തെന്നിന്ത്യൻ ആരാധകരുടെ പ്രിയപ്പെട്ട താരമാണ് നടി സാമന്ത. ഗൗതം മേനോന്റെ തെലുങ്ക് ചിത്രമായ യെ മായ ചെസേവ് എന്ന ചിത്രത്തിലൂടെയാണ് സാമന്ത സിനിമാ രംഗത്തേയ്ക്ക് കടന്നുവരുന്നത്. പേശികളെ ബാധിക്കുന്ന മയോസൈറ്റിസ് രോഗത്തിന്റെ ചികിത്സാർത്ഥം കുറച്ച് മാസങ്ങളായി സിനിമയിൽനിന്ന് വിട്ടുനിൽക്കുകയാണ് നടി സാമന്ത. ‘സിറ്റഡല്‍’ എന്ന വെബ് സിരീസിന് ശേഷം താരം ഇടവേള എടുത്തിരുന്നു. ഈയിടെ സാമന്ത ടേക്ക്20 എന്ന പേരിൽ ഒരു പോഡ്കാസ്റ്റ് ഷോ ആരംഭിച്ചിരുന്നു. സാമന്തയുടെ സുഹൃത്തും ഹെൽത്ത് കോച്ചുമായ അൽക്കേഷ് ഷരോത്രിയാണ് പരിപാടിയുടെ അവതാരകൻ. സിറ്റഡെല്ലിന്റെ ചിത്രീകരണസമയത്ത് താൻ ആരോഗ്യപരമായി നേരിട്ട വെല്ലുവിളികളേക്കുറിച്ച് ടേക്ക്20യുടെ പുതിയ എപ്പിസോഡിൽ തുറന്നുപറഞ്ഞിരിക്കുകയാണ് താരം.
സിറ്റാഡെല്ലിന്റെ ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ ബോധംകെട്ട് തലയടിച്ചുവീണെന്ന് സാമന്ത പറഞ്ഞു. ഇടവേളയെടുക്കുന്നതിന് മുമ്പ് കുഷി എന്ന ചിത്രവും ശാരീരികാധ്വാനം ഏറെ ആവശ്യമായ സിറ്റഡെല്ലും പൂർത്തീകരിക്കണമായിരുന്നു. സിറ്റഡെല്ലിൽ ഒരുപാട് സംഘട്ടനരംഗങ്ങളുണ്ടായിരുന്നു. ഹെൽത്ത് കോച്ചായ അൽക്കേഷ് ഷരോത്രിക്ക് തന്റെ ആരോഗ്യം മോശമാവുന്നതിനേക്കുറിച്ച് ഒരുപാട് ഫോൺകോളുകൾ ചിത്രീകരണത്തിനിടയ്ക്ക് വന്നുകൊണ്ടേയിരുന്നെന്നും സാമന്ത ഓർത്തെടുത്തു.
ഈ സംഭവത്തേക്കുറിച്ചുള്ള അൽക്കേഷിന്റെ ഓർമകളും പോഡ്കാസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സാമന്ത പറഞ്ഞ സംഭവം നടന്നപ്പോൾ ആ വിവരം അവിടെയുണ്ടായിരുന്ന പരിശീലകൻ കൃത്യമായി ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നില്ലെന്നും ഭ്രാന്തുപിടിച്ചപോലുള്ള സമയമായിരുന്നു അതെന്നും അൽക്കേഷ് പറഞ്ഞു.
2022 അവസാനത്തോടെയാണ് സാമന്ത തന്റെ രോഗവിവരം വെളിപ്പെടുത്തുന്നത്. പേശികളെ ബാധിക്കുന്ന മയോസൈറ്റിസ് രോഗത്തിന്റെ പിടിയിലാണെന്ന് സാമന്ത നേരത്തെ അറിയിച്ചിരുന്നു. എല്ലുകൾക്ക് ബലക്ഷയവും ശരീരത്തിന് വേദനയും അനുഭവപ്പെടുന്ന രോഗമാണ് മയോസൈറ്റിസ്. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്ന അസുഖമാണിത്. കഴുത്തിലും തോളിലും തുടകളിലും ശരീരത്തിന്റെ പിൻഭാഗങ്ങളിലുമുള്ള മസിലുകളെയെല്ലാം ഇത് ബാധിക്കും. തുടർചികിത്സയ്ക്കും വിശ്രമത്തിനുമായാണ് താരം സിനിമയിൽ നിന്നും ഇടവേളയെടുത്തത്.
വിജയ് ദേവരകൊണ്ട നായകനായ കുഷിയാണ് സാമന്ത അഭിനയിച്ച് ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഇടവേള എടുത്ത സമയത്ത് ചില നിർമാതാക്കൾക്ക് നടി അഡ്വാൻസ് തിരികെ നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.