തമിഴിൽ ഉടൻ വരുന്ന ചിത്രങ്ങളിൽ വലിയ ആരാധക പ്രതീക്ഷയുള്ള ചിത്രമാണ് കമൽഹാസൻ-ശങ്കർ കൂട്ടുകെട്ടിലൊരുങ്ങുന്ന ഇന്ത്യൻ 2. വൻ താരനിരയുമായി ബ്രഹ്മാണ്ഡ സ്കെയിലിൽ ഒരുങ്ങുന്ന ചിത്രത്തേക്കുറിച്ച് ഒരു അപ്രതീക്ഷിത വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് കമൽഹാസൻ. ഇതാകട്ടെ ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.
ഇന്ത്യന്റെ വരവ് രണ്ട് ഭാഗങ്ങളിൽ നിൽക്കില്ലെന്നും മൂന്നാം ഭാഗമുണ്ടാവുമെന്നാണ് ഒരു ഇന്ത്യൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കമൽ പറഞ്ഞത്. ഇന്ത്യൻ രണ്ട്, മൂന്ന് ഭാഗങ്ങളുടെ ചിത്രീകരണം പൂർത്തിയായിട്ടുണ്ട്. ഇന്ത്യൻ 2-ന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടന്നുവരികയാണ്. ഇതിനുശേഷം മൂന്നാം ഭാഗത്തിന്റെ തുടർപ്രവർത്തനങ്ങൾ നടത്തുമെന്നും ഉലകനായകൻ പറഞ്ഞു.
താൻ അഭിനയിക്കുന്ന പ്രഭാസ് നായകനായി വരുന്ന കൽക്കി, മണിരത്നം സംവിധാനംചെയ്യുന്ന തഗ് ലൈഫ് എന്നീ ചിത്രങ്ങളേക്കുറിച്ചും കമൽഹാസൻ പറഞ്ഞു. തഗ് ലൈഫിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നും കൽക്കിയിലേത് അതിഥി വേഷമാണെന്നും താരം വ്യക്തമാക്കി.
1996-ൽ ഷങ്കറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഇന്ത്യൻ എന്ന ചിത്രത്തിന്റെ തുടർച്ചയായാണ് ഇന്ത്യൻ 2, ഇന്ത്യൻ 3 എന്നീ ചിത്രങ്ങൾ ഒരുങ്ങുന്നത്. സേനാപതി എന്ന കഥാപാത്രമായാണ് കമൽഹാസൻ എത്തുന്നത്. ചിത്രത്തിന്റെ ഒരു ഗ്ലിംപ്സ് വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. എസ്.ജെ. സൂര്യ, സിദ്ധാർത്ഥ്, കാജൽ അഗർവാൾ, പ്രിയാ ഭവാനി ശങ്കർ, രാകുൽപ്രീത് എന്നിവരാണ് ഇന്ത്യൻ 2-ലെ മറ്റ് അഭിനേതാക്കൾ.