ന്യൂഡൽഹി: മദ്യനയ കേസിൽ അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിൻ്റെ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. അറസ്റ്റിന് പിന്നാലെ ആം ആദ്മി പാർട്ടി ദേശീയ കൺവീനറുടെ ജാമ്യാപേക്ഷയിൽ അടിയന്തിര വാദം കേൾക്കണമെന്ന ആവശ്യം സുപ്രീം കോടതി ഇന്നലെ തള്ളിയിരുന്നു. തുടർന്ന് കേസ് പരിഗണിക്കാമെന്ന് സുപ്രീം കോടതി അറിയിക്കുകയായിരുന്നു.
ഡൽഹി മുഖ്യമന്ത്രിയുടെ ഹർജി പ്രത്യേക ബെഞ്ച് കേസ് പരിഗണിക്കില്ലെന്നാണ് സൂചന. കേജരിവാളിന് വേണ്ടി മുതിർന്ന അഭിഭാഷകനും കോൺഗ്രസ് നേതാവുമായ മനു അഭിഷേക് സിങ്‌വി ഹാജരാകും. ഇഡി ഓഫീസിൽ എത്തിച്ച കേജരിവാളിൻ്റെ മെഡിക്കൽ പരിശോധനക്ക് ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും.
അരവിന്ദ് കേജരിവാളിൻ്റെ രാജി ആവശ്യപ്പെട്ട ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ.സക്സേനയ്ക്ക് ബിജെപി കത്ത് നൽകി ആവശ്യപ്പെട്ടു. തുടർന്ന് ലെഫ്. ഗവർണർ നിയമോപദേശവും തേടിയിട്ടുണ്ട്. ജയിലില്‍ അടച്ചാലും കേജരിവാൾ മുഖ്യമന്ത്രിയായി തുടരുമെന്നും ജയിലിൽ കിടന്ന് ഡൽഹി ഭരിക്കുമെന്നുമാണ് ആംആദ്മി പാർട്ടിയുടെ നിലപാട്. എന്നാൽ ജയിലിൽ കിടന്ന് ഭരിക്കാൻ അനുവദിക്കില്ലെന്ന് ബിജെപിയും തിരിച്ചടിച്ചു.
അതേസമയം, തൻ്റെ അറസ്റ്റ് തടയണം എന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി നിരസിച്ചതിനു പിന്നാലെയാണ് അരവിന്ദ് കേജരിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. വീടിന് പുറത്ത് വന് സായുധ പൊലീസ് സന്നാഹത്തെ വിന്യസിച്ച ശേഷമായിരുന്നു അറസ്റ്റ്. മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഇഡി എട്ടു തവണ സമന്‍സ് അയച്ചിട്ടും കേജരിവാള്‍ ഹാജരായിരുന്നില്ല. മദ്യനയ കേസിൽ ബിആർഎസ് നേതാവും മുൻതെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിൻ്റെ മകൾ കെ കവിത അറസ്റ്റിലായി ഒരാഴ്ച തികയുന്നതിന് മുമ്പാണ് ഇഡി സംഘം ഡൽഹി മുഖ്യമന്ത്രിയെയും അറസ്റ്റ് ചെയ്തത്.
















