽ ആ ഉത്തരം തെറ്റാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ സീറ്റുകളിൽ മത്സരിക്കുന്ന ഇടത് പാർട്ടി സിപിഎം അല്ല. എസ്.യു.സി.ഐ (കമ്യൂണിസ്റ്റ്) നാണ് ആ റെക്കോർഡ്. അതിനിലോക്സഭയിലെ കണക്കായാലും ഇന്ത്യയിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ കണക്കാലും എസ്.യു.സി.ഐ (കമ്യൂണിസ്റ്റ്) തന്നെയാണ് മത്സരിക്കുന്ന സീറ്റുകളുടെ എണ്ണത്തിൽ മുൻപന്തിയിൽ. ഈ ലോക്സഭാ തെരഞ്ഞെടുപ്പിലും അതിന് മാറ്റമില്ല.
2024 ലെ പൊതു തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പിൽ കേരളത്തിൽ എട്ട് മണ്ഡലങ്ങൾ അടക്കം രാജ്യത്ത് 151 സീറ്റുകളിൽ എസ്.യു.സി.ഐ (കമ്യൂണിസ്റ്റ്) മത്സരിക്കുന്നുണ്ട്. 9 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായിട്ടാണ് 151 മണ്ഡലങ്ങളിൽ മത്സരിക്കുന്നത്. ബംഗാളിൽ ആകെയുള്ള 42 മണ്ഡലങ്ങളിലും മത്സരിക്കുമെന്നും ഇക്കുറി പാർട്ടി മത്സരിക്കും. എസ്. മിനി (തിരുവനന്തപുരം), ട്വിങ്കിൾ പ്രഭാകരൻ (കൊല്ലം), ആർ. അർജുനൻ (ആലപ്പുഴ), വി.പി. കൊച്ചു മോൻ (കോട്ടയം), കെ. ബിമൽജി (മാവേലിക്കര), എ. ബ്രഹ്മകുമാർ (എറണാകുളം), ഡോ. എം. പ്രദീപൻ (ചാലക്കുടി), ഡോ. എം. ജ്യോതിരാജ് (കോഴിക്കോട്) എന്നിവരാണ് കേരളത്തിലെ സ്ഥാനാർഥികൾ.
ഇക്കുറി കേരളത്തിലൊഴികെ മറ്റ് എല്ലാ സ്ഥലങ്ങളിലും ഇൻഡ്യ മുന്നണിയുടെ സഖ്യകക്ഷിയായിട്ടാണ് സിപിഎമ്മും സിപിഐയും ജനവിധി തേടുന്നത്. കേരളത്തിലെ 15 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. ബംഗാളിൽ 13 ഇടത്തും തമിഴ്നാട്ടിലെ രണ്ടിടത്തും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാളിൽ കോൺഗ്രസുമായി സഖ്യ സാധ്യതയും പാർട്ടി തേടുന്നുണ്ട്. സഖ്യമില്ലെങ്കിൽ തനിച്ച് മത്സരിക്കാനാണ് നീക്കം. അങ്ങനെയെങ്കിൽ അവിടെ 4 സീറ്റുകൾ ഘടകകക്ഷിയായ ഫോർവേഡ് ബ്ലോക്കിനും 2 സീറ്റ് സിപിഐക്കും 2 സീറ്റ് ആർഎസ്പിക്കും വിട്ടുനൽകേണ്ടി വരും.
ഒറ്റയ്ക്കാണ് ഇടതു മുന്നണി മത്സരിക്കുന്നതെങ്കിൽ കേരളവും ബംഗാളും തമിഴ്നാടുമുൾപ്പെടെ 43 സീറ്റുകളിൽ മാത്രമായിരിക്കും പാർട്ടി അഖിലേന്ത്യ തലത്തിൽ മത്സരത്തിനിറങ്ങുക. സിപിഐ ആകട്ടെ കേരളത്തിലെ 4 ഉം തമിഴ്നാട്ടിലെ രണ്ടും ബീഹാറിൽ ഒന്നും ഉൾപ്പെടെ വെറും 5 സീറ്റുകളിൽ ജനവിധി തേടാനാണ് സാധ്യത. ഫോർവേഡ് ബ്ലോക്കും ഇക്കുറി ഇൻഡ്യ സഖ്യത്തിലുണ്ട്. പലയിടത്തും ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചാൽ തന്നെ 5 കടക്കാനുള്ള സാധ്യതയുമില്ല.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ എസ്.യു.സി.ഐ (കമ്യൂണിസ്റ്റ് ) 23 സംസ്ഥാനങ്ങളിലായി 119 സീറ്റുകളിൽ മത്സരിച്ചു. ബംഗാളിലെ മുഴുവൻ (42) സീറ്റിലും കേരളത്തിലെ 9 സീറ്റിലും കർണാടക, ഒഡീഷ, ബീഹാർ എന്നിവിടങ്ങളിൽ എട്ട് വീതം സീറ്റിലും പാർട്ടി മത്സരിച്ചു. കേന്ദ്ര ഭരണ പ്രദേശമായ ആൻഡമാനിലും, പുതുച്ചേരിയിലും ഓരോ സീറ്റിലും പാർട്ടി ജനവിധി തേടി.2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎം 71, സിപിഐ 54, ഫോർവേഡ് ബ്ലോക്ക് 15 സീറ്റിലുമാണ് രാജ്യത്ത് ജനവിധി തേടിയത്.
കേരളമടക്കം 2021 ൽ 5 സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഏറ്റവും കൂടുതൽ സീറ്റുകളിൽ മത്സരിച്ചത് എസ്.യു.സി.ഐ (കമ്യൂണിസ്റ്റ് ) തന്നയായിരുന്നു. ബംഗാളിൽ -193, അസം-29, കേരളം – 27 എന്നിങ്ങനെയാണ് പാർട്ടി മത്സരിച്ച സീറ്റുകളുടെ എണ്ണം. ആകെ 249 സീറ്റുകളിൽ പാർട്ടി ജനവിധി തേടി. സിപിഎം ആകെട്ടെ ബംഗാൾ-135, കേരളം – 85, തമിഴ്നാട് – 6, അസം-2, പുതുച്ചേരി-1 എന്നിങ്ങളെ 227 സീറ്റുകളിലാണ് പോരിനിറങ്ങിയത്.
ബംഗാൾ, അസം, കർണാടക, ബീഹാർ, ജാർഖണ്ഡ് എന്നിവിടങ്ങളാണ് എസ്.യു.സി.ഐ (കമ്യൂണിസ്റ്റ് ) പാർട്ടിയുടെ ശക്തികേന്ദ്രങ്ങൾ. 2006 പാർട്ടിക്ക് ബംഗാളിൽ നിന്നും ഒരു എംപിയും ഉണ്ടായിരുന്നു, തരുൺ കുമാർ മണ്ഡൽ. 2016ൽ ബംഗാളിലും അസമിലും രണ്ട് വീതവും ഒഡീഷയിൽ ഒരു എംഎൽഎയും ഉണ്ടായിരുന്നു.