കേരളത്തിൽ കടുത്ത ചൂടിനെ വെല്ലുന്ന രീതി തെരഞ്ഞെടുപ്പ് ചൂട് കനക്കുകയാണ്. ഇടത്- ഐക്യമുന്നണി നേതാക്കൾ തമ്മിൽ പരസ്പരം ബിജെപി ബന്ധം ആരോപിച്ച് പ്രചരണത്തിൽ മുന്നേറാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. പരസ്പരം ബിജെപി ബന്ധം മുന്നണികൾ ആരോപിക്കുമ്പോഴും പരസ്യമായ ബിജെപി അനുകൂല നിലപാട് പല തവണ പ്രകടിപ്പിച്ച നേതാക്കളും ഇക്കുറി സ്ഥാനാർത്ഥികളായിട്ടുണ്ട്. അതിൽ ഒന്നാം നമ്പർ പേരുകാരനാണ് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാനാർത്ഥിയും കോൺഗ്രസ് മുതിർന്ന നേതാവുമായ ശശി തരൂർ.
കഴിഞ്ഞ രണ്ട് തവണകളായി കോൺഗ്രസ് ദേശീയ രാഷ്ട്രീയത്തിൻ്റെയും സംസ്ഥാന രാഷ്ട്രീയത്തിൻ്റെയും അധികാരത്തിൻ്റെയും പടിക്ക് പുറത്താണ്. രാജ്യത്തും കേരളത്തിലുമായി കോൺഗ്രസ് നിലനിൽപ്പിനായ പോരാട്ടം നടക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിൽ നിന്നും കഴിഞ്ഞ കുറേ വർഷങ്ങളായി ജനപ്രതിനിധികളും നേതാക്കളും ബിജെപിയിലേക്ക് ചേക്കേറിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലെല്ലാം പരസ്യമായ സംഘപരിവാർ – ബിജെപി നിലപാടുകൾ തൻ്റെ സ്വന്തം നിലപാടായി ഉയർത്തിക്കാട്ടിയ ആളായിരുന്നു തരൂർ. തരൂരിൻ്റെ ഈ പ്രസ്താവനകളെല്ലാം പല തവണ പാർട്ടിക്ക് തലവേദനയായും മാറി. മുതിർന്ന നേതാവ് കെ മുരളീധരനടക്കം ശശി തരൂരിനെയും നിലപാടിനെയും തള്ളി രംഗത്ത് എത്തിയതിനും കേരള രാഷ്ട്രീയം സാക്ഷിയായി.
ഇന്ത്യയിൽ സംഘപരിവാറും ബിജെപിയും പലസ്തീൻ വിരുദ്ധ നിലപാട് സ്വീകരിക്കുന്നതിനിടയിൽ ഇസ്രയേൽ അനുകൂല നിലപാട് പരസ്യമാക്കിയാണ് തരൂർ കോൺഗ്രസ് നേതൃത്വത്തെ ഏറ്റവും ഒടുവിൽ പ്രതിസന്ധിയിലാക്കിയത്. ജനാധിപത്യത്തിൻ്റെ ശ്രീകോവിലായ പാർലമെൻ്റിൽ രാജാധികാരത്തെ ചിഹ്നമായ ചെങ്കോൽ സ്ഥാപിക്കാനുള്ള ബിജെപി നിലപാടിനെയും തരൂർ അടുത്തിടെ പിന്തുണച്ചിരുന്നു. തുടർന്ന് തരൂരിനെതിരെ നടപടി ആവശ്യപ്പെട്ട് കേരള നേതാക്കൾ ഹൈക്കമാൻഡിന് പരാതിയും നൽകിയിരുന്നു.
തരൂർ ഒന്നല്ല പല തവണ നരേന്ദ്ര മോദിയെ പുകഴ്ത്ത് പ്രസ്താവനകൾ ഇറക്കിയ ആളാണ് തരൂർ. നരേന്ദ്ര മോദി സർക്കാറിൻ്റെ മുസ്ലിം വിരുദ്ധത കോൺഗ്രസ് രാജ്യത്ത് ഉയർത്തിക്കൊണ്ടു വരുന്ന കാലത്ത് പാർട്ടിയെ വെട്ടിലാക്കി രംഗത്ത് എത്തിയുന്നു. പ്രധാന മുസ്ലിം രാജ്യങ്ങളുമായി മോദിയുടെ കാശ് ഇന്ത്യയ്ക്ക് എക്കാലത്തേക്കാളും മികച്ച ബന്ധമാണ് ഉള്ളതെന്നായിരുന്നു അദ്ദേഹത്തിൻ്റെ അഭിപ്രായം. മോദിയുടെ ഇക്കാര്യത്തിലെ നിലപാട് അനുകരണീയമാണ്.
ഇതിലും മികച്ച രീതിയിൽ ഈ വിഷയം കൈകാര്യം ചെയ്യാനാകില്ല.അതിൽ തനിക്ക് സന്തോഷമുണ്ടെന്നും സിഎൻഎൻ–ന്യൂസ് 18 കോൺക്ലേവിൽ 2023 ജൂലൈയിൽ സംസാരിക്കുമ്പോൾ തരൂർ പറഞ്ഞു. ഇതിന് ദേശീയ തലത്തിൽ ബിജെപി പ്രചരണമാണ് നൽകിയത്. ഒരു നിമിഷത്തെ തോന്നലാണെങ്കിൽ കൂടി ശശി തരൂർ ഒടുവിൽ സത്യം പറഞ്ഞിരിക്കുന്നു എന്നായിരുന്നു ബിജെപിയുടെ പ്രതികരണം.
നരേന്ദ്ര മോദി ഇന്ത്യയുടെ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നിരിക്കുന്നുവെന്നായിരുന്നു അനന്ത പുരിലെ ബിജെപി-മോദി വിരുദ്ധ സ്ഥാനാർത്ഥി എന്നവകാശപ്പെടുന്ന കോൺഗ്രസ് സ്ഥാനാർത്ഥി മുമ്പ് പങ്കുവച്ച ഒരു ഫേസ് ബുക്ക് കുറിപ്പിൻ്റെ ഉള്ളടക്കം. മോദിയെക്കുറിച്ച് മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക്ക് ഒബാമ ടൈം വാരികയില്‍ എഴുതിയ ലേഖനം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്താണ് തരൂരിന്റെ മോദി ഭക്തി ഇക്കുറി വെളിവാക്കിയത്.രാജ്യത്തിന് വേണ്ടി അക്ഷീണം പ്രയ്തനിക്കുമ്പോഴും പ്രധാനമന്ത്രിയുടെ ഉത്സാഹത്തിന് യാതൊരു കുറവും വരുന്നില്ലെന്നും ഒരു അഭിമുഖത്തില്‍ തരൂർ പറഞ്ഞിരുന്നു.അദ്ദേഹത്തെ അംഗീകരിച്ചാലും ഇല്ലെങ്കിലും അദ്ദേഹത്തിന്റെ ഈ കഴിവിനെ അംഗീകരിച്ചേ മതിയാകൂവെന്നാണ് ന്യൂസ് 18 ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തരൂർ പറഞ്ഞത്.
ഉത്തർപ്രദേശിലടക്കം സ്വന്തം പാർട്ടി തോറ്റ് തുന്നം പാടിയതിലും തരൂർ ക്രഡിറ്റ് കൊടുത്തത് മോദിക്കായിരുന്നു. ‘അതിശയകരമായ ഊർജ്ജv00 ചടുലതയും ഉള്ള മനുഷ്യൻ’ എന്നായിരുന്നു കോൺഗ്രസിൻ്റെ വിശ്വ പൗരൻ അന്ന് മോദിക്ക് നൽകിയ വിശേഷണം. യുപി ഉൾപ്പടെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേടിയ വലിയ വിജയത്തിന്‍റെ കാരണക്കാരൻ മോദിയാണ്. രാഷ്ട്രീയത്തില്‍ അപൂര്‍വമായി മാത്രം കാണുന്ന പലതും മോദി ചെയ്തിട്ടുണ്ടെന്നുമാണ് ജയ്പൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ശശി തരൂർ പറഞ്ഞത്.
ഉക്രൈൻ – റഷ്യയുദ്ധ പശ്ചാത്തലത്തിലും മോദി സ്തുതിയുമായി തരൂർ രംഗത്തെത്തി.മോദി സ്വീകരിച്ചത് കയ്യടി അർഹിക്കുന്ന നിലപാടെന്നായിരുന്നു തരൂരിൻ്റെ പ്രതികരണം. മോദി സർക്കാരിന്‍റെ ജി20 നയന്ത്രത്തെയും തരൂർ വാതോരാതെ പ്രശംസിച്ചു. ഇന്ത്യയെ ഉയർത്തിക്കാട്ടുന്നതിനും മുഴുവൻ ക്രെഡിറ്റും മോദി സർക്കാരിനാണ്. ലോകത്തിന് ഇനി ഇന്ത്യയെ അവഗണിക്കാനാവില്ല. പ്രധാനമന്ത്രി മോദിയുടെ വിദേശനയം കൂടുതൽ വിപുലീകൃതമാണ് എന്നാണ് തരൂർ അന്ന് അഭിപ്രായപ്പെട്ടത്.
നരേന്ദ്ര മോദി വിജയിച്ച ബ്രാൻഡ് എന്നാണ് കോൺഗ്രസ് നേതാവിൻ്റെ അവകാശവാദം.മോദി അവസരങ്ങൾ മുതലെടുത്ത് നെഗറ്റീവിനെയും വിമർശനങ്ങളെയും അവസരമാക്കി മാറ്റി. നെഗറ്റീവ് ഇമേജ് മറികടന്ന് ജനങ്ങളെ സ്വാധിനിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞുവെന്നാണ് തരൂരിൻ്റെ മറ്റൊരു നിലപാട്. സംഘപരിവാർ അനുഭാവിയും കേന്ദ്രമന്ത്രി വി.മുരളീധരൻ്റെ അടുത്ത സുഹൃത്തും ഹിന്ദി, ഇംഗ്ലീഷ് മാധ്യമങ്ങളിൽ രാഷ്ട്രീയ നിരീക്ഷകനായി പങ്കെടുത്ത് ബിജെപിയെ അനുകൂലിക്കുന്ന ഡൽഹി മലയാളിയും കൂടിയായ പി.കെ.ഡി നമ്പ്യാരുടെ “യു ടൂ കാൻ ബി എ ബ്രാൻഡ് ” എന്ന പുസ്തകത്തിൻ്റെ പ്രകാശന ചടങ്ങിലായിരുന്നു പ്രശംസ. സംഘ പരിവാർ അനുകൂല പുസ്തക പ്രസാദക സ്ഥാപനമായ ഇൻഡസ് സ്ക്രാൾസാണ് പരിപാടി സംഘടിപ്പിച്ചത്. വേദിയിൽ കോൺഗ്രസിലെ കുടുംബ വാഴ്ച്ചയെ എതിർക്കാനും തരൂർ മറന്നില്ല.
ഒന്നാം നരേന്ദ്ര മോദി സർക്കാരിൻ്റെ കാലത്ത് തുടങ്ങിയതാണ് ശശി തരൂരിൻ്റെ മോദി ഭക്തിയും സ്തുതിയും. വെറുക്കപ്പെട്ട വ്യക്തിത്വത്തില്‍ നിന്ന് ആധുനികതയുടേയും വികസനത്തിന്റേയും നായകനാവാന്‍ മോഡി ശ്രമിക്കുന്നു എന്നായിരുന്നു 2014ൽ ജൂണിൽ കോൺഗ്രസ് വ്യക്താവായ തരൂര്‍ പ്രസ്താവന നടത്തിയത്. ഇതാണ് മോദി പ്രധാനമന്ത്രിയായ ശേഷം തരൂർ നടത്തിയ ആദ്യ പ്രശംസ. എന്നാല്‍ അത് തരൂരിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് പറഞ്ഞ് കോൺഗ്രസ് തലയൂരി. എന്നാൽ അധികം വൈകാതെ മോദി പ്രശംസയുമായി തരൂർ വീണ്ടുമെത്തി 2014 ഒക്ടോബറിൽ മോദി ഐക്യരാഷ്ട്ര സഭയില്‍ നടത്തിയ പ്രസംഗത്തെ പ്രകീര്‍ത്തിച്ചാണ് പിന്നീട് വിശ്വ പൗരൻ രംഗത്തെത്തിയത്. രാജ്യസ്‌നേഹം പ്രകടമാവുന്നതും ജനാധിപത്യത്തിനുള്ള പിന്തുണ അറിയിക്കുന്നതോടൊപ്പം തീവ്രവാദ അന്തരീക്ഷത്തിനെുരെയുള്ള നിലപാടും വ്യക്തമാക്കുന്നതായിരുന്നു മോദിയുടെ പ്രസംഗമെന്നും തരൂർ പുകഴ്ത്തി. തിരുവനന്തപുരത്തെ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ മോദി സ്നേഹത്തിൻ്റെ ഉദാഹരണങ്ങൾ ഇനിയും ഒരുപാടുണ്ട് എന്നതാണ് മറ്റൊരു കാര്യം.
കോൺഗ്രസ് വക്താവ് എന്ന നിലയിൽ തരൂർ മോദി പുകഴ്ത്തൽ സ്ഥിരം കലാപരിപാടിയാക്കിയതോടെ കേരള നേതാക്കൾ ഇടപ്പെട്ടു. ഒടുവിൽ മോദി അനുകൂല നിലപാടിൽ കെപിസിസിയുടെ ശിപാർശയെ തുടർന്ന് തരൂരിനെ വക്താവ് സ്ഥാനത്തു നിന്നും നീക്കുകയായിരുന്നു. മോദി പുകഴ്ത്തലിൻ്റെ പേരിൽ പിന്നീട് പല തവണ അച്ചടക്ക നടപടി നേരിട്ടിട്ടും അതൊന്നും വകവയ്ക്കാതെ വീണ്ടും പല തവണ മോദി ഭക്തി പരസ്യമായി പ്രകടിപ്പിച്ച ശശി തരൂരാണ് കേരളതലസ്ഥാനത്തെ ലോക്സഭാ മണ്ഡലം പിടിക്കാൻ കോൺഗ്രസ് നിയോഗിച്ചത്. തിരുവനന്തപുരത്ത് രണ്ട് മോദി ഭക്തർ തമ്മിലാണ് ഏറ്റുമുട്ടുന്നത് എന്നതാണ് യാഥാർത്ഥും. ഒരാൾ താമര ചിഹ്നത്തിൽ ജനവിധി തേടുമ്പോൾ മറ്റൊരാൾ കൈപ്പത്തി ചിഹ്നത്തിലും എന്ന വ്യത്യാസം മാത്രം.