ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ കൈമാറിയ ഇലക്ട്രൽ ബോണ്ട് വിവരങ്ങൾ എല്ലാം തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിട്ടു. ആൽഫ ന്യൂമറിക് നമ്പറുകളും സീരിയൽ നമ്പറുകളുമാണ് പുറത്ത് വിട്ടത്. എസ്ബിഐ നൽകിയവിവരങ്ങൾ കമ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
സീരിയൽ ബോണ്ടിൻ്റെ സീരിയൽ നമ്പർ ഉൾപ്പെടെ പുറത്തുവന്ന സാഹചര്യത്തിൽ 48 ശതമാനം ബോണ്ട് കൈപ്പറ്റിയ ബിജെപിക്ക് തിരിച്ചടിയാകും. പുതിയ വിവരങ്ങൾ പ്രകാരം ആരുടെ പക്കൽ നിന്നാണ് രാഷ്ട്രീയപാര്‍ട്ടികൾ ബോണ്ട് സ്വീകരിച്ചതെന്ന് കണ്ടെത്താനാകും.
ഇലക്ട്രൽ ബോണ്ടിന്റെ ആൽഫ ന്യൂമെറിക്കൽ നമ്പറുകളും, സീരിയൽ നമ്പറുകളും ഉൾപ്പെടെ എല്ലാ എല്ലാ വിവരങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയെന്ന് എസ്ബിഐ ഇന്ന് സുപ്രീം കോടതിയെ അറിയിച്ചിരുന്നു. കോടതി പറഞ്ഞാലേ വിവരങ്ങൾ വെളിപ്പെടുത്തൂയെന്ന സമീപനം ശരിയല്ലെന്നും എസ്ബിഐയിൽനിന്നുള്ള വിവരങ്ങൾ ലഭിച്ചാലുടൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദാംശങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും ചീഫ് ജസ്റ്റിസ് നിർദേശിച്ചിരുന്നു
നേരത്തെ എല്ലാ വിവരങ്ങളും കൈമാറത്ത എസ്.ബി.ഐ നടപടിയെ സുപ്രിംകോടതി അതിരൂക്ഷമായി വിമർശിക്കുകയും വ്യാഴാഴ്ച 5 മണിക്ക് വിവരങ്ങൾ സമർപ്പിക്കണമെന്നും നിർദേശിച്ചിരുന്നു. ഇലക്ട്രൽ ബോണ്ടുമായി ബന്ധപ്പെട്ട യാതൊരു വിവരങ്ങളും മറച്ചു വച്ചിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ എസ്ബിഐ ചെയർമാൻ കോടതിൽ വ്യക്തമാക്കി. എല്ലാ വിവരങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയെന്നും ബാങ്ക് ഇന്ന് കോടതിയെ അറിയിച്ചിരുന്നു.
















