ബെംഗളൂരു: കേരളത്തിനും തമിഴ്‌നാടിനുമെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ കേന്ദ്ര മന്ത്രിയും ബിജെപി സ്ഥാനാർത്ഥിയുമായ ശോഭ കരന്തലജെക്കെതിരെ തമിഴ്നാട്ടിൽ കേസെടുത്തു. മധുര സിറ്റി പൊലീസാണ് കേസെടുത്തത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കരന്തലജെ ബംഗളൂരു നോര്‍ത്ത് മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നുണ്ട്
സംഭവത്തില്‍ ശോഭ തമിഴ്‌നാടിനോട് മാപ്പു പറഞ്ഞിരുന്നു. എന്നാല്‍ കേരളത്തെക്കുറിച്ചുള്ള പരാമര്‍ശം പിന്‍വലിച്ചിട്ടില്ല. മലയാളികള്‍ കർണാടകയിലെ പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നുവെന്നായിരുന്നു മന്ത്രിയുടെ പരാമർശം. ദക്ഷിണ കന്നഡ ജില്ലയിലെ കടബ സർക്കാർ സ്കൂളിലെ രണ്ടാം വർഷ പി.യു വിദ്യാർഥിനികൾക്ക് നേരെയുണ്ടായ ആക്രമണം ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ പരാമർശം.
ബെംഗളൂരുവിലെ ആക്രമ സംഭവങ്ങള്‍ക്ക് പിന്നില്‍ കേരളം, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണെന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ ആരോപണം. കർണാടകയിൽ അടുത്തിടെ നടന്ന രണ്ട് സംഭവങ്ങളെ പരാമർശിച്ചായിരുന്നു കരന്തലജെയുടെ ആക്ഷേപം. രമേശ്വരം കഫേ സ്‌ഫോടനത്തിന് പിന്നില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ളവരാണെന്നാണ് മന്ത്രിയുടെ ആരോപണം.
സംസ്ഥാനത്തെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ രംഗത്തെത്തിയിരുന്നു. കേരളത്തെ അപമാനിച്ച മന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വിമർശനവുമായി രംഗത്ത് എത്തിയിരുന്നു. കേരളത്തെയും മലയാളികളെയും ആക്ഷേപിച്ചുള്ള പരാമര്‍ശം പിന്‍വലിച്ച് പരസ്യമായി മാപ്പ് പറയാന്‍ കേന്ദ്ര മന്ത്രി ശോഭ കരന്ദലജെ തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. കേരളത്തിന് എതിരായ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയാന്‍ തയാറായില്ലെങ്കില്‍ കോണ്‍ഗ്രസും യുഡിഎഫും തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുന്നത് ഉള്‍പ്പെടെയുള്ള നിയമനടപടികളെ കുറിച്ച് ആലോചിക്കുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.
















