രാജ്യം ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ ചൂടിലേക്ക് നീങ്ങുകയാണ്. കേരളത്തിൽ മാർച്ച് 26ന് രണ്ടാം ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ്. സംസ്ഥാനത്തെ പ്രധാന മുന്നണികളായ എൽഡിഎഫും യുഡിഎഫും എല്ലാ സീറ്റുകളിലേക്കും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ഇരു മുന്നണികൾക്കും വെല്ലുവിളി ഉയർത്തുന്ന ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സ്ഥാനാർത്ഥി പട്ടിക പൂർണമായും പ്രഖ്യാപിചിട്ടില്ല. പതിവുപോലെ വനിതാ സ്ഥാനാർത്ഥികളോട് അയിത്തം കല്പിച്ചാണ് മുന്നണികൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്.
നിലവിൽ നാല് സീറ്റുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ ബാക്കിയിരിക്കെ ഏറ്റവും കൂടുതൽ വനിതാ പ്രാതിനിധ്യം നൽകിയിരിക്കുന്നത് എൻഡിഎ മുന്നണിയും മൊത്തം സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച ഇടതു മുന്നയി. ആലപ്പുഴയിൽ ശോഭാ സുരേന്ദ്രനും ( ബിജെപി) ഇടുക്കിയിൽ സംഗീതാ വിശ്വനാഥ് (ബിഡിജെഎസ്), കാസർഗോഡ് എം.എൽ.അശ്വിനിയുമാണ് കേന്ദ്ര ഭരണമുന്നണിക്ക് വേണ്ടി കളത്തിലിറങ്ങുന്നത്. സംസ്ഥാന ഭരണമുന്നണിയായ എൽഡിഎഫിന് വേണ്ടി വടകരയിൽ കെ.കെ.ഷൈലജ (സിപിഎം), എറണാകുളത്ത് കെ.ജെ.ഷൈനും (സിപിഎം), വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ ആനി രാജയുമാണ് മത്സര രംഗത്തുള്ളത്. യുഡിഎഫിൻ്റെ സ്ഥാനാർത്ഥി പട്ടികയിലെ വനിതാ പ്രാതിനിത്യമാവട്ടെ ആലത്തൂരിൽ കോൺഗ്രസിൻ്റെ രമ്യ ഹരിദാസിലൊതുങ്ങി.
വനിതകൾകച്ച മുറുക്കി ഇറങ്ങിയിരിക്കുന സീറ്റുകളിൽ എല്ലാം ശക്തരായ പുരുഷ സ്ഥാനാർത്ഥികളെയാണ് അവർ നേരിടുന്നത്. നിലവിൽ മത്സര രംഗത്തുള്ള ഏക വനിതാ ലോക്ഭാംഗമായ രമ്യ ഹരിദാസാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നുള്ള ഏക ലോക് സഭാംഗമാണ് രമ്യ. ആലപ്പുഴയിൽ മത്സരിക്കുന്ന ബിജെപിയുടെ ശോഭാ സുരേന്ദ്രൻ്റെ എതിരാളികൾ സിറ്റിംഗ് എംപിയായ സിപിഎമ്മിൻ്റെ എ.എം. ആരിഫും എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിച്ചാണ്. നിലവിൽ മണ്ഡലത്തിൽ മൂന്നാം സ്ഥാനത്തായ ശോഭാ സുരേന്ദ്രന് വിജയ സാധ്യതയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടൽ.
യുഡിഎഫിൻ്റെ ഉറച്ച കോട്ടയായ എറണാകുളത്ത് സിറ്റിംഗ് എംപിയായ കോൺഗ്രസിലെ ഹൈബി ഈടനെയാണ് എൽഡിഎഫിന് വേണ്ടി കെ.ജെ.ഷൈൻ നേരിടുന്നത്. എൻഡിഎയ്ക്ക് മണ്ഡലത്തിൽ പറയത്തക്ക സ്വാധീനമില്ല. അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിൽ ഇക്കുറിയു ഹൈബി ഈഡൻ അനായാസം എറണാകുളം കടക്കും.ബിഡിജെ എസ് മത്സരിക്കുന്ന ഇടുക്കി മണ്ഡലത്തിൽ പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻ്റായ സംഗീത വിശ്വനാഥനും വിജയ സാധ്യതയില്ല. ഇവിടെ എൽഡിഎഫും യുഡിഎഫും തമ്മിലാണ് നേർക്ക് നേർ പോരാട്ടം. നിലവിൽ കോൺഗ്രസിലെ ഡീൻ കുര്യാക്കോസാണ് മണ്ഡലത്തിലെ സിറ്റിംഗ് എംപി.
എൻഡിഎയ്ക്ക് വേണ്ടി മറ്റൊരു വനിതാ സ്ഥാനാർത്ഥി മത്സരിക്കുന്ന കാസർഗോഡ് മണ്ഡലത്തിലും യുഡിഎഫും എൽഡിഎഫും തമ്മിലാണ് നേർക്ക് നേർ പോരാട്ടം. അതിനാൽ ഇവിടെയും ബിജെപിക്ക് വേണ്ടി മത്സരിക്കുന്ന അശ്വിനിക്ക് സാധ്യത കുറവാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. വയനാട്ടിൽ രാഹുൽ ഗാന്ധിയെ സിപിഐയുടെ വനിതാ സ്ഥാനാർത്ഥിയായ ആനി രാജയാണ് നാടുകാണി ചുരം കയറിയിരിക്കുന്നത്. എന്നാൽ രാജ്യത്തെ ഏറ്റവും ശക്തനായ നേതാവിനെതിരെ ആനിക്ക് വിജയ സാധ്യത കുറവാണെന്നും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്.
എതിരാളികൾക്ക് വനിതാ സ്ഥാനാർത്ഥികൾ ശക്തമായ വെല്ലുവിളി ഉയർത്തി പ്രവചനം അധാധ്യമാക്കുന്ന മണ്ഡലങ്ങളാണ് ആലത്തൂരും വടകരയും. രണ്ട് സിറ്റിംഗ് എംഎൽഎമാർ പരസ്പരം മാറ്റുരയ്ക്കുന്ന മണ്ഡലമാണ് വടകര. സിപിഎമ്മിലെ കെ.കെ.ഷെലജയും കോൺഗ്രസിലെ ഷാഫി പറമ്പിലുമാണ് കടത്തനാടൻ മണ്ണിൽ തെരഞ്ഞെടുപ്പ് അങ്കത്തിനിറങ്ങിയിരിക്കുന്നത്. നിലവിൽ കോൺഗ്രസിൻ്റെ കെ മുരളീധരനാണ് മണ്ഡലത്തിലെ സിറ്റിംഗ് എംപി.
ഇത് യുഡിഎഫിന് അല്പം മേൽകൈ നൽകുന്ന ഘടകമാണ്. മുരളീധരൻ്റെ വിജയം ആവർത്തിക്കാനാവുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. ടിപി ചന്ദ്രശേഖരൻ ഫാക്ടറും അദ്ദേഹത്തിൻ്റെ പാർട്ടിയായ ആർഎംപിക്ക് മണ്ഡലത്തിലുള്ള ശക്തിയും ഷാഫിക്ക് അനുകൂലമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടൽ. എന്നിരുന്നാലും കഴിഞ്ഞ പിണറായി മന്ത്രിസഭയിലെ ഏറ്റവും ജനകീയമായ മന്ത്രി എന്ന കെ.കെ.ഷൈലജയുടെ സ്ഥാനാർത്ഥിത്വമാണ് മണ്ഡലത്തിലെ ജയപരാജയങ്ങൾ പ്രവചനാതീതമാക്കുന്നത്.
കഴിഞ്ഞ തവണ കേരളത്തിലെ ഏക വനിതാ അംഗത്തിൻ്റെ സംഭാവന ചെയ്ത മണ്ഡലമാണ് ആലത്തൂർ. ഹാട്രിക് വിജയം തേടി മത്സരത്തിനിറങ്ങിയ സിപിഎമ്മിൻ്റെ പി.കെ.ബിജുവിനെതിരെ ആലത്തൂരിൻ്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടിയാണ് കോൺഗ്രസിൻ്റെ രമ്യ ഹരിദാസ് ലോക്സഭയുടെ പടി കയറിയത്. എന്നാൽ ഇക്കുറി രമ്യക്ക് കാര്യങ്ങൾ എളുപ്പമല്ല. മണ്ഡലം തിരിച്ചുപിടിക്കാൻ ഇക്കുറി സിപിഎം നിയോഗിച്ചിരിക്കുന്നത് പിണറായി വിജയൻ മന്ത്രി സഭയിലെ ഏറ്റവും ജനകീനായ മന്ത്രിയും ആലത്തൂരിലെ എംഎൽഎയുമായ കെ.രാധാകൃഷ്ണനെയാണ്. കഴിഞ്ഞ വർഷം അനായാസം വിജയിച്ച രമ്യയുടെ സാധ്യതകൾക്ക് മങ്ങലേൽപ്പിക്കുന്നത് രാധാകൃഷ്ണൻ ഫാക്ടർ തന്നെയാണ്. വടകരയിലും ആലത്തൂരിലും വനിതാ സ്ഥാനാർത്ഥികൾ പരാജയപ്പെട്ടാൽ ഇക്കുറി ലോക്സഭയിലേക്ക് വനിതാ പ്രാതിനിധ്യം ഉണ്ടാവില്ല എന്നതാണ് വസ്തുത.