ഡൽഹി മദ്യനയ അഴിമത കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി ) അറസ്റ്റ് ചെയ്ത അരവിന്ദ് കേജരിവാളിൻ്റെ ജാമ്യാപേക്ഷ പരിഗണിവേ ഡൽഹി മുഖ്യമന്ത്രി കോടതിയിൽ ചൂണ്ടിക്കാട്ടിയ ഒരു വാദം ശരിയെന്ന് തെളിയിക്കുന്ന വിവരങ്ങൾ പുറത്ത്. “കേജരിവാളിനെതിരെ മൊഴി നൽകിയ ഒരു മാപ്പുസാക്ഷി ആത്മാർത്ഥത ഇല്ലാത്ത സുഹൃത്താണ്. അയാളുടെ മൊഴി പ്രകാരം അറസ്റ്റ് ഉണ്ടായാൽ അത് സാമാന്യ നീതിക്ക് എതിരാകും. മാപ്പുസാക്ഷികൾക്ക് വിശ്വാസ്യത ഉണ്ടെന്ന് കരുതാനാകില്ല” – എന്നായിരുന്നു കേജരിവാളിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിങ്വി പറഞ്ഞത്.
ഇത് കേജരിവാളിന് 100 കോടി രൂപ നൽകി എന്ന് ഇഡി പറയുന്ന പി. ശരത്ചന്ദ്ര റെഡിയാണെന്ന് പകൽ പോലെ വ്യക്തമാണ്. അരബിന്ദോ ഫാർമയുടെ നോൺ എക്‌സിക്യൂട്ടീവ് ഡയറക്ടറായ പി.ശരത് ചന്ദ്ര റെഡ്ഡിയുടേയും ബിആർഎസ് നേതാവ് കെ കവിതയുടേയും നിയന്ത്രണത്തിലുള്ള ‘സൗത്ത് ഗ്രൂപ്പ്’ ഡൽഹിയിലെ മദ്യവ്യാപാരത്തിൻ്റെ നിയന്ത്രണം നേടാൻ ആംആദ്‌മി പാർട്ടി നേതാക്കൾക്ക് 100 കോടി രൂപ കൈക്കൂലി നൽകിയെന്നാണ് ഇഡിയുടെ ആരോപണം. ആ ഗൂഢാലോചനയുടെ മുഖ്യ സൂത്രധാരൻ ഡൽഹി മുഖ്യമന്ത്രിയായ അരവിന്ദ് കേജരിവാളാണെന്നും ഇഡി ആരോപിക്കുന്നു. 2022ലെ ഗോവ നിയമസഭാ തെരഞ്ഞെടുപ്പിൽ ‘സൗത്ത് ഗ്രൂപ്പിൽ’ നിന്ന് വാങ്ങിയ കൈക്കൂലി എഎപി ഉപയോഗിച്ചതായും ഇഡി പറയുന്നു.
കേജരിവാളിനെ അറസ്റ്റ് ചെയ്യുന്നതിന് ഒരാഴ്ച മുമ്പ് കെ.കവിതയേയും അറസ്റ്റ് ചെയ്തിരുന്നു. മറ്റാരു മാപ്പുസാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തെലങ്കാന മുൻ മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിൻ്റെ മകളെ കേന്ദ്ര ഏജൻസി അറസ്റ്റ് ചെയ്തത്.കേസിൽ ശരത്ചന്ദ്ര റെഡ്ഡിക്ക് മുമ്പ് മറ്റൊരു പ്രതി കൂടി മാപ്പുസാക്ഷിയായിരുന്നു. 2023 നവംബറിൽ മദ്യവ്യവസായിയും കേസിലെ പ്രതിയുമായ അമിത് അറോറയായിരുന്നു അത്. ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിൽ പ്രതിയായ ദിനേശ് അറോറയാണ് ചോദ്യം ചെയ്യലില്‍ കവിതയുടെ പേര് വെളിപ്പെടുത്തിയെന്നാണ് ഇഡി കേന്ദ്രങ്ങൾ പറയുന്നു.
2022 നവംബർ 10 നാണ് മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് ശരത് ചന്ദ്ര റെഡ്ഡിയെ അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റിലായി 5 ദിവസങ്ങൾക്ക് ശേഷം 5 കോടി രൂപയാണ് ശരതിൻ്റെ കമ്പനിയായ അരബിന്ദോ ഫാർമ ഇലക്ട്രൽ ബോണ്ട് വഴി ബിജെപിക്ക് നൽകിയത്. തുടർന്ന് 2023 മേയിൽ റെഡ്ഡിയുടെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അതിനെ? എതിർത്തിരുന്നില്ല എന്നതാണ് വസ്തുത.അത് എന്തുകൊണ്ട് എന്നതിന് ഉത്തരം കിട്ടുന്നത് 2023 ജൂൺ രണ്ടിനാണ്. ജയിൽ മോചിതനായ ശരത് അന്നാണ് കേസിൽ മാപ്പുസാക്ഷിയാവുന്നത്.
2023 നവംബറിൽ അരബിന്ദോ ഫാർമ ബിജെപിക്ക് ബോണ്ടുകൾ വഴി 25 കോടി രൂപ കൂടി നൽകി. ആകെ 52 കോടി രൂപയുടെ ഇലക്ട്രൽ ബോണ്ടുകളാണ് അരബിന്ദോ ഫാർമ വാങ്ങിയത്. ഇതിൽ 34.5 കോടി ബിജെപിക്കാണ്. ആകെ ബോണ്ട് മുല്യത്തിൻ്റെ 71 ശതമാനം വരുമിത്. റെഡ്ഡിയുടെ കമ്പനി മദ്യനയ കേസിൽ കൂട്ടുപ്രതിയായ കെ.കവിതയുടെ പാർട്ടിയായ ഭാരത് രാഷ്ട്ര സമിതിക്ക് (ബിആർഎസ്) 15 കോടിയും തെലുങ്കുദേശം പാർട്ടിക്ക് (ടിഡിപി) 2.5 കോടിയും നൽകിയെന്ന് കണക്കുകൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. എന്നാൽ ഇഡിയുടെ മാപ്പുസാക്ഷിയുടെ കേന്ദ്ര ഭരണ പാർട്ടിക്ക് നൽകിയ സംഭാവന അവിടെയും അവസാനിക്കുന്നില്ലെന്നാണ് മാർച്ച് 21 ന് പുറത്തു വന്ന പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നത്.
ഹൈദരാബാദ് ആസ്ഥാനമായുള്ള വ്യവസായി ശരത് ചന്ദ്ര റെഡ്ഡി വിവാദ ഡൽഹി മദ്യനയത്തിൻ്റെ ഭാഗമായി അഞ്ച് മദ്യ റീട്ടെയിൽ സോണുകൾക്ക് ലൈസൻസ് നേടിയതായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.എന്നാൽ 2023 നവംബർ 8ന് അരബിന്ദോ ഫാർമ പണം നൽകിയ ദിവസം തന്നെ രണ്ട് കമ്പനികൾ കൂടി ഇലക്ട്രൽ ബോണ്ട് വഴി ബിജെപിക്ക് പണം നൽകിയിട്ടുണ്ട്. യൂജിയ ഫാർമ സ്പെഷ്യാലിറ്റീസ് ലിമിറ്റഡും എപിഎൽ ഹെൽത്ത് കെയർ ലിമിറ്റഡുമാണ് ആ കമ്പനികൾ. ഇതും ശരത്ചന്ദ്ര റെഡ്ഡിയുടെ അരബിന്ദോ ഫാർമയുടെ അനുബന്ധ കമ്പനികളാണ്.
2022-’23 ലെ മാതൃ കമ്പനിയുടെ (അരബിന്ദോ ഫാർമ) വാർഷിക റിപ്പോർട്ട് അനുസരിച്ച്, യൂജിയ ഫാർമ സ്പെഷ്യാലിറ്റീസ് ലിമിറ്റഡും എപിഎൽ ഹെൽത്ത് കെയർ ലിമിറ്റഡും അരബിന്ദോ ഫാർമയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനങ്ങളാണ്. രണ്ട് കമ്പനികളും ചേർന്ന് ബിജെപിക്ക് 25 കോടി രൂപയാണ് ബിജെപിക്ക് സംഭാവന നൽകിയിരിക്കുന്നത്. അതായത് റെഡ്ഡിയുടെ കമ്പനി വാങ്ങിയ 77 കോടി രൂപയുടെ ബോണ്ടുകളിൽ 55 കോടിയും നൽകിയിരിക്കുന്നത് കേന്ദ്ര ഭരണ പാർട്ടിക്കാണ്. ഇത്തരത്തിൽ ബിജെപിക്ക് കോടികൾ സംഭാവന ചെയ്ത മാപ്പുസാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അരവിന്ദ് കേജരിവാളിനെ അറസ്റ്റ് ചെയ്തിരിക്കുന്നത് എന്നാണ് ലഭിക്കുന്ന സൂചനകൾ.
കേന്ദ്ര ഏജൻസിയായ സിബിഐ രജിസ്റ്റർ ചെയ്ത മറ്റൊരു കേസിലും ശരത്ചന്ദ്ര റെഡ്ഡി പ്രതിയാണ് എന്നതാണ് ഇതോടൊപ്പം ചേർത്ത് വായിക്കേണ്ട മറ്റൊരു കാര്യം.ആന്ധ്രപ്രദേശ് ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ കോർപ്പറേഷനും (എപിഐഐസി) 2006ൽ ട്രൈഡൻ്റ് ലൈഫ് സയൻസ് ലിമിറ്റഡുമായുണ്ടാക്കിയ ഭൂമി വിൽപന കരാറിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിക്കെതിരായ ക്വിഡ് പ്രോ ക്വോ (ഉദ്ധിഷ്ട കാര്യത്തിന് ഉപകാരണ സ്മരണ ) കേസിൽ 2012ൽ സിബിഐയും ശരത്ചന്ദ്ര റെഡ്ഡിയെ പ്രതിചേർത്തിരുന്നു.ട്രൈഡൻ്റ് ലൈഫ് സയൻസ് ലിമിറ്റഡിൻ്റെ മാനേജ് ഡയറക്ടറായിരുന്നു ശരത്. ഈ കേസിൻ്റെ വിചാരണ പുരോഗമിക്കുകയാണ്.
ഡൽഹി മദ്യനയക്കേസിൽ കവിതയേയും കേജരിവാളിനെയും അറസ്റ്റ് ചെയ്തത് രണ്ട് മാപ്പുസാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ്. ഇതിനെയാണ് ഇന്ന് ഡൽഹി റോസ് അവന്യൂ കോടതിയിൽ കേജരിവാളിൻ്റെ അഭിഭാഷകൻ മനു അഭിഷേക് സിങ്വി ചോദ്യം ചെയ്തത്.ഇതോടൊപ്പം കേജരിവാളിന് 100 കോടി നൽകിയെന്ന് പറയപ്പെടുന്ന മാപ്പുസാക്ഷിയായി ജാമ്യം ലഭിച്ച ശരത്ചന്ദ്ര റെഡ്ഡി കേന്ദ്ര ഭരണ പാർട്ടിക്ക് എന്തിന് വേണ്ടിയാണ് 55 കോടി രൂപ സംഭാവനയായി നൽകിയത് എന്ന ചോദ്യവും പ്രസക്തമാണ്. അതിന് പിന്നിലെ ദുരുഹത പുറത്ത് വന്നാൽ തെളിയുക അരവിന്ദ് കേജരിവാളിനെ കുടുക്കാൻ കേന്ദ്ര ഏജൻസി നടത്തിയ ഗൂഡാലോചനയായിരിക്കുമോ എന്ന സംശയമാണ് നിലവിൽ ഉയരുന്നത്.