പാലക്കാട് നടന്ന നരേന്ദ്ര മോദിയുടെ റോഡ് ഷോയിൽനിന്നും മുന്നണിയുടെ ഏക ന്യൂനപക്ഷ സ്ഥാനാർത്ഥിയായ മുൻ വിസി ഡോ അബ്ദുൾ സലാമിന് അയിത്തം കല്പ്പിച്ച നടപടി അടയാളപ്പെടുത്തുന്നത് വരുംകാല ഇന്ത്യയുടെ നേർക്കാഴ്ച. രാജ്യത്ത് മതാടിസ്ഥാനത്തിൽ പൗരത്വ നിയമം ഭേദഗതി ചെയ്ത് നടപ്പാക്കാൻ ശ്രമിക്കുന്ന മോദിയുടെ യഥാർത്ഥ ഗ്യാരൻ്റിയാണ് ഇപ്പോൾ വെളിവാകുന്നത്.
മോദി വീണ്ടും അധികാരത്തിലെത്തിയാൽ ഭാവി ഇന്ത്യ എന്തായിരിക്കും എന്നതിൻ്റെ ട്രയലാണ് ഇന്ന് അബ്ദുൾ സലാമിന് നേരിട്ട അവസ്ഥ വരച്ചുകാട്ടുന്നത്. ബിജെപിയെ വിശ്വസിച്ച് ഒപ്പം നിൽക്കുന്ന ഒരു ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിക്ക് ഇതാണ് അവസ്ഥയെങ്കിൽ മറ്റുള്ളവരുടെ അവസ്ഥ എന്തായിരിക്കും എന്ന ആശങ്കയാണ് ഉയരുന്നത്.
മതാടിസ്ഥാനത്തിൽ പൗരത്വ നിയമം ഭേദഗതി ചെയ്ത് ചെയ്ത് മുസ്ലിം മത വിഭാഗത്തിനെ രണ്ടാം നിരപൗരൻമാരാക്കുന്ന സിഎഎ വിജ്ഞാപനം പുറപ്പെടുവിച്ചുകൊണ്ടാണ് ‘മോദിയുടെ ഗ്യാരൻ്റി ‘ പറഞ്ഞ് പ്രധാനമന്ത്രി വോട്ടു തേടുന്നത്. ഇന്ന് സ്വന്തം പാർട്ടിയിലെ മുസ്ലിം സമുദായത്തിൽപ്പെട്ട സ്ഥാനാർത്ഥിയെ രണ്ടാം നിരക്കാരനാക്കി മാറ്റി നിർത്തിയാണ് മോദിയും ബിജെപിയും തങ്ങളുടെ യഥാർത്ഥ അജണ്ട വ്യക്തമാക്കിയിരിക്കുന്നത്.
വാഹനത്തിൽ സ്ഥലമില്ല, എൻഎസ്ജിക്കാർ വിലക്കി എന്നൊക്കെയുള്ള തൊടുന്യായങ്ങളാണ് ബിജെപിക്കാർ നിരത്തുന്നത്. എന്നാൽ ഒരാളേക്കുടി അതും സ്വന്തം പാർട്ടിയുടെ സ്ഥാനാർത്ഥിയെക്കൂടി റാലിയിൽ ഉൾപ്പെടുത്താൻ മോദിക്കോ അത് പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താൻ ഒപ്പമുണ്ടായിരുന്ന കെ.സുരേന്ദ്രനോ എന്തുകൊണ്ട് കഴിയാതെ പോയി???.
മോദി അധികാരത്തിൽ വന്നാൽ ന്യൂനപക്ഷങ്ങൾക്ക് ഒന്നും സംഭവിക്കില്ല എന്ന് കവല പ്രസംഗം നടത്തുന്ന ആളാണ് സുരേന്ദ്രൻ. കേരളത്തിലെങ്കിലും ന്യൂനപക്ഷങ്ങൾക്ക് തങ്ങൾ സുരക്ഷ ഉറപ്പാക്കുമെന്ന് വരുത്തി തീർക്കാനെങ്കിലും ബിജെപി സംസ്ഥാന അധ്യക്ഷന് മാറി നിൽക്കാമായിരുന്നു. അങ്ങനെയെങ്കിൽ സുരേന്ദ്രനും ബിജെപിക്കും കിട്ടുന്ന രാഷ്ട്രീയ മൈലേജ് എന്തായിരുന്നു എന്ന് ചിന്തക്കാതിരിക്കാൻ മാത്രം ബോധവും ബുദ്ധിയുമില്ലാത്ത ആളല്ലല്ലോ സുരേന്ദ്രൻ. എന്തുകൊണ്ട് അത് ചെയ്തില്ല???
മോദിയുടെ റോഡ് ഷോയിൽ പാലക്കാട്, പൊന്നാനി, മലപ്പുറം ലോക്സഭ മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ ഉണ്ടാകുമെന്നായിരുനേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പാലക്കാട് സ്ഥാനാർഥി സി. കൃഷ്ണകുമാറും പൊന്നാനി നിവേദിത സുബ്രഹ്മണ്യനും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും മോദിക്കൊപ്പം തുറന്ന വാഹനത്തിൽ സ്വീകരണം ഏറ്റുവാങ്ങിയപ്പോൾ അപമാനിതനായത് മലപ്പുറത്തെ സ്ഥാനാർത്ഥി മാത്രമല്ല, മതേതര കേരളം കൂടിയാണ്.
കേരളത്തിൻ്റെ മതേതര മണ്ണിൽ ചവിട്ടി നിന്നാണ് അവർ ഒരു സമൂഹത്തെ മൊത്തം അവഹേളിച്ചിരിക്കുന്നത്. ഇതിന് മതേതര കേരളം തന്നെ അവർക്ക് തെരഞ്ഞെടുപ്പിൽ മറുപടി കൊടുക്കുമെന്ന് പ്രതീക്ഷിക്കാം. വർഗീയതയിൽ മാത്രം നിലകൊള്ളുന്ന ബിജെപി എന്ന രാഷ്ട്രീയപ്പാർട്ടിയുടേയും നരേന്ദ്ര മോദി എന്ന രാഷ്ട്രീയക്കാരൻ്റെയും തേറ്റപ്പല്ലുകളാണ് ഇന്ന് വെളിവായിരിക്കുന്നത്. അതുകൊണ്ട്തന്നെ കേരളത്തിലെയും രാജ്യത്തേയും മത ന്യൂനപക്ഷങ്ങളേ യഥാർത്ഥ ”മോദിയുടെ ഗ്യാരൻ്റിയെപ്പറ്റി” ജാഗ്രതൈ…. !