സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് റിമ കല്ലിങ്കൽ. ഋതു എന്ന ശ്യാമപ്രസാദ് ചിത്രത്തിലൂടെ മലയാള സിനിമലോകത്തേയ്ക്ക് കടന്നുവന്ന റിമ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നിദ്ര, 22 ഫീമെയിൽ കോട്ടയം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്കാരവും റിമയ്ക്ക് ലഭിച്ചു.
ഇപ്പോഴിതാ താരത്തിന്റെ സാഹസിക പ്രകടനങ്ങളുമായി സജിൻ ബാബു സംവിധാനം ചെയ്യുന്ന ‘തിയറ്റർ’ എന്ന സിനിമ എത്തുകയാണ്. ‘തിയറ്റർ’ എന്ന സിനിമ തിയറ്ററിലെത്തുമ്പോൾ റിമ കല്ലിങ്കലിന്റെ പ്രകടനം ഏവരെയും ഞെട്ടിക്കുമെന്നാണ് സ്റ്റണ്ട്, ആക്ഷൻ കൊറിയോഗ്രാഫർ അഷറഫ് ഗുരുക്കൾ പറയുന്നത്. തെങ്ങിൽ കയറിയും വെള്ളത്തിൽ നീന്തിയും വള്ളത്തിൽ കയറിയും റിമ അഭിനയിച്ച സാഹസിക രംഗങ്ങൾ കണ്ട് താനുൾപ്പടെ മുഴുവൻ ക്രൂവും ഞെട്ടിപ്പോയെന്നാണ് അഷ്റഫ് ഗുരുക്കൾ പറയുന്നത്. റിമ കല്ലിങ്കലിന്റെ ധൈര്യം അപാരമാണെന്നും മഞ്ജു വാരിയർക്കു ശേഷം എന്ന് പറയാൻ പറ്റുന്ന ഒരു താരമാണ് റിമ എന്നും അഷ്റഫ് ഗുരുക്കൾ വ്യക്തമാക്കുന്നു.
‘‘മഞ്ജുവാരിയർക്കു ശേഷം എന്റെ സിനിമാ അനുഭവത്തിൽ ഇന്ന് വർക്കലയിൽ സജിൻ ബാബു സംവിധാനം ചെയ്യുന്ന പുതിയചിത്രം തിയറ്ററിൽ’ റിമാ കല്ലിങ്കലിന്റെ ധൈര്യം എന്നെ ഞെട്ടിച്ചു. എന്നെ മാത്രമല്ല സിനിമയിലെ മുഴുവന് ക്രൂവിനെയും. കഥയുടെ വിശദീകരണത്തിലേക്ക് ഞാനിപ്പോൾ വരുന്നില്ല. കഥ എന്താണെന്ന് പറയാൻ ഇപ്പോൾ പ്രൊഡക്ഷന്റെ അനുവാദവും ഇല്ല. എന്തായാലും തിയറ്റർ എന്ന സിനിമ തിയറ്ററിൽ വരുമ്പോൾ അതൊരു വൻ അദ്ഭുതമായിരിക്കും.
പ്രത്യേകിച്ചും റിമ കല്ലിങ്കലിന്റെ ആ പ്രകടനവും അവർ കാണിച്ച ആത്മ ധൈര്യവും ഈ സിനിമയുടെ മേക്കിങ്ങും. ഫൈറ്റ് ആയിരുന്നോ ഗുരുക്കളെ റിമ ചെയ്തത്. അല്ല, പിന്നെ, അത് പിന്നെ പറയാം. പിന്നെ ഛായാഗ്രാഹകൻ ശ്യാമ പ്രകാശ് ഓടിനടന്നും, വെള്ളത്തിൽ നീന്തിയും, വള്ളത്തിൽ കയറിയും. ഒരുപാട് നന്ദി ശ്യാം ജി, പ്രത്യേകിച് ഫൈറ്റേഴ്സ്, എല്ലാവരോടും നന്ദി.’’ അഷറഫ് ഗുരുക്കളിന്റെ വാക്കുകൾ.
സിനിമയുടെ ഒരു രംഗത്തിന്റെ പൂർണതയ്ക്കു വേണ്ടിയാണ് തെങ്ങിൽ കയറാൻ റിമ തയാറായത്. ഏറെ സാഹസികത വേണ്ടി വരുന്ന രംഗത്തിനായി പരിശീലനം നടത്തിയ ശേഷമാണ് നടി തെങ്ങിൽ കയറിയത്. ദേശീയ പുരസ്കാരം നേടിയ ബിരിയാണി എന്ന സിനിമയുടെ സംവിധായകൻ സജിൻ ബാബു ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘തിയറ്റർ’. ഇൻഡിപെൻഡന്റ് സിനിമയായി ഒരുങ്ങുന്ന ‘തിയറ്ററി’ന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.