ന്യൂഡൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ് സംബന്ധിച്ച ജർമനിയുടെ പ്രസ്താവനയിൽ അതൃപ്തി
അറിയിച്ച് കേന്ദ്ര സർക്കാർ. വരുത്തി. രാജ്യത്തിൻ്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്ന് ഇന്ത്യ ജർമ്മനിയോട് നിർദ്ദേശിച്ചു. ജർമ്മൻ മിഷൻ ഡപ്യൂട്ടി ഡയറക്ടറെ വിദേശകാര്യ മന്ത്രാലയം വിളിച്ച് വരുത്തിയാണ് താക്കീത് നൽകിയത്.
കേജ്‌രിവാളിന് നീതിയുക്തമായ ഒരു വിചാരണക്ക് അവകാശമുണ്ടെന്നായിരുന്നു അറസ്റ്റിന് പിന്നാലെ വിദേശകാര്യമന്ത്രാലയം വക്താവ് സെബാസ്റ്റ്യൻ ഫിഷർ പ്രതികരിച്ചത്. ഡൽഹി മുഖ്യമന്ത്രിയുടെ അറസ്റ്റിൽ ആദ്യമായിട്ടായിന്നു ഒരു വിദേശ രാജ്യം നിലപാടറിയിച്ചത്. നിരപരാധിത്വം തെളിയിക്കാൻ കേജ്‌രിവാളിന് നിയമപരമായഅവകാശങ്ങളുണ്ട്. അത് ലംഘിക്കരുതെന്നുമായിരുന്നു ജർമ്മൻ വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവിൻ്റെ പ്രതികരണം.
ഇത്തരം പരാമര്‍ശങ്ങള്‍ ഇന്ത്യയുടെ ജുഡീഷ്യല്‍ പ്രക്രിയയില്‍ ഇടപെടുന്നതിന് തുല്യമാണെന്നും ഇന്ത്യയുടെ ആഭ്യന്തരകാര്യത്തില്‍ ഇടപെടരുതെന്നും മന്ത്രാലയം അറിയിച്ചു. നിയമ സംവിധാനങ്ങള്‍ പാലിച്ചു പോരുന്ന ഊര്‍ജ്ജസ്വലമായ ജനാധിപത്യരാജ്യമാണ് ഇന്ത്യ. രാജ്യത്തെ എല്ലാ കേസുകളെയും പോലെ, ലോകത്തെ മറ്റേത് ജനാധിപത്യ രാജ്യത്തെയും പോലെ ഇക്കാര്യത്തിലും നിയമം വ്യക്തമായ തീരുമാനമെടുക്കുമെന്നും അനാവശ്യമായ ഊഹാപോഹങ്ങള്‍ നടത്തരുതെന്നും ഇന്ത്യ ജർമ്മനിയെ അറിയിച്ചു.
ഡല്‍ഹി മുഖ്യമന്ത്രിയുടെ അറസ്റ്റിനെ സംബന്ധിച്ച് ജര്‍മ്മന്‍ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുമ്പോഴാണ് സെബാസ്റ്റ്യന്‍ ഫിഷര്‍ നിലപാടറിയിച്ചത്. കേസ് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യവും അടിസ്ഥാന ജനാധിപത്യ തത്വങ്ങളുമായി ബന്ധപ്പെട്ട ആദര്‍ശങ്ങള്‍ ഇക്കാര്യത്തിലും നടപ്പാക്കുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും ഫിഷര്‍ പറഞ്ഞു.
ആരോപണങ്ങള്‍ നേരിടുന്ന ആരെപ്പോലെയും നിഷ്പക്ഷവും നീതിയുക്തവുമായ വിചാരണയ്ക്കുള്ള അവകാശം കേജ്‌രിവാളിനുണ്ട്. ഒരു തടസവുമില്ലാതെ എല്ലാ നിയമവഴികളെയും ആശ്രയിക്കാന്‍ അദ്ദേഹത്തിനാകണം. നിരപരാധിത്വത്തിനുള്ള സാധ്യത നിയമവാഴ്ചയുടെ കേന്ദ്രബിന്ദുവാണ്. അത് കേജ്‌രിവാളിൻ്റെ കാര്യത്തിലുമുണ്ടാകണമെന്നുമായിരുന്നു ഫിഷർ വ്യക്തമാക്കിയത്.
















