ലണ്ടൻ ∙ സൂപ്പർ മാർക്കറ്റ് ഭീമന്മാരായ ടെസ്കോയും ലിഡിലും തമ്മിലുള്ള നിയമ യുദ്ധത്തിൽ ലിഡിലിന് ജയം. ലിഡിലിന്റെ ലോഗോയുമായി ഏറെ സമാനതകളുള്ള ടെസ്കോയുടെ ക്ലബ് കാർഡ് ലോഗോ പിൻവലിക്കണമെന്നതായിരുന്നു ലിഡിലിന്റെ ആവശ്യം. ഏറെനാൾ കോടതി കയറിയ വിഷയത്തിൽ ഒടുവിൽ വിധി വന്നത് ലിഡിലിന് അനുകൂലമായി.
നീല ചതുരത്തിലെ മഞ്ഞ വൃത്തത്തിലുള്ള ക്ലബ് കാർഡ് ലോഗോ ലിഡിലിന്റെ പ്രശസ്തമായ ബ്രാൻഡ് ലോഗോയുടെ കോപ്പിയാണെന്നായിരുന്നു ആരോപണം. കഴിഞ്ഞവർഷം തന്നെ ഹൈക്കോടതി ഇക്കാര്യത്തിൽ ലിഡിലിന് അനുകൂലമായി വിധി പറഞ്ഞിരുന്നു. ഇന്നലെ ഇക്കാര്യത്തിലെ അപ്പീലും കോടതി തള്ളി. കോടതിയുടെ തീരുമാനത്തിൽ ഏറെ സന്തോഷമുണ്ടെന്ന് ലിഡിലും നിരാശാജനകമായ തീരുമാനമെന്ന് ടെസ്കോയും പ്രതികരിച്ചു. കോടതി വിധിയുടെ പശ്ചാത്തലത്തിൽ ക്ലബ് കാർഡ് ലോഗോയുടെ ഡിസൈനിൽ വരുംദിവസങ്ങളിൽ തന്നെ മാറ്റങ്ങളുണ്ടാകും.
ഉപഭോക്താക്കളിൽ ആശയക്കുഴപ്പമുണ്ടാക്കാൻ ടെസ്കോ തങ്ങളുടെ ലോഗോ കോപ്പിയടിക്കുകയായിരുന്നു എന്നാണ് 2020ൽ ഫയൽ ചെയ്ത കേസിൽ ലിഡിൽ ആരോപിച്ചിരുന്നത്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ