ഓരോ നാടിനെയും മനോഹരമാക്കുന്നത് അവിടുത്തെ വിശാലമായ ഇടങ്ങളാണ്. സന്തോഷ് ജോർജ്ജ് കുളങ്ങര പറഞ്ഞത് പോലെ നിങ്ങൾ നാട്ടിലെ ഏറ്റവുമടുത്തുള്ള സ്ഥലത്തേക്ക് യാത്ര പോകൂ, ഏറ്റവും അടുത്ത സൗന്ദര്യങ്ങൾ ആസ്വദിക്കു. യാത്ര ഒരുതരത്തിൽ ഓരോ മനുഷ്യർക്കും തെറാപ്പി പോലെയാണ്. ഒറ്റയ്ക്കും, കൂട്ടമായും, കുടുംബമായും യാത്ര ചെയ്യാം.
ഏറ്റവും പ്രിയപ്പെട്ടൊരു ഗാനവും കേട്ട് ബസിന്റെ സൈഡ് സീറ്റിലിരുന്ന് പോകുന്നത് പോലും ചിലപ്പോഴൊക്കെ നമ്മളെ ആശ്വസിപ്പിക്കാറുണ്ട് അല്ലെ? നിങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന, നടത്താനിരിക്കുന്ന യാത്രകളൊന്നും വെറുതെയാകില്ല. ഓരോ ദേശത്തിനും, അപരിചിതരായ ഓരോ മനുഷ്യർക്കും പറയാനുണ്ടാകും ഓരോ കഥകൾ. നിങ്ങൾക്കും പഠിക്കാനും, അതിജീവിക്കുവാനും, സന്തോഷിക്കുവാനും യാത്ര സഹായിക്കും.
യാത്ര ചെയുന്നത് പോലെ നിതാന്തമായ മറ്റേത് പ്രവർത്തിയുണ്ട് ഭൂമിയിൽ? എന്റെ അഭിപ്രായത്തിൽ ചെന്നെത്തുന്ന ഇടത്തേക്കാളും എനിക്ക് പ്രിയപ്പെട്ടത് നമ്മൾ അവിടേക്ക് എത്താൻ കടന്നുപോകുന്ന വഴികളാണ്. ലക്ഷ്യമല്ല മാർഗ്ഗമമാണ് പ്രധാനമെന്ന് തിരുത്തി പറഞ്ഞാൽ കുറച്ചു കൂടി നന്നായി മനസിലാകും. പോകുന്ന വഴികളിലെ കാഴ്ച്ചകളും, സംസ്ക്കാരവും ചെന്നെത്തുന്ന ലക്ഷ്യത്തെപ്പോലെ സന്തോഷം തരാറുണ്ട്. എന്നാൽ പോകുന്ന വഴികളും ചെന്നെത്തുന്ന ലക്ഷ്യവും ഒരുപോലെ സന്തോഷിപ്പിച്ചാലോ? മറ്റെങ്ങും കാണാനാകത്തയത്ര മനോഹാരിതയാണ് മുന്നാറിലെ ഓരോ ഇടങ്ങൾക്കും.
മുന്നാറിൽ സഞ്ചാരികളേറെ കൗതുകത്തോടെ നോക്കിക്കാണുന്ന സീസണാണ് എക്സാം ട്രീയുടെ കാലം. മുന്നാറിലെ ആൾക്കാർ അതിനെ നീല വാകയെന്നു വിളിക്കും. ജക്കാരന്ത ഒരു വിദേശവൃക്ഷമാണ്. ഈ മരത്തിന്റെ ശാസ്ത്രീയ നാമം ജക്കാരന്ത മിമോസിഫോളിയ എന്നാണ്. തെക്കേ അമേരിക്കൻ സ്വദേശിയാണ് ഈ നീല വാക. മൂന്നാറിന്റെ സൗന്ദര്യത്തിനെ ഒന്നുകൂടി ഊട്ടിയുറപ്പിക്കുകയാണ് ഈ നീല വകകൾ ചെയ്യുന്നത്.
നൂറ്റാണ്ടു മുമ്പ് കണ്ണന്‍ദേവന്‍ മലനിരകളില്‍ തേയില ചെടികൾ നട്ട ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി പ്ലാന്റര്‍മാര്‍ യൂറോപ്പില്‍ നിന്ന് കൊണ്ടുവന്ന് നട്ടതാണ് ജക്കരന്ത മരങ്ങള്‍. തോട്ടങ്ങൾക്ക് ഭംഗി കൂട്ടാനാണ് ഇവ വച്ചതെന്നും, പ്രണയത്തിന്റെ ഓർമ്മയ്ക്കായിട്ടാണ് ഇവ വച്ചതെന്നുമുള്ള രണ്ടു മിത്തുകൾ ഇതിനെ ചുറ്റിപറ്റി നടക്കുന്നുണ്ട്. യൂറോപ്യന്മാർ നടക്കുന്ന പാതയോരങ്ങളിലും ബംഗ്ലാവുകളുടെ സമീപത്തുമാണ് ഇവ വച്ചുപിടിപ്പിച്ചത്. 50 അടിയിലേറെ ഉയരത്തിലാണ് ഇവ വളരുന്നത്. മൂന്നാറിന്റെ പല പ്രദേശങ്ങളിലും ഇവ കാണാൻ സാധിക്കും. മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് നീലവാക പൂക്കുന്നത്.
മൂന്നാറിൽ നിന്ന് ഉടുമല്‍പേട്ട വരെയുള്ള 85 കിമീ വഴിയിലെ തേയില തോട്ടങ്ങളില്‍ നീലവാക കാണാൻ സാധിക്കും. ഇതിന്റെ മനോഹാരിത കണ്ടു പൂക്കളുടെ തണ്ടൊടിച്ചെടുക്കുന്ന യാത്രികരുമുണ്ട്.
എക്സാം ട്രീ എന്നൊരു വിളിപ്പേരും ഇവയ്ക്ക് പേരുണ്ട്. സൗത്ത് ആഫ്രിക്കയിലെ പ്രിട്ടോറിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ ഇതിനെ പരീക്ഷാപൂക്കള്‍ എന്നാണ് വിളിക്കുന്നത്. ഈ പൂക്കള്‍ ശിരസിലോ ശരീരത്തിലോ പതിച്ചാല്‍ പരീക്ഷ ജയിക്കുമെന്ന് വിശ്വസിക്കുന്നവരും ഏറെയാണ്. പൂക്കൾ വിരിയുന്നത് മാർച്ചിൽ ആയതിനാലാണ് എക്സാം ട്രീ എന്നു വിളിക്കുന്നതെന്നും പറയപ്പെടുന്നു.
മുന്നാറിലെ വാക വളവിൽ എത്തുന്നവർക്ക് നീല വാകയുടെ ഒരു അതിമനോഹര കാഴ്ച അനുഭവിക്കാൻ സാധിക്കും. നീല വാക കണ്ടു ഇറങ്ങുന്നവർക്ക് വാഗ വളവിൽ ചെറിയ അരുവിയെയും ആസ്വദിച്ചു പോകാം. അവിടേക്ക് പോകുന്നവർ കയ്യിലൊരു കുപ്പി വെള്ളം കരുതുന്നത് നന്നായിരിക്കും; കാരണം വാക വളവിന്റെ അടുത്തെങ്ങും കടകൾ കാണാനില്ല.
സ്വന്തമായി വണ്ടിയുള്ളവർ അതിൽ പോകുന്നതായിരിക്കും ഉചിതം. ഇനി ബസിലാണ് പോകുന്നതെങ്കിൽ മൂന്നാർ ഡിപ്പോയിൽ നിന്നും ബസ് ലഭ്യമാകും. രാവിലെ ഒരു 8 മണിക്കുള്ളിൽ വാക കാണാൻ പോകുന്നതായിരിക്കും ഉചിതം. അതല്ലങ്കിൽ വൈകിട്ടത്തെ സമയം തെരഞ്ഞെടുക്കുക.
ഒരുപാട് അതികമില്ലെങ്കിലും തിരുവനന്തപുരത്തും ജക്കരാന്തകൾ കാണാൻ കഴിയും.മ്യൂസിയത്ത് ചെമ്പകമരങ്ങൾക്കിടയിൽ ഒരു വാകമരം ഒളിച്ചു നിൽപ്പുണ്ട്. പിന്നീടുള്ളത് കാവടിയാറിലെ മൻമോഹൻ ബംഗ്ളാവിലാണ്. റോഡിലൂടെ പോകുമ്പോൾ തന്നെ വയലറ്റ് നിറമുള്ള പൂക്കൾ തലയെടുപ്പോടെ നിൽക്കുന്നത് കാണാൻ കഴിയും.