പിണറായിക്കാലത്ത് ബിജെപിയായ എംഎൽഎമാർ; സെക്രട്ടറിയായപ്പോൾ 2 പേർ; മുഖ്യമന്ത്രിയായപ്പോൾ…….?

സംസ്ഥാന സിപിഎം നേതൃത്വത്തെ ഞെട്ടിച്ചു കൊണ്ട് മുൻ ദേവികുളം എംഎൽഎയും  സിപിഎം നേതാവുമായ എസ്.രാജേന്ദ്രൻ ബിജെപിയിലേക്ക് എന്ന സൂചന പുറത്തു വരികയാണ്. ഇന്ന് കേരളത്തിൻ്റെ ചുമതലയുള്ള ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ പ്രകാശ് ജാവദേക്കറെക്കണ്ടതാണ് രാജേന്ദ്രൻ വിണ്ടും പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമാകാൻ കാരണം. രാജേന്ദ്രൻ പാർട്ടി വിട്ടാൽ ബിജെപിയിൽ ചേരുന്ന മൂന്നാമത്തെ ഇടത് എംഎൽഎയായി അദ്ദേഹം മാറും.

മുന്‍ ധനകാര്യമന്ത്രിയും സിപിഎം നേതാവുമായിരുന്ന വി.വിശ്വനാഥ മേനോനായിരുന്നു ആദ്യം പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന സിപിഎം നേതാവ്. 2006 ൽ കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ നിന്നും ഇടതു സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച അൾ ഫോൺസ് കണ്ണന്താനമാണ് പാർട്ടി വിട്ട രണ്ടാമൻ. ഈ പട്ടികയിലേക്കാണ് പാർട്ടി വിട്ടാൽ 2006 മുതൽ 2021 വരെ ദേവികുളം എംഎൽഎയായിരുന്ന രാജേന്ദ്രൻ ഇടം പിടിക്കുക.

രണ്ട് തവണ പാർലമെൻ്റ് അംഗവം 1987 ൽ നായനാർ മന്ത്രിസഭയിൽ മന്ത്രിയുമായിരുന്ന വിശ്വനാഥമേനോൻ പാർട്ടിയുമായി തെറ്റിപ്പിരിയുകയായിരുന്നു.  2003ലെ എറണാകുളം ഉപതിരഞ്ഞെടുപ്പിൽ ഇദ്ദേഹം സിപിഎം സ്ഥാനാർത്ഥിക്കെതിരേ വിമതനായി മത്സരിക്കുകയും ചെയ്തിരുന്നു. 

 2011 ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പൂഞ്ഞാർ മണ്ഡലത്തിൽ നിന്നും ഇടതു സ്ഥാനാർത്ഥിയായി വീണ്ടും മത്സരിപ്പിക്കാൻ മുന്നണി തീരുമാനിച്ചിരിക്കെയാണ് 2011 മാർച്ചിൽ കണ്ണന്താനം ബിജെപിയിൽ ചേർന്നത്. 2017 മുതൽ 2023 വരെ രാജ്യസഭാംഗമായ കണ്ണന്താനത്തെ ബിജെപി കേന്ദ്ര മന്ത്രിയുമാക്കിയിരുന്നു. പിണറായി വിജയൻ പാർട്ടി സെക്രട്ടറിയായിരിക്കുമ്പോഴാണ് വിശ്വനാഥമേനോനും കണ്ണന്താനവും പാർട്ടി വിട്ടത്. പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കുമ്പോൾ പാർട്ടി വിട്ട ആദ്യത്തെ മുൻ സിപിഎം എംഎൽഎയായി രാജേന്ദ്രൻ മാറുമോ എന്നും നമുക്ക് വരും ദിവസങ്ങളിൽ അറിയാം. നിലവിൽ എൽഡിഎഫ്  മണ്ഡലംതല പ്രചാരണത്തിൻ്റെ രക്ഷാധികാരിയാണ് മുൻ ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കൂടിയായ എസ്.രാജേന്ദ്രൻ.

നിയമസഭാംഗം ആയിട്ടില്ലെങ്കിലും കമ്മ്യൂണിസ്റ്റ് പാരമ്പര്യം അവകാശപ്പെടാൻ കഴിയുന്ന നേതാവ് മുൻ സംസ്ഥാന പ്രസിഡൻ്റും ബിജെപി ദേശിയ സമിതി അംഗവുമായ സി.കെ.പത്മനാഭൻ. കമ്യൂണിസ്റ്റ് പാർട്ടിയിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച അദ്ദേഹം 1969 മുതൽ അദ്ദേഹം പാർട്ടിയുമായുള്ള ബന്ധമുപേക്ഷിച്ച് ജനസംഘവുമായി ചേർ‌ന്നു പ്രവർത്തിക്കുകയായിരുന്നു. തുടർന്ന്   രണ്ടു വർഷം ആർഎസ്എസ് പ്രചാരകനായി പ്രവർത്തിച്ച ശേഷമാണ്  പിന്നീട് ബിജെപി സംസ്ഥാന പ്രസിഡൻ്റ് സ്ഥാനത്ത് എത്തുന്നത്.