തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധപ്പെടുത്തിയ ഇലക്ട്രൽ ബോണ്ടുകകളിൽ രാജ്യത്തെ ഏറ്റവും വലിയ കോർപ്പറേറ്റ് ഗ്രൂപ്പുകളായ റിലയൻസ്, അദാനി ഗ്രൂപ്പുകൾ ഇല്ലാതിരുന്നത് വലിയ അത്ഭുതമായിരുന്നു സമ്മാനിച്ചത്. എന്നാൽ ഇവർ നേരിട്ടല്ല ‘നിഴൽ കമ്പനികൾ’ മുഖേനയാവും ബോണ്ടുകൾ വാങ്ങിക്കൂട്ടിയത് എന്ന വിലയിരുത്തലകൾ ഉണ്ടായിരുന്നു. ഇത് ശരിവക്കുന്ന വിവരങ്ങളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ആദ്യം പുറത്തുവന്ന ബോണ്ട് വിവരങ്ങളിൽ ഒന്നും അദാനിയുടെയും റിലയൻസിൻ്റെയും നേരിട്ടുള്ള സംഭാവനകളുടെ വിവരങ്ങൾ ഉൾപ്പെട്ടിരുന്നില്ല. എന്നാൽ സുപ്രീംകോടതി നിർദ്ദേശപ്രകാരം ബോണ്ടു നമ്പർ ഉൾപ്പെടെ മാർച്ച് 21 ന് പ്രസിദ്ധീകരിച്ച വിവരങ്ങളിലാണ് ഇരു കമ്പനികളും ബിജെപിക്ക് നൽകിയ സംഭാവനയുടെ കണക്കുകൾ വെളിപ്പെട്ടിരിക്കുനത്.’
റിലയൻസും അദാനിയുമായി ബന്ധമുള്ള കമ്പനികൾ ബിജെപിക്ക് നൽകിയിരിക്കുന്നത് 600 കോടി രൂപയാണ്. കേന്ദ്ര ഭരണ പാർട്ടിക്ക് എറ്റവും കൂടുതൽ സ്വഭാവന നൽകിയിരിക്കുന്നതിൽ രണ്ടാം സ്ഥാനത്ത് റിലയൻസ് ഗ്രൂപ്പുമായി ബന്ധമുള്ള സ്ഥാപനങ്ങളാണ്. പുറത്തു വന്ന 2462 കോടി രൂപയുടെ കണക്കിൽ (ആര് ആർക്കൊക്കെ നൽകി ) 664 കോടി രൂപ നൽകിയ ഹൈദരാബാദ് ആസ്ഥാനമായുള്ള മേഘ ഗ്രൂപ്പാണ് ഒന്നാം സ്ഥാനത്ത്. 545 കോടി രൂപ സംഭാവന നൽകി റിലയൻസുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളാണ് തൊട്ടുപിന്നിൽ. ഇതിൻ്റെ 69 ശതമാനവും മുംബൈ ആസ്ഥാനമായുള്ള ക്വിക്ക് സപ്ലൈ ചെയിൻ പ്രൈവറ്റ് ലിമിറ്റഡിൽ നിന്നാണ് ബിജെപിക്ക് ലഭിച്ചത്. 375 കോടി രൂപയാണ് ക്വിക്ക് സപ്ലൈ ചെയിൻ ബോണ്ട് വഴി ഭരണപ്പാർട്ടിക്ക് നൽകിയിരിക്കുന്നത് സംഭാവന നൽകി.
ബാക്കിയുള്ള 170 കോടി രൂപ അംബാനിയുടെ ബിസിനസ് അസോസിയേറ്റ് ആയ സുരേന്ദ്ര ലൂനിയ, റിലയൻസ് എക്‌സിക്യൂട്ടീവുമാരായ ലക്ഷ്മിദാസ് മർച്ചൻ്റ്, കെ രാമചന്ദ്രൻ രാജ എന്നിവരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ, ഗ്രൂപ്പുമായി ബന്ധമുള്ള ഒരു കൂട്ടം സ്ഥാപനങ്ങളുടെ ബോർഡിൽ ഇരിക്കുന്ന സത്യനാരായണമൂർത്തി വീര വെങ്കട കോർലെപ്പുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ എന്നിവയിൽ നിന്നാണ് ലഭിച്ചത്. ഇവർ വാങ്ങിയിട്ടുള്ള ബോണ്ടുകളിൽ 94 ശതമാനമാണ് ബിജെപിക്ക് ലഭിച്ചിട്ടുള്ളത്.
രാജ്യത്തെ പ്രധാന കോർപ്പറേറ്റ് ഗ്രൂപ്പുകളിലൊന്നായ അദാനി ഗ്രൂപ്പും ഇലക്ട്രൽ ബോണ്ടിലൂടെ ബിജെപിക്ക് പണം നൽകിയെന്നാണ് തെര കമ്മീഷൻ ഒടുവിൽ പുറത്തുവിട്ട വിവരങ്ങൾ വ്യക്തമാക്കുന്നത്.അദാനി ഗ്രൂപ്പുമായി ബന്ധമുള്ള നാലു കമ്പനികൾ വാങ്ങിയിരിക്കുന്നത് 55.4 കോടിയുടെ ഇലക്ട്രറൽ ബോണ്ടുകളാണ്. എബിസി ഇന്ത്യ ലിമിറ്റഡും വെൽസ്പൺ ഗ്രൂപ്പിനു കീഴിലെ മൂന്ന് സ്ഥാപനങ്ങളും വഴിയാണ് ഭരണ പാർട്ടി യിലേക്ക് അദാനി ഗ്രൂപ്പ് വഴി പണമെത്തിയത്. ബി.കെ. ഗോയങ്ക ആരംഭിച്ച മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് വെൽസ്പൺ ഗ്രൂപ്പ്. ഇതിൽ 42 കോടി രൂപയാണ് കമ്പനിയുടെ അനുബന്ധ സ്ഥാപനങ്ങൾ വഴി സംഭം നൽകിയിരിക്കന്നത്.
വെൽസ്പൺ ഗ്രൂപ്പിനു കീഴിലെ ഒരു സ്ഥാപനം രണ്ട് തവണകളായി 13 കോടിയുടെ ബോണ്ടുകളാണ് വാങ്ങിയത്. 2019 ഏപ്രിലിൽ മൂന്ന് കോടിയുടെയും 2022 നവംബറിൽ 10 കോടിയുടെയും ബോണ്ടുകൾ സ്ഥാപനം വാങ്ങി. 2005ൽ വെൽസ്പൺ ഗ്രൂപ്പ് അദാനിയുമായി ചേർന്ന് അദാനി വെൽസ്പൺ എക്സ്പ്ലോറേഷൻ ലിമിറ്റഡ് എന്ന പേരിൽ ബാസിനസ് ആരംഭിച്ചു. ഇതിൽ 65 ശതമാനം ഓഹരിയും അദാനി ഗ്രൂപ്പിൻ്റെ കൈവശവുമാണുള്ളത്. ഗൗതം അദാനി ചെയർമാനും മകൻ രാജേഷ് അദാനി മാനേജിംഗ് ഡയറക്ടറുമായ അദാനി എൻ്റർപ്രൈസസ് വഴിയാണ് അദാനി ഗ്രൂപ്പ് ഓഹരി വാങ്ങിയിരിക്കുന്നത്. വെൽസ്പൺ നാചുറൽ റിസോഴ്സ് പ്രൈവറ്റ് ലിമിറ്റഡ് വഴിയാണ് വെൽസ്പൺ ഗ്രൂപ്പ് അദാനി വെൽസ്പൺ എക്സ്പ്ലോറേഷൻ ലിമിറ്റഡിൻ്റെ ഓഹരി കൈവശം വച്ചിരിക്കുന്നത്.
വെൽസ്പൺ ഗ്രൂപ്പിൻ്റെ രണ്ടാമത്തെ സ്ഥാപനമായ വെൽസ്പൺ കോർപ്പറേഷൻ ലിമിറ്റഡ് 27 കോടിയുടെ ബോണ്ടുകളാണ് വാങ്ങിയത്. 2019 മേയിൽ അഞ്ചു കോടിയുടെയും 2020 ജനുവരി, ഒക്ടോബർ മാസങ്ങളിൽ യഥാക്രമം രണ്ട് കോടി, ഏഴ് കോടി എന്നിങ്ങനെയും ബോണ്ട് വാങ്ങി. 2022 ഏപ്രിലിൽ മൂന്ന് കോടിയുടെയും അതേ വർഷം നവംബറിൽ 10 കോടിയുടെയും ബോണ്ടുകൾ കമ്പനി വാങ്ങിയിട്ടുണ്ട്.
മൂന്നാമത്തെ സ്ഥാപനമായ വെൽസ്പൺ ലിവിംഗ് ലിമിറ്റഡ് (തുടക്കത്തിൽ വെൽസ്പൺ ഇന്ത്യ ലിമിറ്റഡ് എന്ന പേരിൽ അറിയപ്പെട്ടിരുന്നു) 2022 നവംബറിൽ 10 കോടിയുടെയും 2023 നവംബറിൽ അഞ്ചു കോടിയുടെയും ബോണ്ടുകൾ 15 കോടിയുടെ ബോണ്ടുകൾ വാങ്ങിയിട്ടുണ്ട്.
2022 നവംബറിൽ വെൽസ്പൺ 30 കോടിയുടെ ബോണ്ടുകളാണ് വാങ്ങിയത്. പശ്ചിമബംഗാൾ, പഞ്ചാബ്, ഉത്തർപ്രദേശ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു ഇത്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എട്ട് കോടിയുടെയും 2020ലെ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രണ്ട് കോടിയുടെയും ബോണ്ടുകൾ വാങ്ങി. 2020 ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഏഴ് കോടിയുടെയും 2023ൽ നടന്ന ഛത്തീസ്ഗഢ്, രാജസ്ഥാൻ, മധ്യപ്രദേശ്, തെലങ്കാന, മിസോറാം തെരഞ്ഞെടുപ്പുകളിൽ അഞ്ചു കോടിയുടെയും ബോണ്ടുകൾ വാങ്ങിയതായി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച കണക്കുകൾ സൂചിപ്പിക്കുന്നു.
2022 ഏപ്രിൽ മാസത്തിൽ മൂന്ന് കോടിയുടെ ബോണ്ടുകൾ കമ്പനി വാങ്ങി. 2019 തെരഞ്ഞെടുപ്പ് സമയത്ത് വെൽസ്പൺ വാങ്ങിയ ബോണ്ടുകളിൽ എട്ട് കോടിയുടെ ബോണ്ടുകൾ പണമാക്കി മാറ്റി. 2023 തെലങ്കാന തെരഞ്ഞെടുപ്പിന് മുന്നോടിയായി അഞ്ചു കോടിയുടെ ബോണ്ട് ഭാരത് രാഷ്ട്ര സമിതി പണമാക്കി. 2020 ജനുവരിക്കും 22 നവംബറിനുമിടയിൽ കമ്പനി വാങ്ങിയ 42 കോടിയുടെ ബോണ്ടുകളാണ് ബിജെപിക്ക് ലഭിച്ചത്.
അദാനി ഗ്രൂപ്പുമായി ബന്ധമുള്ള നാലാമത്തെ സ്ഥാപനമായ എബിസി ഇന്ത്യ ലിമിറ്റഡ് 2019ൽ വാങ്ങിയ 40 ലക്ഷം വിലയുള്ള ബോണ്ടുകളും ബിജെപിക്കാണ് ലഭിച്ചത്. കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന എബിസി ഇന്ത്യ ലിമിറ്റഡിൻ്റെ 1.2 ശതമാനം ഓഹരി 2016 മാർച്ചിനും 2023 സെപ്റ്റംബറിനുമിടയിൽ കൈവശം വച്ചിരുന്നത് അദാനി പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡാണെന്ന് കോർപ്പറേറ്റ് കാര്യമന്ത്രാലയത്തിൻ്റെ രേഖകൾ വ്യക്തമാക്കുന്നു. എന്നാൽ 2023 ഡിസംബറിൽ അദാനി പ്രോപ്പർട്ടീസ് ഇത് വിറ്റു. എന്നാൽ ഇലക്ട്രൽ ബോണ്ട് വാങ്ങിയിട്ടില്ലെന്നും ഒരു രാഷ്ട്രീയ പാർട്ടികൾക്കും സംഭാവന നൽകിയിട്ടില്ലെന്നും അദാനി ഗ്രൂപ്പിൻ്റെ വാദം ഈ കണക്കുകളിലൂടെ പൊളിയുകയാണ്.