ദിസ്പൂർ: ഭാര്യക്ക് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് അസമിലെ മുതിർന്ന കോൺഗ്രസ് എം.എൽ.എ പാർട്ടി വിട്ടു. ലഖിംപൂർ ജില്ലയിലെ നൗബോയിച്ച എം.എൽ.എ ഭരത് ചന്ദ്ര നാരഹ് ആണ് രാജി പ്രഖ്യാപിച്ചത്. ലഖിംപൂർ ലോക്സഭ സീറ്റിൽ ഉദയ് ശങ്കർ ഹസാരികയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാജി.
ഭാര്യയും മൂന്ന് തവണ എം.പിയും മുൻ കേന്ദ്ര മന്ത്രിയുമായ റാണി നാരഹിന് സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഭരത്ചന്ദ്ര നാരഹ്. എന്നാൽ, കഴിഞ്ഞ ഡിസംബറിൽ ബി.ജെ.പി വിട്ടെത്തിയ ഹസാരികക്ക് സീറ്റ് നൽകിയതാണ് ആറു തവണ എം.എൽ.എയും ഒരു തവണ മന്ത്രിയുമായ ഭരത് ചന്ദ്ര നാരഹിനെ പ്രകോപിപ്പിച്ചത്.
‘ഇന്ത്യൻ നാഷനൽ കോൺഗ്രസിൽനിന്ന് ഉടൻ പ്രാബല്യത്തോടെ ഞാൻ രാജിവെക്കുന്നു’ എന്നാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലിൻകാർജുൻ ഖാർഗെക്ക് അയച്ച കത്തിൽ അദ്ദേഹം കുറിച്ചത്. അസം കോൺഗ്രസ് മീഡിയ സെൽ ചെയർമാൻ പദവി കഴിഞ്ഞ ദിവസം ഒഴിഞ്ഞിരുന്നു.