ലണ്ടൻ∙ സൈബർ ഫ്ലാഷിങ് (ഓൺലൈനിലൂടെയുള്ള നഗ്നതാ പ്രദർശനം) കുറ്റത്തിന് ഇംഗ്ലണ്ടിൽ ശിക്ഷിക്കപ്പെട്ട ആദ്യ വ്യക്തിക്ക് 66 ആഴ്ച തടവ്. ജനുവരി 31 ന് യുകെയുടെ അംഗ രാജ്യങ്ങളായ ഇംഗ്ലണ്ടിലും വെയിൽസിലും സൈബർ ഫ്ലാഷിങ് കുറ്റമായതിനെ തുടർന്ന് ഓൺലൈൻ സുരക്ഷ നിയമപ്രകാരം നിക്കോളാസ് ഹോക്സ് ( 39 ) ശിക്ഷിക്കപ്പെട്ടത്. എസെക്‌സിലെ ബാസിൽഡണിൽ നിന്നുള്ള പ്രതി ഫെബ്രുവരി 9 ന് 15 വയസ്സുള്ള പെൺകുട്ടിക്കും 60 വയസ്സുള്ള സ്ത്രീക്കും തൻറെ ജനനേന്ദ്രിയത്തിൻറെ ചിത്രങ്ങൾ ആവശ്യപ്പെടാതെ അയച്ചു നൽകുക ആയിരുന്നു. അപ്പോൾ തന്നെ നിക്കോളാസ് ഹോക്സ് ലൈംഗിക കുറ്റവാളിയാണെന്ന് തെളിഞ്ഞതായി ക്രൗൺ പ്രോസിക്യൂഷൻ സർവീസ് പറഞ്ഞു.
പിതാവിൻറെ ഫോൺ ഉപയോഗിക്കാൻ പ്രായപൂർത്തി ആകാത്ത പെൺകുട്ടിയേട് പ്രതി ആവശ്യപ്പെട്ടതായി സൗത്ത്‌ഹെൻഡ് ക്രൗൺ കോടതിക്ക് ബോധ്യപ്പെട്ടു. 60 വയസ്സുകാരിക്ക് വാട്ട്സ്ആപ്പ് വഴിയാണ് ഫോട്ടോ അയച്ചതെന്നും കോടതിക്ക് ബോധ്യപ്പെട്ടു. ഇരകൾ രണ്ടുപേരും സന്ദേശങ്ങളുടെ സ്‌ക്രീൻഷോട്ടുകൾ എടുക്കുകയും അതേ ദിവസം തന്നെ പ്രതിക്കെതിരെ എസെക്സ് പൊലീസിൽ പരാതി നൽകുകയും ചെയ്തു. മുൻപ് കുറ്റം ചെയ്തിട്ടുണ്ടെങ്കിലും നിക്കോളാസ് ഹോക്സിന് ചികിത്സയൊന്നും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.
16 വയസ്സിന് താഴെയുള്ള കുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് കഴിഞ്ഞ വർഷം ശിക്ഷിക്കപ്പെട്ട ശേഷം നിക്കോളാസ് ഹോക്സിൻറെ പേര് ലൈംഗിക കുറ്റവാളികളുടെ റജിസ്റ്ററിലുണ്ടായിരുന്നു. കുറ്റവാളികൾ സമൂഹമാധ്യമങ്ങൾ, ഡേറ്റിങ് ആപ്പുകൾ, ബ്ലൂടൂത്ത് അല്ലെങ്കിൽ എയർഡ്രോപ്പ് എന്നിവയിൽ ആളുകൾക്ക് ആവശ്യപ്പെടാത്ത ലൈംഗിക ചിത്രം അയയ്ക്കുന്നത് സൈബർ ഫ്ലാഷിങ് കേസിൽ ഉൾപ്പെടും. കുറ്റകൃത്യത്തിനും മറ്റ് ഇമേജ് അധിഷ്ഠിത ദുരുപയോഗങ്ങൾക്കും ഇരയായവർക്ക് ലൈംഗിക കുറ്റകൃത്യ നിയമപ്രകാരം ജീവിതകാലം മുഴുവനും അവരുടെ സ്വകാര്യത ഉറപ്പാക്കും.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ