എക്‌സീറ്റർ/ലണ്ടൻ • ഈസ്റ്റർ ദിനങ്ങളിൽ യുകെയിലെ കാലാവസ്ഥ മാറുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രമായ മെറ്റ് ഓഫിസ് അറിയിച്ചു. മഴയോ മഞ്ഞുവീഴ്ചയോ ആണ് പ്രവചിച്ചിരിക്കുന്നത്. ഈസ്റ്റർ വാരാന്ത്യം മഴയിലും മഞ്ഞിലും ആയിരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നത്. ബുധനാഴ്ച ഇംഗ്ലണ്ടിലെ ചിലയിടങ്ങളിൽ അന്തരീക്ഷ താപനില 18 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നിരുന്നു. ഇതിൽ നിന്നും മാറ്റമുള്ള കാലാവസ്ഥയാണ് വരാനിരിക്കുന്നത്. മാർച്ച് 29 മുതൽ ഏപ്രിൽ 1 വരെയുള്ള വാരാന്ത്യം മഴയായിരിക്കുമെന്ന് മെറ്റ് ഓഫിസ് വ്യക്തമാക്കുന്നു. പല ഭാഗങ്ങളിലും മഴയോ മഞ്ഞുവീഴ്ചയോ ഉണ്ടാകും. ചിലയിടത്ത് വെയിലുള്ള കാലാവസ്ഥയും പ്രതീക്ഷിക്കാം. തെക്ക് പടിഞ്ഞാറൻ പ്രദേശങ്ങളിലായിരിക്കും മഴയ്ക്ക് സാധ്യത കൂടുതൽ. വടക്കൻ മേഖലയിൽ ശരാശരി മഴ ലഭിക്കുകയോ അതല്ലെങ്കിൽ വെയിലുള്ള കാലാവസ്ഥയോ ആയിരിക്കും. മഞ്ഞുവീഴ്ച ഏപ്രിൽ മാസത്തിലും തുടരും എന്ന് തന്നെയാണ് റിപ്പോർട്ടുകൾ പറയുന്നത്. സ്കോട്‌ലൻഡിലെ വിക്ക് മുതൽ എഡിൻബർഗ് വരെയുള്ള പ്രദേശങ്ങളിൽ ഏപ്രിൽ 4 ന് മഞ്ഞുവീഴ്ച അനുഭവപ്പെടും. ഏപ്രിൽ 4 രാവിലെ മുതലായിരിക്കും തീവ്രമായ കാലാവസ്ഥ അനുഭവപ്പെടാൻ ആരംഭിക്കുക.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ