ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരി വാളിനെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി ) അറസ്റ്റ് ചെയ്തിരിക്കുന്നത് നിർണ്ണായക ജലക്ട്രൽ ബോണ്ട് വിവരങ്ങൾ പുറത്ത് വന്നതിന് പിന്നാലെ. ഭരണഘടനാവിരുദ്ധമായ ഇലക്ട്രൽ ബോണ്ടുകളിൽ 48 ശതമാനം കൈപ്പറ്റിയ ബിജെപിയെ പ്രതിസന്ധിയാക്കുന്ന ബോണ്ട് വിവരങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് എസ്ബിഐ കൈമാറിയിരിക്കുന്നത് എന്ന വിലയിരുത്തലുകൾക്ക് ഇടയിലാണ് ഡൽഹി മുഖ്യമന്ത്രിയുടെ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. ആരുടെ കയ്യിൽ നിന്നും ഏതൊക്കെ രാഷ്ട്രീയ പാർട്ടി എത്ര തുക കൈപ്പറ്റിയെന്ന നിർണ്ണായക വിവരങ്ങളാണ് ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധപ്പെടുത്തിയത്.
ഡൽഹി ഹൈക്കോടതി അറസ്റ്റ് തടയരുത് എന്ന ആവശ്യം തള്ളി മണിക്കൂറുകൾക്കുള്ളിലാണ് കേജരിവാളിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പത്തോളം വരുന്ന പൊലീസ്-സിആർപിഎഫ് സംഘം ഡൽഹി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി വളഞ്ഞിന് ശേഷമാണ് അറസ് ചെയ്തിരിക്കുന്നത്. കോടതി വിധി വരാൻ അവസരം കാത്തിരുന്ന പോലെയായിരുന്നു ഇഡിയുടെ നീക്കം.
രാജ്യത്തെ മാധ്യമങ്ങൾ ഇലക്ട്രൽ ബോണ്ടുമായി ബന്ധപ്പെട്ട് പുറത്ത് വന്ന വിവരങ്ങളെപ്പറ്റി കൂടുതൽ വാർത്തകൾ നൽകുന്നതിനിടയിലാണ് കേന്ദ്ര ഏജൻസി നാടകീയ നീക്കവുമായി രംഗത്ത് എത്തിയത്. അറസ്റ്റിന് പിന്നാലെ രാജ്യത്ത് നടത്തുന്ന ചർച്ച കേജരിവാളിലേക്ക് ചുരുങ്ങിയിരിക്കുകയാണ്.
ഇലക്ട്രൽ ബോണ്ടുമായി ബന്ധപ്പെട്ട വാർത്തകളിൽ നിന്നും രാജ്യത്തിൻ്റെ ശ്രദ്ധ തിരിച്ചുവിടുന്ന നടപടിയാണ് കേന്ദ്ര ഏജൻസിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. ഇലക്ട്രൽ ബോണ്ടുമായി ബന്ധപ്പെട്ട് കേന്ദ്ര എജൻസികളായ ഇഡിയും സിബിഐയും സംശയത്തിൻ്റെ നിഴലിൽ നിൽക്കുമ്പോഴാണ് രാജ്യത്തിൻ്റെ ശ്രദ്ധ തിരിക്കുന്ന പുതിയ സംഭവ വികാസങ്ങൾക്ക് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് തുടക്കം കുറിച്ചത്.
മുമ്പ് പുറത്ത് വന്ന വിവരങ്ങളിൽ ഇഡി, സിബിഐ നടപടികൾ നേരിട്ട കമ്പനികളും വ്യക്തികളുമാണ് ഇലക്ട്രൽ ബോണ്ടുകൾ വാങ്ങിക്കൂട്ടിയത് എന്ന് വെളിപ്പെട്ടിരുന്നു. ഭൂരിഭാഗം കമ്പനികളും ഈ രണ്ട് കേന്ദ്ര ഏജൻസികളുടെ നടപടി നേരിട്ട ശേഷമാണ് ബോണ്ടുകൾ വാങ്ങിയിരിക്കുന്നത്. ഈ ബോണ്ടുകൾ സ്വീകരിച്ചിരിക്കുന്നത് എത് രാഷ്ട്രീയ പാർട്ടിയാണ് എന്ന് വെളിപ്പെടാൻ പോകുന്ന സാഹചര്യത്തിലാണ് കേജരിവാളിൻ്റെ അറസ്റ്റ് എന്നതാണ് ശ്രദ്ധേയമായ കാര്യം.
ഈ ബോണ്ടുകൾ കേന്ദ്ര ഭരണപ്പാർട്ടിയാണ് കൈപ്പറ്റിയത് എന്ന വിവരങ്ങൾ പുറത്ത് വരാനിരിക്കെയാണ് ഇപ്പോൾ ഡൽഹിൽ ഇത്തരമൊരു നീക്കത്തിന് കളമൊരുക്കിയിരിക്കുന്നത് എന്ന സൂചനകളുമുണ്ട്. ഇഡിയേയും സിബിഐയേയും ഉപയോഗിച്ചാണ് ഇലക്ട്രൽ ബോണ്ട് സമാഹരിച്ചത് എന്ന വിമർശനങ്ങൾ ശക്തമായിരുന്നു. അതിനിടയിലാണ് കേന്ദ്ര സർക്കാരിൻ്റെ പിരിവുകാരെ പോലെ പ്രവർത്തിച്ച ഇഡിയെ ഉപയോഗിച്ച് തന്നെ അതുമായി ബന്ധപ്പെട്ട വിവരങ്ങളിൽ നിന്നും രാജ്യത്തിൻ്റെ ശ്രദ്ധ കേന്ദ്ര സർക്കാരും ബിജെപിയും തിരിച്ചു വിട്ടിരിക്കുന്നത്.