ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണെന്ന് ഇ.ഡി. കോടതിയിൽ. അദ്ദേഹത്തിനെതിരെ കോൾ റെക്കോഡിങ് ഉൾപ്പെടെ കൃത്യമായ തെളിവുകളുണ്ടെന്നും ഇ.ഡി. കോടതിയിൽ അറിയിച്ചു. ഡല്‍ഹി റോസ് അവന്യൂ കോടതിയിൽ നിലവിൽ കേസുമായി ബന്ധപ്പെട്ട വാദം തുടരുകയാണ്.
മദ്യനയം രൂപവത്കരിക്കുന്നതിൽ കെജ്‌രിവാളിന് നേരിട്ട് പങ്കുണ്ട്. അനുകൂലമായ നയരൂപവത്കരണത്തിന് പ്രതിഫലമായി കെജ്‌രിവാൾ സൗത്ത് ഗ്രൂപ്പിൽ നിന്നും പണം ആവശ്യപ്പെട്ടു. കോടിക്കണക്കിന് രൂപ കൈപ്പറ്റിയതിന് പിന്നാലെയാണ് നയം രൂപവത്കരിച്ചത്. പഞ്ചാബ് തിരഞ്ഞെടുപ്പിന് മുന്നോടിയായി 100 കോടി രൂപ ആവശ്യപ്പെട്ടിരുന്നു. സൗത്ത് ഗ്രൂപ്പിൽ നിന്നും ലഭിച്ച 45 കോടി രൂപ ഗോവ തിരഞ്ഞെടുപ്പ് കാലത്ത് ആം ആദ്മി പാർട്ടി ഉപയോഗിച്ചു – ഇ.ഡി. വാദിച്ചു.
നയം രൂപവത്കരിക്കുന്നതിനായി ഡൽഹി എക്സൈസ് ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. എന്നാൽ, ഇത് വെറുമൊരു കടലാസ് സമിതിയായി ചുരുങ്ങി. കൂടുതൽ പണം നൽകിയവർക്ക് ലൈസൻസ് അനുവദിച്ചു എന്നും കോടതിയില്‍ ഇ.ഡി ആരോപിച്ചു. പത്ത് ദിവസത്തെ കസ്റ്റഡിയാണ് ഇ.ഡി. കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കോടതിയിൽ വാദം പുരോഗമിക്കുന്നതിനിടെ കെജ്‌രിവാളിന് രക്തസമ്മർദം കുറഞ്ഞതിനെ തുടർന്ന് വിശ്രമമുറിയിലേക്ക് മാറ്റിയിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾമാത്രം ശേഷിക്കെ പ്രതിപക്ഷത്തെ പ്രമുഖനേതാവായ കെജ്‌രിവാളിനെ വ്യാഴാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് വീട്ടിൽനിന്ന് അറസ്റ്റുചെയ്തത്. വ്യാഴാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് സുരക്ഷാ സന്നാഹങ്ങളുമായി ഇ.ഡി.യുടെ എട്ടംഗസംഘം കെജ്‌രിവാളിന്റെ ഡൽഹിയിലെ ഫ്ലാഗ് സ്റ്റാഫ് റോഡിലുള്ള ഔദ്യോഗികവസതിയിൽ എത്തിയത്. ചോദ്യംചെയ്യലിനൊടുവിൽ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
















