പശ്ചിമ ബംഗാളിൽ കോൺഗ്രസുമായി ഇടതുപാർട്ടികൾ നടത്തുന്ന സഖ്യ സാധ്യതകൾക്ക് തിരിച്ചടിയാവുന്നത് കേരളത്തിലെ സഖ്യകക്ഷിയുടെ നിലപാട്. പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസുമായിട്ടുള്ള സഖ്യ സാധ്യതകൾ അടഞ്ഞതോടെ കോൺഗ്രസും ഇടത് മുന്നണിയുമായി കൈകോർത്ത് മത്സരിക്കാനാണ് കോൺഗ്രസ് തീരുമാനം.
ബംഗാളിലെ ഇടതുമുന്നണിക്ക് നേതൃത്വം നൽകുന്ന സിപിഎമ്മിൻ്റെ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം ഡൽഹിയിലെത്തി കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തി സീറ്റ് വിഭജനത്തിൽ ധാരണയായിരുന്നു. ആകെയുള്ള 42 സീറ്റിൽ 12 എണ്ണം കോൺഗ്രസിനും 6 എണ്ണം ഇന്ത്യൻ സെക്യുലർ ഫ്രണ്ടിനും(ഐഎസ്എഫ്) 24 എണ്ണം ഇടതുപാർട്ടികളും മത്സരിക്കാനാണ് ധാരണയായിരുന്നത്.
മുമ്പ് പാർട്ടി മത്സരിച്ചിരുന്ന തങ്ങളുടെ ശക്തികേന്ദ്രങ്ങളായ പുരുലിയ, കൂച്ച് ബെഹാർ, ബരാസത്ത് കോൺഗ്രസിനോ ഐഎസ്എഫിനോ വിട്ടു നൽകാൻ കഴിയില്ലെന്ന കടുംപിടുത്തത്തിലാണ് കേരളത്തിൽ യുഡിഎഫിൻ്റെ ഭാഗമായ ഫോർവേഡ് ബ്ലോക്ക്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ഇടതുപാർട്ടികളും കോൺഗ്രസും ഐഎസ്എഫും സഖ്യം രൂപീകരിച്ചാണ് മത്സരിച്ചത്. അന്ന് ഒരു സീറ്റിൽ മാത്രമാണ് മുന്നണിക്ക് ജയിക്കാനായത്. സിപിഎം ഉൾപ്പെടെയുള്ള ഇടതുപാർട്ടികൾക്ക് സീറ്റുകൾ ഒന്നും നേടാനായിരുന്നില്ല.
2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസിന് സീറ്റുകൾ വിട്ടുനൽകുന്നതിൽ ഫോർവേഡ് ബ്ലോക്ക് എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇടതു മുന്നണി ഒറ്റയ്ക്ക് മത്സരിക്കുന്ന കാലത്ത് 35 സീറ്റുകളിലാണ് ബംഗാൾ ഇടതുമുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ ഫോർവേഡ് ബ്ലോക്ക് മത്സരിച്ചിരുന്നത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് സംസ്ഥാനത്ത് ആദ്യമായി കോൺഗ്രസുമായി സഖ്യമുണ്ടാക്കി ഇടതുപാർട്ടികൾ മത്സരിച്ചത്.
2016ൽ സഖ്യമുണ്ടായതിൻ്റെ ഭാഗമാഗമായി കോൺഗ്രസിന് സീറ്റുകൾ വിട്ടുനൽകുന്നതിൻ്റെ ഭാഗമായി 17 സീറ്റുകളിലാണ് പാർട്ടി മത്സരിച്ചത്. എന്നാൽ സഖ്യമുണ്ടായിട്ടും തങ്ങളുടെ നിയമസഭയിലെ സിറ്റിംഗ് സീറ്റായ മുർഷിദാബാദിൽ ഉൾപ്പെടെ കോൺഗ്രസ് സ്ഥാനാർത്ഥികളെ നിർത്തിയിരുന്നു. തുടർന്ന് സംസ്ഥാനത്ത് ഒരു ഡസനോളം എംഎൽഎമാർ ഉണ്ടായിരുന്ന പാർട്ടിയുടെ നിയമസഭയുടെ അംഗബലം മൂന്നായി കുറഞ്ഞിരുന്നു.
ഇക്കാരണത്താൽ 2021 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യം ചേർന്ന് മത്സരിക്കാൻ ഫോർവേഡ് ബ്ലോക്ക് വിയോജിപ്പ് അറിയിച്ചെങ്കിലും സിപിഎം നിർബന്ധത്തിന് വഴങ്ങുകയായിരുന്നു. തുടർന്ന് തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ പാർട്ടിയും വട്ടപൂജ്യമാവുകയും ഇടതുമുന്നണിയും വട്ടപൂജ്യമാവുകയും ചെയ്തിരുന്നു. ഇതാണ് ഫോർവേഡ് ബ്ലോക്കിനെ ചൊടിപ്പിച്ചിരിക്കുന്നത്. കോൺഗ്രസുമായി കൈകോർത്താൽ ഇക്കുറിയും തിരിച്ചടിയുണ്ടാവുമെന്നാണ് ഫോർവേഡ് ബ്ലോക്ക് നേതാക്കളുടെ നിലപാടെന്നാണ് സൂചന.
സിപിഎം നേതാക്കൾ ബംഗാളിലെ രണ്ടാമത്തെ ഏറ്റവും വലിയ ഇടതു പാർട്ടിയെ അനുനയിപ്പിക്കാനുള്ള നീക്കത്തിലാണ്. തങ്ങളുടെ സീറ്റുകൾ കോൺഗ്രസിന് നൽകാനാണ് തീരുമാനമെങ്കിൽ അത് അംഗീകരിക്കേണ്ട കാര്യമില്ലെന്നും മുന്നണി വിട്ട് സംസ്ഥാനത്തെ എല്ലാ സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കണമെന്നും ഫോർവേഡ് ബ്ലോക്കിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ടെന്നാണ് സൂചന.
കേരളത്തിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫിൻ്റെയും തമിഴ് നാട്ടിൽ കോൺഗ്രസ് ഉൾപ്പെട്ട ഡിഎംകെ മുന്നണിയിടേയും ഘടകകക്ഷിയാണ് ഫോർവേഡ് ബ്ലോക്ക്.2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സീറ്റ് നൽകാത്തതിനെ തുടർന്നാണ് 35 കൊല്ലത്തെ മുന്നണി ബന്ധം അവസാനിപ്പിച്ച് ഫോർവേഡ് ബ്ലോക്ക് യുഡിഎഫിൽ ചേക്കേറുന്നത്.
കൊല്ലം ജില്ലയിലെ ചവറ മണ്ഡലം ഫോർവേഡ് ബ്ലോക്ക് ആവശ്യപ്പെട്ടെങ്കിലും യുഡിഎഫ് വിട്ടു വന്ന സിഎംപി അവരവിന്ദാക്ഷൻ വിഭാഗത്തിനാണ് മുന്നണി സീറ്റ് നൽകിയത്. അവിടെ മുൻ തൊഴിൽ മന്ത്രിയായ ആർഎസ്പി നേതാവ് ഷിബു ബേബി ജോണിനെ തോൽപ്പിച്ച് സിഎംപി അവരവിന്ദാക്ഷൻ വിഭാഗത്തിലെ എൻ.വിജയൻ പിള്ള മണ്ഡലം പിടിച്ചെടുത്തിരുന്നു. 2021 ൽഫോർവേഡ് ബ്ലോക്കിന് യുഡിഎഫ് മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിച്ച ധർമ്മടം സീറ്റ് നൽകിയിരുന്നെങ്കിലും മത്സരിച്ചിരുന്നില്ല. ദേശീയ തലത്തിൽ സിപിഎമ്മുമായിട്ടുള്ള സഖ്യത്തിലാണ് ഫോർവേഡ് ബ്ലോക്ക് എന്നും അതിനാൽ സിപിഎം പിബി അംഗത്തിനെതിരെ മറ്റൊരു ഇടതു പാർട്ടിയായ ഫോർവേഡ് ബ്ലോക്ക് മത്സരിക്കുന്നത് ശരിയല്ല എന്ന് ചൂണ്ടിക്കാട്ടി സീറ്റ് കോൺഗ്രസിനെ തിരികെ ഏൽപ്പിക്കുകയായിരുന്നു.