ന്യൂഡൽഹി: ഭരണഘടനയിൽ മാറ്റംവരുത്തുമെന്ന വിവാദ പ്രസ്താവന നടത്തിയ കർണാടകയിലെ എംപിക്ക് സീറ്റ് നിഷേധിച്ച് ബി.ജെ.പി. ഉത്തര കന്നഡയിൽനിന്ന് ആറ് തവണ എംപിയായ അനന്ത്കുമാർ ഹെഗ്‌ഡെയ്ക്ക് ആണ് ഇത്തവ സീറ്റ് നിഷേധിച്ചത്. അടുത്തിടെ അനന്ത്കുമാർ ഹെഗ്ഡെ നടത്തിയ വിവാദ പ്രസ്താവനകൾ പാർട്ടിക്ക് ക്ഷീണമുണ്ടാക്കിയതാണ് സീറ്റ് നിഷേധിക്കപ്പെടാൻ കാരണമെന്നാണ് റിപ്പോർട്ട്.
വിവാദ പരാമർശങ്ങളുടെ പേരിൽ കുപ്രസിദ്ധനാണ് അനന്ത്കുമാർ ഹെഗ്ഡെ. അടുത്തിടെ ഭരണഘടനയിൽ ഭേദഗതി നടത്തണമെന്ന അദ്ദേഹത്തിന്റെ പരാമർശം വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ബിജെപിക്ക് രണ്ടുസഭകളിലും നാനൂറിലധികം സീറ്റുണ്ടാകേണ്ടത് അനിവാര്യമാണെന്നും എങ്കിൽ മാത്രമേ ഭരണഘടനയിൽ ഭേദഗതി വരുത്താൻ സാധിക്കൂ എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഹിന്ദുമതത്തെ അടിച്ചമർത്തുന്നതിനായി ഭരണഘടന നേരത്തേ ഭേദഗതി ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അനന്ത്കുമാറിന്റെ പ്രസ്താവനയെക്കെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായാണ് പ്രതിഷേധം ഉയർത്തിയത്. പ്രസ്താവന വിവാദമായതോടെ അനന്ത്കുമാറിന്റേത് തികച്ചും വ്യക്തിപരമായ നിലപാടാണെന്ന് ബിജെപി പ്രതികരിച്ചു.
കർണാടക നിയമസഭാ സ്പീക്കറും സംസ്ഥാന മന്ത്രിയുമായിരുന്ന വിശ്വേശ്വർ ഹെഗ്‌ഡെ കഗേരി ഹെഗ്‌ഡെക്ക് പകരം മണ്ഡലത്തിൽനിന്ന് ജനവിധി തേടും. വിദ്വേഷ പ്രസംഗങ്ങളും വിവാദ പരാമർശങ്ങളും നടത്തി കുപ്രസിദ്ധി നേടിയ നേതാക്കളെ ഒഴിവാക്കിയുള്ള സ്ഥാനാർഥി പട്ടികയാണ് ബി.ജെ.പി. ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിൽ അവതരിപ്പിച്ചത്.
ഹെഗ്‌ഡെയ്ക്ക് പുറമേ പ്രഗ്യാ സിംഗ് താക്കൂര്‍, ഡല്‍ഹിയില്‍ നിന്നുള്ള എം.പിമാരായ രമേശ് ബിദൂരി, പര്‍വേശ് സാഹിബ് വര്‍മ്മ എന്നിവര്‍ക്കും ഇത്തവണ സീറ്റില്ല. വിവാദ പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് പാര്‍ട്ടി നേതാക്കള്‍ക്ക് പ്രധാനമന്ത്രി നേരത്തെ താക്കീത് നല്‍കിയിരുന്നതാണെന്നും അത് ലംഘിച്ചവര്‍ക്ക് സീറ്റ് നിഷേധിക്കുന്നത് പൊതുസമൂഹത്തിനുള്ള സന്ദേശമാണെന്നും ബിജെപി പറയുന്നു.