ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതോടെ ഡൽഹി മദ്യനയ ക്കേസ് വീണ്ടും വാർത്തകളിൽ നിറയുകയാണ്. കേസിനൊപ്പം ഇപ്പോൾ ഒരു മലയാളിയുടെ പേരും രാജ്യം ചർച്ച ചെയ്യുകയാണ്.
മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന 15 പേരിൽ ഒരാൾ മലയാളിയാണ്. വിജയ് നായർ. സൗത്ത് ഗ്രൂപ്പിന് വേണ്ടി 100 കോടി രൂപ വിജയ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് കൈമാറിയെന്നാണ് ഇഡി ആരോപിക്കുന്നത്.
വിവാദ മദ്യനയം തങ്ങൾക്കനുകൂലമാക്കാൻ സൗത്ത് ഗ്രൂപ്പിൻ്റെ ഇടനിലക്കാരനായി പ്രവർത്തിച്ചത് വിജയ് നായരാണെന്നാണ് ഇഡിയുടെ ആരോപണം. വിജയ് താമസിച്ചിരുന്നത് കേജരിവാളിൻ്റ വീടിന് സമീപമുള്ള വീട്ടിലാണ്.ഇത് ഡൽഹി സർക്കാരിലെ മന്ത്രി കൈലാഷ് ഗഹ്ലോട്ടിന് നൽകിയ വീടായിരുന്നു. ഈ വീട് വിജയ് നായർക്ക് നൽകിയതും ഡൽഹി മുഖ്യമന്ത്രിയുടെനിർദേശാനുസരണമാണെന്നാണ് കേന്ദ്ര ഏജൻസി ആരോപിക്കുന്നത്.

ആരാണ് 2022 നവംബറിൽ അറസ്റ്റിലാവുന്ന, കേജരിവാൾ മൈ ബോയ് എന്നുവിളിക്കുന്ന വിജയ് നായർ?. ‘ മദ്യനയ കേസിൽ അയാളുടെ പങ്കിനെപ്പറ്റി ഇഡി പറയുന്നതെന്താണ്?
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒൺലി മച്ച് ലൗഡർ എന്ന കമ്പനിയുടെ സിഇഒ ആയിരുന്നു വിജയ് നായർ. മുംബൈ സിഡൻഹാം കോളജിൽ നിന്ന് പഠനം പാതിവഴിയിൽ നിർത്തിയാണ് വിജയ് നായർ ഒഎംഎൽ തുടങ്ങുന്ന ക്. ലൈവ് മ്യൂസിക്ക് ഷോകൾ, മറ്റ് ഫെസ്റ്റിവലുകൾ , ഇവന്റ് മാനേജ്‌മെന്റ്, എന്നിവ നടത്തിയിരുന്ന കമ്പനിയാണ് ഒഎംഎൽ. 2014 ൽ 10 ദശലക്ഷമായിരുന്നു കമ്പനിയുടെ ആസ്തി.
ഫോർച്ച്യൂണിന്റെ ഏറ്റവും സ്വാധീനമുള്ള 40 വയസിൽ താഴെയുള്ള 40 യുവാക്കളുടെ പട്ടികയിൽ വിജയ് നായരും ഉൾപ്പെട്ടിട്ടുണ്ട്. എൻഎച്ച്7 വീക്കൻഡർ, ദ ഇൻവേഷൻ എന്നിങ്ങനെ നിരവധി സംഗീത നിശകൾ സംഘടിപ്പിച്ചിട്ടുണ്ട് വിജയ് നായർ. രാജ്യത്തുടനീളമുള്ള സംഗീതജ്ഞരെ ഒന്നിച്ചുചേർന്ന് ആംആംദ്മി പാർട്ടിയുടെ പ്രചാരണത്തിനായി വിജയ് നായർ സംഗീതത്തെ ഉപയോഗിച്ചിരുന്നു. ഒഎംഎൽ നെറ്റ്വർക്കിനകത്തും പുറത്തുമുള്ള ആറോളം കമ്പനികളുടെ ഡയറക്ടറായിരുന്നു വിജയ് നായർ.

2018 ൽ വിജയ് നായർക്കെതിരെ ലൈംഗിക ആരോപണത്തിൻ്റെ റിപ്പോർട്ട് ദ കാരവാൻ പുറത്തുവിട്ടിട്ടുണ്ട്. ഒഎംഎല്ലിലെ വനിതാ ജീവനക്കാർക്ക് തൊഴിൽ ചെയ്യാൻ സുരക്ഷിതമല്ലാത്ത സാഹചര്യമാണെന്ന് ചൂണ്ടിക്കാട്ടുന്നതായിരുന്നു റിപ്പോർട്. തന്നോടൊപ്പം ബാത്ത് ടബ്ബിൽ വരണമെന്ന് വിജയ് നായർ ആവശ്യപ്പെട്ടുവെന്ന് ഒരു ജീവനക്കാരി വെളിപ്പെടുത്തിയതായി റിപ്പോർട്ടിൽ പറയുന്നു. പുലർച്ചെ രണ്ട് മണിക്ക് തനിക്ക് മസാജ് ചെയ്ത് നൽകണമെന്ന് പറഞ്ഞതായി മറ്റൊരു ജീവനക്കാരിയുടെയും വെളിപ്പെടുത്തലിൽ പറയുന്നു. ഒപ്പം പല ജീവനക്കാർക്കും വിജയൻ നായർ അശ്ലീല സന്ദേശങ്ങൾ അയക്കാറുണ്ടെന്നും കാരവാൻ റിപ്പോർട്ടിൽ പറയുന്നു.

2022 ലെ നിയമസഭാ തെഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ പാർട്ട്-ടൈം വോളണ്ടിയറായിരുന്നു വിജയ് നായർ പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് എഎപിയുടെ കമ്യൂണിക്കേഷൻ-ഇൻ ചാർജായി. എഎപിയുടെ സോഷ്യൽ മീഡിയ കമ്മ്യൂണിക്കേഷനും മറ്റ് മാർക്കറ്റിംഗ് മേഖലകളും കൈകാര്യം ചെയ്തു. സെലിബ്രിറ്റികളും ആർട്ടിസ്റ്റുകളുമായുള്ള വിജയ് നായരുടെ ബന്ധം ആംആദ്മി പാർട്ടിക്ക് ഗുണം ചെയ്തു. പാർട്ടിക്ക് വേണ്ടിയുള്ള ധനസമാഹരണ പരിപാടികളിൽ പ്രത്യേകിച്ചും.
2019 ഓടെ ആംആദ്മി പാർട്ടിയുടെ സോഷ്യൽ മീഡിയ മേൽനോട്ടത്തിൽ നിന്നും പാർട്ടിക്ക് വേണ്ട നിർണായക നിർദേശങ്ങൾ നൽകുന്നതിലേക്ക് വളർന്നു വിജയ് നായർ. തെരഞ്ഞെടുപ്പ് പ്രകടന പത്രികയ്ക്ക് വേണ്ട നിർദേശങ്ങൾ നൽകുക, നയരൂപീകരണം എന്നിവയിലും വിജയ് നായരുടെ പങ്കുണ്ടായിരുന്നു.
















